Month: February 2018

മത്സ്യ വില്‍പ്പനക്ക് മൊബൈല്‍ ആപ്പ്

ഫിദ
കൊച്ചി: ചൂഷണങ്ങള്‍ ഒഴിവാക്കി മികച്ച വിലയില്‍ മത്സ്യം വില്‍ക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ഓണ്‍ലൈന്‍ അവസരമൊരുക്കുന്നു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഇടനിലക്കാരെ ആശ്രയിക്കാതെ കച്ചവടം ചെയ്യാന്‍ സാധിക്കുമെന്നതാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ആപ്പ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
ഇതിന് പുറമെ മറൈന്‍ ഫിഷ് എന്ന മൊബൈല്‍ ആപ്പും വെബ്‌സൈറ്റും വഴി മീന്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. കൃഷി ചെയ്യുന്ന മത്സ്യങ്ങള്‍ക്ക് പുറമെ കടല്‍ മത്സ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങളും ലഭ്യമാണ്.
ആദ്യ ഘട്ടം എന്ന നിലയില്‍ പണം കയ്യില്‍ നല്‍കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാല്‍, വരുന്ന ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആക്കാനും പദ്ധതിയുണ്ട്. എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പദ്ധതിക്ക് തുടക്കമാകും. ലാഭത്തിന്റെ വിഹിതം സ്വയംസഹായക സംഘങ്ങള്‍ക്കിടെ പങ്കുവെക്കാം.
ഈ വെബ്‌സൈറ്റ് മുഖാന്തരം വ്യാപാരം നടത്താന്‍ താത്പര്യമുള്ള മത്സ്യതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സ്വയം സഹായക സംഘങ്ങള്‍ രൂപീകരിച്ച് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ഏകീകൃത ജി.എസ്.ടി നിരക്ക് പ്രായോഗികമല്ല: അരുണ്‍ ജെയ്റ്റ്‌ലി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത ജി.എസ്.ടി നിരക്ക് നടപ്പാക്കുകയെന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതേസമയം, നികുതി നിരക്കുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം കൂടുതല്‍ നികുതി ഒതുക്കമുള്ള സമൂഹമാവുന്ന മുറക്ക് നികുതി പരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടത്തിന് തുടക്കം കുറിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 17 തരം നികുതികളും 23 ഇനം സെസുകളും നിലനിന്നിരുന്നത് ഒഴിവാക്കി ജി.എസ്.ടിക്ക് കീഴിലേക്ക് കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും ഏകീകൃത നിരക്കിലാക്കുക സാധ്യമല്ലെന്ന് ധനമന്ത്രി പറഞ്ഞു.

പരോളില്‍ നായകനായി മമ്മൂട്ടി

ഗായത്രി
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോള്‍ തിയറ്ററുകളിലേക്ക്. മാര്‍ച്ച് 31ന് ചിത്രം തിയറ്ററുകളിലെത്തും. പരോളില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി നേതാവായ അലക്‌സ് എന്ന ശക്തമായ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇനിയയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ.
ബാഹുബലി ഫെയിം കാലകേയ പ്രഭാകരനും പരോളില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്. ലാലു അലക്‌സ്, സിദ്ദീഖ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണ കുമാര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, സിജോയി വര്‍ഗീസ്, മുത്തുമണി എന്നിവരാണ് മറ്റു താരങ്ങള്‍. ശരത് സംഗീതം ഒരുക്കുന്നു.
ബംഗളൂരുവും തൊടുപുഴയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

പ്രൗഢിയോടെ അമേരിക്കന്‍ ഡയമണ്ട്‌സ്

രാംനാഥ് ചാവ്‌ല
അമേരിക്കന്‍ ഡയമണ്ട്‌സ് വീണ്ടും ട്രന്‍ഡിയാവുന്നു. ലാളിത്യം ഇഷ്ടപ്പെടുന്നവരെയും ആഡംബരപ്രിയരെയും ഒരേസമയം തൃപ്തിപ്പെടുത്താന്‍ ഈ ആഭരണത്തിന് കഴിയും. പേരിലെ പ്രൗഢിയും ആഭരണത്തിനുമുണ്ട്.
വിവാഹസല്‍ക്കാരങ്ങളിലും മറ്റും സ്റ്റാറായി തിളങ്ങാന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് അമേരിക്കന്‍ ഡയമണ്ട്‌സ് വിപണികളില്‍ എത്തിയിട്ട് ഏറെക്കാലമായില്ല. നെക്ക്‌ലേസ്, വള, കമ്മല്‍, മോതിരം, തുടങ്ങി എല്ലാത്തരം ആഭരണങ്ങളും ഈ കൃത്രിമവജ്രശോഭയില്‍ രംഗത്തെത്തിക്കഴിഞ്ഞു.
ഈ ഡയമണ്ട്‌സിലെ കല്ലുകളുടെ വലിപ്പക്കുറവിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. അവസരങ്ങള്‍ക്കനുസരിച്ച് അണിഞ്ഞൊരുങ്ങുന്നതിനായി ലളിതവും ആര്‍ഭാടമേറിയതുമായ ഈ ആഭരണങ്ങളെ തേടിയാണ് പെണ്‍കുട്ടികള്‍ കടകളിലെത്തുന്നത്.

മെഡിക്കല്‍ എന്‍ആര്‍ഐ ക്വാട്ട ഫീസ് 20 ലക്ഷം രൂപയാക്കി നിശ്ചയിച്ചു

ഫിദ
തിരു: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ ക്വാട്ട ഫീസ് 20 ലക്ഷം രൂപയാക്കി നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ അധ്യയന വര്‍ഷ(2017 18)വും അടുത്ത അധ്യയന വര്‍ഷവും (2018 19) 20 ലക്ഷം രൂപയായിരിക്കും എന്‍.ആര്‍.ഐ ഫീസ്. ഇതില്‍ അഞ്ച് ലക്ഷം രൂപ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള കോര്‍പ്പസ് ഫണ്ടിലേക്ക് മാറ്റും.
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളായ അമല, ജൂബിലി, മലങ്കര, പുഷ്പഗിരി മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം എന്‍.ആര്‍.ഐ ഫീസ് 18 ലക്ഷവും അടുത്ത വര്‍ഷം 20 ലക്ഷം രൂപയുമായിരിക്കും. ഈ തുകയില്‍ നിന്നും അഞ്ച് ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിനുള്ള കോര്‍പ്പസ് ഫണ്ടിലേക്ക് മാറ്റും. ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്ക് വിധേയമായിട്ടാണ് ഫീസ് നിശ്ചയിച്ചത്. പരിയാരം ഒഴികെയുള്ള മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയം കഴിഞ്ഞ ദിവസം ഫീ റഗുലേറ്ററി കമ്മിറ്റി പൂര്‍ത്തിയാക്കിയിരുന്നു.

ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക്

അളക ഖാനം
ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി. ബര്‍ദുബായിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. അനുമതി പത്രം തയാറായിട്ടുണ്ടെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അത് കോണ്‍സുലേറ്റിലെത്തി വാങ്ങിയാലുടന്‍ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാകും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എംബാം ചെയ്യുന്നതടക്കമുള്ള നടപടികള്‍ മണിക്കൂറുകള്‍ക്കം പൂര്‍ത്തിയാകും. മൃതദേഹം ഇന്ന് തന്നെ മുംബൈയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന് മൃതദേഹത്തെ അനുഗമിക്കാന്‍ സാധിക്കുമോ എന്ന വിവരം വ്യക്തമല്ല. ശ്രീദേവിയുടെ ഫോറന്‍സിക് റിപ്പോട്ടും മരണകാരണങ്ങളും പരിശോധിക്കുന്നതിന് പുതിയ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ഡെത്ത് സര്‍ട്ടിഫിക്കല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ദുബൈ പോലീസ് ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴിയെടുക്കുകയും ചെയ്തു.

