കെട്ടിട നികുതി നല്‍കുന്നവരില്‍നിന്ന് ഇനി ഫയര്‍ ടാക്‌സും പിരിക്കും

കെട്ടിട നികുതി നല്‍കുന്നവരില്‍നിന്ന് ഇനി ഫയര്‍ ടാക്‌സും പിരിക്കും

ഗായത്രി
തിരു: ഫയര്‍ സര്‍വീസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കെട്ടിട നികുതി നല്‍കുന്നവരില്‍നിന്ന് ഫയര്‍ ടാക്‌സ് പിരിക്കാന്‍ നിര്‍ദേശം. പുതിയ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വിസസ് ബില്ലിലാണ് അഗ്‌നിശമന സേനയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരില്‍നിന്ന് കെട്ടിടനികുതിയുടെ മൂന്നുശതമാനത്തില്‍ കുറയാത്ത തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീ നികുതിയായി പിരിക്കണമെന്ന നിര്‍ദേശമുള്ളത്. നിലവില്‍ കെട്ടിടനിര്‍മാണത്തിന് അഗ്‌നിശമനസേന വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമില്ലാത്തവക്ക് നികുതി നല്‍കേണ്ടതില്ല. ഇതുസംബന്ധിച്ച കരട് ബില്ല് അഗ്‌നിശമനസേന മേധാവി ടോമിന്‍ ജെ. തച്ചങ്കരി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസിന് കൈമാറി. നിയമവകുപ്പിന്റെ അംഗീകാരത്തോടുകൂടി ജനുവരിയില്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
തീപിടിത്തമുണ്ടായാല്‍ സേനയുടെ പ്രവര്‍ത്തനങ്ങളെല്ലാം സൗജന്യമായിരിക്കും. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള വെള്ളം, വാഹനം തുടങ്ങിയവ തീപിടിത്തമുണ്ടായാല്‍ അഗ്‌നിശമന സേനക്ക് ഉപയോഗിക്കാം. ജല അതോറിറ്റിയും കോര്‍പറേഷനും ഇവ സൗജന്യമായി നല്‍കാനും നിയമം മൂലം വ്യവസ്ഥ ചെയ്യും. ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ് രണ്ടുവര്‍ഷമാക്കി മാറ്റിയിട്ടുണ്ട്. 100 മുറിയില്‍ കൂടുതലുള്ള ഹോട്ടലുകള്‍, 1000 പേരില്‍ കൂടുതല്‍ ഇരിക്കാന്‍ കഴിയുന്ന സിനിമ തിയറ്ററുകള്‍, 50 മീറ്ററിലേറെ ഉയരമുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവക്ക് ഒരു അഗ്‌നി ശമന ഉദ്യോഗസ്ഥനെ സ്ഥിരമായി കെട്ടിട ഉടമതന്നെ നിയോഗിക്കണം. തീ തടയല്‍ സംഘം രൂപവത്കരിക്കണമെന്ന ശുപാര്‍ശയും ബില്ലിലുണ്ട്. കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിശമനസേനയില്‍നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീ തടയല്‍ സംഘം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. തീപിടുത്തമോ ദുരന്തമോ ഉണ്ടായെന്ന വ്യാജസന്ദേശം നല്‍കുന്നവര്‍ക്കെതിരെ മൂന്നുമാസം തടവും 10,000 രൂപ പിഴയും ബില്‍ നിര്‍ദേശിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close