വെളിച്ചെണ്ണ വില കുതിക്കുന്നു

വെളിച്ചെണ്ണ വില കുതിക്കുന്നു

ഗായത്രി
കോട്ടയം: വെളിച്ചെണ്ണ വില റെക്കാഡും തകര്‍ത്ത് മുന്നേറുന്നു. പച്ചത്തേങ്ങാ ക്ഷാമം മൂലം മാസങ്ങളായി വെളിച്ചെണ്ണ വില കുതിച്ചുയരുകയാണ്. ചില്ലറ വിപണിയില്‍ ലിറ്ററിനു വില 200 രൂപ കടന്നു. ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് 250 രൂപവരെ കൊടുക്കണം.
ഇതേസമയം, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഒരു പായ്ക്കറ്റ് ശബരി വെളിച്ചെണ്ണക്ക് 90 രൂപ മാത്രമാണ് വില. എന്നാല്‍, ആവശ്യത്തിന് ശബരി വെളിച്ചെണ്ണ സപ്ലൈകോയില്‍ എത്തിച്ച്, പൊതുവിപണി വില പിടിച്ചു നിറുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മാസാവനമായിട്ടും മിക്ക ഔട്ട്‌ലൈറ്റുകളിലും ശബരി വെളിച്ചെണ്ണ എത്തിയിട്ടില്ല. ലഭിക്കുന്ന ശബരി വെളിച്ചെണ്ണ ജീവനക്കാര്‍ തിരിമറി നടത്തി മറിച്ചുവില്ക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ കമ്പ്യൂട്ടറിലുണ്ട്. ഇത് എടുത്ത് വെളിച്ചെണ്ണ വിതരണം ചെയ്തതായി കണക്കില്‍ കാണിച്ച് പൊതു വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്നാണ് പരാതി.
കഴിഞ്ഞ ഏതാനും നാളുകളായി കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 19,000 രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ ശരാശരി വിലയായ 13,000 14,000 രൂപ നിരക്കില്‍ നിന്നാണ് ഈ കുതിപ്പ്.

Post Your Comments Here ( Click here for malayalam )
Press Esc to close