സാമ്പത്തിക പ്രസിസന്ധി രൂക്ഷം

സാമ്പത്തിക പ്രസിസന്ധി രൂക്ഷം

ഗായത്രി
കൊച്ചി: സംസ്ഥാനത്തു സാമ്പത്തികപ്രതിസന്ധി രൂക്ഷം. അടുത്തമാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാതായതോടെ ട്രഷറി നിയന്ത്രണം കര്‍ശനമാക്കി. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിച്ച പ്രോവിഡന്റ് ഫണ്ട് പോലും നല്‍കേണ്ടതില്ലെന്നു ധനവകുപ്പിന്റെ നിര്‍ദേശം.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ ഇന്നു സമര്‍പ്പിക്കണമെന്നിരിക്കേ, അതു കൈകാര്യം ചെയ്യുന്ന സ്പാര്‍ക് സോഫ്റ്റ്‌വേറിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലായി. ക്രിസ്മസിന് ഇക്കുറിയും മുന്‍കൂര്‍ശമ്പളം ഉണ്ടാവില്ലെന്നാണു ധനവകുപ്പ് നല്‍കുന്ന സൂചന. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പദ്ധതി ഫണ്ടു കള്‍ക്കു നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ അതു നിക്ഷേപം പിന്‍വലിക്കുന്നതിന് ഉള്‍പ്പെടെ ബാധകമാക്കി. ജീവനക്കാരുടെ പി.എഫ്, സറണ്ടര്‍ വിഹിതങ്ങളൊന്നും തല്‍ കാലം നല്‍കേണ്ടതില്ലെന്നാണു ട്രഷറികള്‍ക്കു ധനവകുപ്പ് ഇന്നലെ നല്‍കിയ നിര്‍ദേശം. ഇതോടെ ഇടപാടുകാര്‍ നിരാശരായി മടങ്ങി. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഒരു ബില്ലും പാസാക്കേണ്ടെന്നും നിക്ഷേപം പരമാവധി സ്വീകരിക്കാനുമാണു നിര്‍ദേശം.
ഈവര്‍ഷമെങ്കിലും ക്രിസ്മസിനു മുന്‍കൂര്‍ശമ്പളം പുനരാരംഭിക്കണമെന്ന ധനമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകും. രണ്ടുമാസത്തെ ശമ്പളത്തിനും പെന്‍ഷനും മറ്റു ക്ഷേമ പെന്‍ഷനുകള്‍ക്കുമായി 8,500 കോടി രൂപ വേണ്ടിവരും. വിപണിയില്‍നിന്നു പരമാവധി വായ്പ എടുത്തുകഴിഞ്ഞു.
കഴിഞ്ഞ ഓണക്കാലത്തുമാത്രം 8,500 കോടി രൂപയാണു വായ്പയെടുത്തത്. ആകെ 21,227.95 കോടി രൂപയാണു (കടപ്പത്രം ഉള്‍പ്പെടെ) വായ്പയെടുക്കാന്‍ അനുമതി. അതില്‍ 14,400 കോടി എടുത്തുകഴിഞ്ഞു. അടുത്തമാസം വായ്പയെടുക്കാന്‍ പരിമിതിയുള്ള സാഹചര്യത്തില്‍ മറ്റ് ഇടപാടുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. ഈമാസത്തെ ശമ്പളത്തിനു മാത്രം 5,500 കോടി രൂപ വേണം.
അതിനുള്ള എല്ലാ മാര്‍ഗവും അടഞ്ഞനിലയിലാണു സര്‍ക്കാര്‍. കെ.എസ്.എഫ്.ഇയില്‍നിന്ന് എടുത്ത പണം ചെലവായി. മറ്റു പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നു വായ്പക്കു ശ്രമിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് നിയന്ത്രണമുള്ളതിനാല്‍ സഹകരണ ബാങ്കുകളില്‍നിന്നു വായ്പയെടുക്കാനാവില്ല. ബിവറേജസ് കോര്‍പറേഷനില്‍ മാത്രമാണ് ആകെയുള്ള പ്രതീക്ഷ.
ജി.എസ്.ടി. വന്നതോടെ നികുതി വരുമാനത്തിലുണ്ടായ ഇടിവാണു സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. സര്‍ക്കാരിന്റെ അനാവശ്യച്ചെലവുകളും അധികരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES