Month: December 2021

രണ്ട് വര്‍ഷത്തിനകം മലബാര്‍ സിമന്റ്‌സ് ഉല്‍പാദനം ഇരട്ടിയാക്കും: മന്ത്രി

ഗായത്രി-
പാലക്കാട്: മലബാര്‍ സിമന്റ്‌സില്‍ രണ്ടു വര്‍ഷംകൊണ്ട് ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്നും ഇതിനായി പുതിയ ഗ്രൈന്റിങ് യൂണിറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി പി രാജീവ്. 6 ലക്ഷം ടണ്‍ ഉല്‍പാദനം 12 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും.

സംസ്ഥാനത്ത് ആവശ്യമുള്ള സിമന്റിന്റെ 25 ശതമാനമെങ്കിലും ഇവിടെ ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി പോര്‍ട് ട്രസ്റ്റിലെ ഭൂമിയില്‍ പുതിയ ബ്ലെന്‍ഡിങ് യൂണിറ്റും മട്ടന്നൂര്‍ കിന്‍ഫ്ര ഭൂമിയില്‍ ഗ്രൈന്‍ഡിങ് യൂണിറ്റും ആരംഭിക്കും. സര്‍ക്കാരിന്റെ കൈവശമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ ആരംഭിക്കും. ഈ യൂണിറ്റുകള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുവായ ക്ലിങ്കര്‍ ഇറക്കുമതി ചെയ്യും.

മലബാര്‍ സിമന്റ്‌സില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ അവലോകന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്‍ഐസി ഐപിഒ ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരി വില്‍പന (ഐപിഒ) ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ തന്നെ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഈ സാമ്പത്തികവര്‍ഷത്തില്‍ ഐപിഒ ഉണ്ടാകില്ലെന്ന മാധ്യമവാര്‍ത്തകളോടാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി പ്രതികരണം നടത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്കാണ് എല്‍ഐസി ഒരുങ്ങുന്നത്. ഇതിന്റെ നടത്തിപ്പിനായി 10 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുമുണ്ട്.

മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ ഇനി ഓണ്‍ലൈനില്‍

ഗായത്രി-
തിരു: മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ക്കായി ഇനി വാഹന ഉടമകള്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ ഓണ്‍ലൈനിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ഓട്ടോറിക്ഷ, ടാക്‌സി, കോണ്‍ട്രാക്റ്റ് കാരേജ്, ചരക്ക് വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങള്‍ തുടങ്ങിയ പെര്‍മിറ്റുകളെല്ലാം ഓണ്‍ലൈനില്‍ തന്നെ പുതുക്കാം.

നിലവിലെ പെര്‍മിറ്റ് കാലാവധി തീരുംമുമ്പ് https://parivahan.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കാം.
ഇതോടൊപ്പം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അപ്ലോഡ് ചെയ്യണം. വായ്പയുള്ള വാഹനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള നിരാക്ഷേപ പത്രവും ഇതോടൊപ്പം ഉള്‍ക്കൊള്ളിക്കണം. മാത്രമല്ല പോസ്റ്റല്‍ ചാര്‍ജും ആവശ്യമില്ല.

ഡിസംബര്‍ 24 മുതല്‍ ഈ പുതിയ സംവിധാനം നിലവില്‍വരും. രേഖകളില്‍ ക്രമക്കേടുണ്ടെങ്കില്‍ മാത്രമേ അപേക്ഷ നിരസിക്കാന്‍ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സേവനങ്ങളും 24 മുതല്‍ നിലവില്‍വരും.

വാഹന ഉടമസ്ഥാവകാശ കൈമാറ്റം, ഉടമയുടെ വിലാസം മാറ്റല്‍, എന്‍.ഒ.സി., ഡ്യൂപ്ലിക്കേറ്റ് ആര്‍.സി., ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍ ഉള്‍ക്കൊള്ളിക്കല്‍ എന്നിവയെല്ലാം ഓണ്‍ലൈനിലൂടെ തന്നെ ചെയ്യാനാകും.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ ‘ആധാര്‍ ഓതന്റിക്കേഷന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തുകൊണ്ടുവേണം ചെയ്യാന്‍.

വാഹന്‍ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതേ നമ്പര്‍ തന്നെയാണോ ആധാറിലുള്ളതെന്ന് ഉറപ്പുവരുത്തണം.
നമ്പറുകള്‍ വ്യത്യസ്തമാണെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. ആധാര്‍ അടിസ്ഥാനമാക്കി അപേക്ഷ നല്‍കുന്നവര്‍ പഴയ ആര്‍.സി. ഓഫീസില്‍ സമര്‍പ്പിക്കേണ്ടതില്ല. വാഹനം വാങ്ങുന്നയാള്‍ക്ക് കൈമാറവുന്നതാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ക്ക് പണികിട്ടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇനുചക്രവാഹന വിപണിയിലെ രാജകീയ വാഹനമോഡലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350.
ബുള്ളറ്റ് എന്നറിയപ്പെടുന്ന ഈ വാഹനം വിപണിയില്‍ ഒരു തരംഗമായിരുന്നു ഈ മോഡല്‍. അടുത്തിടെ തലമുറ മാറ്റവും ലഭിച്ചതോടെ പോരായ്മകളെല്ലാം കമ്പനി പരിഹരിക്കുകയും ചെയ്തിരുന്നതായാണ് നിര്‍മ്മാതകള്‍ അറിയിച്ചത്.

