കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും

കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും

ഗായത്രി
കൊച്ചി: പ്രതിവര്‍ഷം 1000 കോടിയുടെ മരുന്ന് ഉല്‍പാദനം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കുന്നു. അമ്പലമുകളില്‍ ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍ദിഷ്ട പെട്രോകെമിക്കല്‍ പാര്‍ക്കിനോട് ചേര്‍ന്ന് ഫാര്‍മ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ അവശ്യ മരുന്ന് വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് പ്രതിവര്‍ഷം 6000, 8000 കോടിയുടെ മരുന്ന് വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, പൊതുമേഖലയിലുള്ള ഏക മരുന്ന് നിര്‍മാണ കമ്പനിയായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ പ്രതിവര്‍ഷം 40 കോടിയോളം രൂപയുടെ മരുന്നേ നിര്‍മിക്കുന്നുള്ളൂ. ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ഭൂരിഭാഗം മരുന്നുകള്‍ക്കും അമിത വില നല്‍കേണ്ടിവരുന്നു. തദ്ദേശീയമായി ഉല്‍പാദിപ്പിച്ചാല്‍ ഗുണമേന്മയുള്ള മരുന്ന് കുറഞ്ഞവിലക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
മരുന്ന് നിര്‍മാണത്തിന് നാലു ഫാക്ടറികളാകും പാര്‍ക്കിലുണ്ടാവുക. കിഫ്ബിയില്‍നിന്നാണ് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നത്. കേരള ജനറിക് എന്ന പേരിലാകും വിപണിയിലിറക്കുക. ഇതോടൊപ്പം പ്രതിവര്‍ഷം 150 കോടിയുടെ മരുന്ന് ഉല്‍പാദിപ്പിക്കാവുന്ന വിധം കെ.എസ്.ഡി.പിയുടെ ശേഷി ഉയര്‍ത്താനും പദ്ധതിയുണ്ട്. പെട്രോകെമിക്കല്‍ ഉപോല്‍പന്നങ്ങള്‍ മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പെട്രോകെമിക്കല്‍ പാര്‍ക്കിന് സമീപത്തെ സ്ഥലം തെരഞ്ഞെടുത്തത്. ഫാക്ടില്‍നിന്ന് ഏറ്റെടുക്കുന്ന 600 ഏക്കറില്‍ 450 ഏക്കറില്‍ പെട്രോകെമിക്കല്‍ പാര്‍ക്കും 150 ഏക്കറില്‍ ഫാര്‍മ പാര്‍ക്കും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close