എന്നാല്‍ ഈ പുതുതലമുറ (2021) റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിച്ച കമ്പനി ദിവസങ്ങള്‍ക്ക് ശേഷം ക്ലാസിക് 350 മോഡലുകളെ തിരികെ വിളിച്ചിരിക്കുകയാണ്.

ഈ വര്‍ഷം സെപ്റ്റംബറിനും ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച 26,300 മോട്ടോര്‍സൈക്കിളെ ബാധിച്ച ചില സാങ്കേതിക തകരാറിനാലാണ് കമ്പനിഈ നടപടി എടുത്തിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് പറയുന്നതനുസരിച്ച് മോട്ടോര്‍സൈക്കിളിന്റെ സ്വിംഗ് ആര്‍മില്‍ ഘടിപ്പിച്ചിരിക്കുന്ന ബ്രേക്ക് റിയാക്ഷന്‍ ബ്രാക്കറ്റ്, പ്രത്യേകമായി 2021 സിംഗിള്‍ ചാനല്‍ ABS ലും റിയര്‍ ഡ്രം ബ്രേക്ക് ക്ലാസിക് 350 മോട്ടോര്‍സൈക്കിളുകളിലും ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലൊന്നിലാണ് തകരാറ് സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

വണ്‍പ്ലസ് 10 പ്രോ ജനുവരിയില്‍ എത്തും

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ വണ്‍പ്ലസ് 10 പ്രോ ജനുവരിയില്‍ വിപണിയിലെത്തും.

ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ വെയ്‌ബോയില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലൂടെയാണ് വണ്‍പ്ലസിന്റെ സഹസ്ഥാപകനായ പീറ്റ് ലോ ഈ വാര്‍ത്ത പുറത്തുവിട്ടത്.

വണ്‍പ്ലസ് 9 പ്രോയുടെ പിന്‍ഗാമിയായിട്ടാവും 10 പ്രോ വിപണിയിലെത്തുക. ക്വാല്‍ കോമിന്റെ ഏറ്റവും പുതിയ പ്രോസസറായ സ്‌നാപ് ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസ്സറിന്റെ കരുത്തോടെയാകും വണ്‍പ്ലസ് 10 പ്രോ പുറത്തിറക്കുക, എന്നാണ് വാര്‍ത്തകള്‍.
വണ്‍പ്ലസ് 10 പ്രോ കൂടാതെ വണ്‍പ്ലസ് 10 മോഡലും വിപണിയില്‍ എത്തുമെന്നാണ് അറിയുന്നത്.

വണ്‍പ്ലസ് 10 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍:
ചതുരാകൃതിയിലുള്ള പിന്‍ ക്യാമറകളാകും ഫോണിലുണ്ടാവുക. സൂം സംവിധാനത്തോട് കൂടിയ 48 മെഗാപിക്‌സലിന്റെ പ്രൈമറി ലെന്‍സ് ക്യാമറയാകും ഉണ്ടാകുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോഡ് കൂടിയ 6.7 ഇഞ്ച് ക്യുഎച്ഡി+ ഡിസ്‌പ്ലേയും, 12 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എല്‍പിഡിഡിആര്‍ 5 റാം, 256 ജിബി സ്‌റ്റോറേജ് വരെ സപ്പോര്‍ട്ട് ചെയുന്ന യുഎഫ്എസ് 3.1, ഫാസ്റ്റ് ചാര്‍ജിങ് ഉള്ള 5000 mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകള്‍.

ഈ ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 12 ഉം വണ്‍പ്ലസിന്റെ തനത് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്‌സിജന്‍ ഓഎസ് 12 ഉം ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ജനുവരി 5 ന് ലാസ് വെഗാസില്‍ നടക്കുന്ന CES 2022ല്‍ വണ്‍പ്ലസ് 10 സീരീസ് ലോഞ്ച് ചെയ്യാന്‍ ആസൂത്രണം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ ഒരു തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല.

‘ജിബൂട്ടി’ ഡിസംബര്‍ 31 ന് തിയെറ്ററുകളിലെത്തും

കൊച്ചി: അമിത് ചക്കാലക്കല്‍ നായകനാകനാക്കി ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കിക്കൊണ്ട്, എസ്. ജെ. സിനുവിന്റെ സംവിധാനം ചെയ്ത ചിത്രം ‘ജിബൂട്ടി’ ഡിസംബര്‍ 31 ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളില്‍ റിലീസ് ചെയ്യും. ഗുഡ്‌വില്‍ എന്റര്‍ടേയിന്‍മെന്റ്‌സാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി. സാമാണ് ‘ജിബൂട്ടി’ നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകളാണ് ചിത്രീകരിച്ചിരുന്നത്. കൂടാതെ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു.

തിരക്കഥ, സംഭാഷണം- അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം- സംജിത് മുഹമ്മദ്, ഛായാഗ്രഹണം- ടി.ഡി. ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- തോമസ് പി.മാത്യു, ആര്‍ട്ട്- സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം- ശരണ്യ ജീബു, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, സ്റ്റണ്ട്‌സ്- വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ്- മനു ഡാവന്‍സി.

വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്.

പിറന്നാള്‍ ദിനത്തില്‍ ഐഷ സുല്‍ത്താന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.’124(A)’

പി.ആര്‍.സുമേരന്‍-

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായിക ഐഷ സുല്‍ത്താന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു.

സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി ലോകശ്രദ്ധയാകര്‍ഷിച്ച യുവ സംവിധായികയും മോഡലുമാണ് ഐഷ സുല്‍ത്താന. പിറന്നാള്‍ ദിനത്തില്‍ പ്രമുഖ സംവിധായകന്‍ ലാല്‍ ജോസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്.

‘ആയിഷ സുല്‍ത്താന എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ആയിഷയുടെ പുതിയ സിനിമയാണ് 124 (A). ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണര്‍ത്തുന്നതാണ്.
രാജ്യം റിപ്പബ്ലിക്കായപ്പോള്‍ മുതല്‍ ഈ വകുപ്പിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ആയിഷയുടെ പടം തുടര്‍ ചര്‍ച്ചകള്‍ക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റര്‍ പ്രകാശിപ്പിക്കുന്നു.’ ലാല്‍ ജോസ് എഴുതി.

സിനിമയുടെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ വര്‍ത്തമാനകാല സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ ചിത്രം.

‘കുറുപ്പ്’ സിനിമയിലൂടെ ശ്രദ്ധേയരായ ക്യാമറമാന്‍ നിമിഷ് രവി, ആര്‍ട്ട് ജയറക്ടര്‍ബംഗ്ലാന്‍ തുടങ്ങി ഏറെ പ്രശസ്തരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്. കൊച്ചിയിലും പരിസരപ്രദേശങ്ങളുമായി ഒറ്റ ഷെഡ്യൂളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കും.

രചന, സംവിധാനം നിര്‍മ്മാണം- ഐഷ സുല്‍ത്താന, ക്യാമറ- നിമിഷ് രവി, സംഗീതം- വില്ല്യം ഫ്രാന്‍സിസ്, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട്- ബംഗ്ലാന്‍, കോസ്റ്റ്യൂം സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ്- ആര്‍ ജെ വയനാട്, ഡയറക്ടര്‍ ഓഫ് ഓഡിയോഗ്രഫി- രഞ്ജുരാജ് മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍- പ്രശാന്ത് റ്റി പി, യാസര്‍ അറാഫത്ത് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി കുട്ടമ്പുഴ, പ്രൊജക്റ്റ് ഡിസൈനര്‍- നാദി ബക്കര്‍, പ്രണവ് പ്രശാന്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്, സ്റ്റില്‍- രാജേഷ് നടരാജന്‍, പി.ആര്‍.ഒ.- പി.ആര്‍.സുമേരന്‍, ഡിസൈനര്‍-ഹസീം മുഹമ്മദ്.

ഐഷ സുല്‍ത്താന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കിട്ട് പുറത്തുവിട്ട ഫെയ്‌സ് ബുക്ക് സന്ദേശം ചുവടെ…

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെപോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാല്‍ എല്ലാ വര്‍ഷവും പോലെയല്ല എനിക്കി വര്‍ഷം ?

ഞാനിന്ന് ഓര്‍ത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സ്വാതന്ത്ര്യം ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റു ചിട്ടയോടെ സ്‌കൂള്‍ യുണിഫോം ധരിച്ചു സ്‌കൂള്‍ മൈതാനത്തു ദേശിയ പതാക ഉഴര്‍ത്തുമ്പോള്‍ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ, ‘ഇന്ത്യ എന്റെ രാജ്യമാണ്, ഓരോ ഇന്ത്യകാരും എന്റെ സഹോദരി സഹോദരമ്മാരാണ്’ എന്ന് എല്ലാ ദിവസവും സ്‌കൂള്‍ അസംബ്ലിയില്‍ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകള്‍ വേണമെന്ന തീരുമാനത്തില്‍ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കില്‍ പെട്ട് സിനിമ ഫീല്‍ഡില്‍ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരമ്മാരെ വളര്‍ത്തുകയും ലക്ഷദ്വീപിലെ കലാകാരന്‍മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയില്‍ എഴുതിയ സ്‌ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു…

ആ ഞാനിന്നു ഈ വര്‍ഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലര്‍ എന്നെ മാറ്റിയിരിക്കുന്നു…
ഈ പിറന്നാള്‍ ദിവസം ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി

എന്റെ നേരാണ് എന്റെ തൊഴില്‍, വരും തലമുറയിലെ ഒരാള്‍ക്കും ഞാന്‍ അനുഭവിച്ചപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങളാ സത്യം അറിയണം…

ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാള്‍ ദിവസം 124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നു…

ഇതെന്റെ കഥയാണോ? അല്ലാ… പിന്നെ… ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും കഥയാണ്
We fall only to rise again…