ആത്മാഭിമാനം കളയാന്‍ താല്‍പര്യമില്ല: ഗൗതമി

ഫിദ
കമലഹാസനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജീവിത പങ്കാളിയും നടിയുമായ ഗൗതമി. 13 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ കാരണം കമല്‍ തന്നെയായിരുന്നെന്ന് ഗൗതമി പറഞ്ഞു. പിരിഞ്ഞതിന് ശേഷം താനും കമലും തമ്മില്‍ ബന്ധമില്ല. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമിയുടെ പ്രതികരണം.
പരസ്പര ബഹുമാനവും ആത്മാര്‍ത്ഥതയും നിലനിറുത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലാത്തതുമാണ് കമലുമായി പിരിയാന്‍ കാരണം. സാമ്പത്തിക പ്രശ്‌നങ്ങളില്‍ കമല്‍ വ്യക്തമായ നിലപാട് എടുത്തിരുന്നില്ല. കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്ക് വേണ്ടി വസ്ത്രലാങ്കാരം നിര്‍വഹിച്ചു. മറ്റ് നിര്‍മാണ കമ്പനികള്‍ക്ക് വേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം അടക്കമുള്ള സിനിമകളില്‍ എന്റെ സേവനം വിട്ടുനല്‍കി. അതിനൊന്നും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ പ്രതിഫല കുടിശിക ആവശ്യപ്പെട്ടു. നിരാശയായിരുന്നു ഫലം. വലിയൊരു തുക ഇനിയും കിട്ടാനുണ്ട്. 2010ല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡയറക്ടറായി തന്നെ നിയമിച്ചിരുന്നു. ഇതിനുവേണ്ടി കുറേ ജോലികള്‍ ചെയ്തു. എന്നാല്‍, പദ്ധതി കമല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. ജോലി ചെയ്ത കാലയളവിലെ പ്രതിഫലവും കമല്‍ നല്‍കിയില്ല ഗൗതമി പറഞ്ഞു.
കമലിന്റെ മകള്‍ ശ്രുതി ഹാസനാണ് ബന്ധം തകരാനുള്ള കാരണമെന്ന വാര്‍ത്തകളും ഗൗതമി തള്ളി. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണെന്ന് ഗൗതമി ആണിയിട്ടു പറഞ്ഞു. ശ്രുതിക്കോ മൂന്നാമത് മറ്റൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ മൂകാംബികയില്‍

ഗായത്രി
കൊല്ലൂര്‍: നടന്‍ മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രത്തില്‍. ഇന്നു രാവിലെയാണ് ലാല്‍ മൂകാംബിക ദേവി സന്നിധിയിലെത്തിയത്.ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി അംഗം അഭിലാഷ് പി.വിയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജനാര്‍ദ്ദനനും മേല്‍ശാന്തി നരസിംഹ അഡിഗയും ചേര്‍ന്ന് സ്വീകരിച്ചു.
ലവില്‍ നീരാളി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ലാല്‍. അതിന് ശേഷം ശ്രീകുമാര്‍ മേനാന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനായി അദ്ദേഹം പാലക്കാട് എത്തും.

വൈദ്യുത വാഹനനിര്‍മാണ രംഗത്ത് 900 കോടിയുടെ നിക്ഷേപവുമായി മഹീന്ദ്ര

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: വൈദ്യുതവാഹനനിര്‍മാണ രംഗത്ത് 900 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിനോടകംതന്നെ വൈദ്യുക വാഹന നിര്‍മാണത്തിനായി 600 കോടി രൂപയുടെ മുതല്‍മുടക്ക് നടത്തിയിട്ടുണ്ടെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 900 കോടിയായി നിക്ഷേപം വര്‍ധിപ്പിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗൊനേക പറഞ്ഞു.
മഹാരാഷ്ട്രയില്‍ നടക്കുന്ന നിക്ഷേപകസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കമ്പനിക്ക് പ്രതിമാസം 400 യൂണിറ്റ് വാഹനങ്ങള്‍ വിപണിയിലിറക്കാനുള്ള ശേഷിയുണ്ടെന്നും അടുത്ത വര്‍ഷത്തോടെ ഉത്പാദനനിരക്ക് പ്രതിമാസം 4000 യൂണിറ്റ് എന്ന തോതിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ പ്രതിമാസം 300 യൂണിറ്റ് വാഹനങ്ങള്‍ക്കുള്ള ആവശ്യമേ വിപണിയിലുള്ളൂ.

വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: നാളികേരോത്പ്പന്നങ്ങള്‍ റിക്കാര്‍ഡ് പ്രകടനങ്ങള്‍ക്കു ശേഷം തിരുത്തലിനു ശ്രമം തുടങ്ങി. മൂന്നാഴ്ചയായി സ്‌റ്റെഡിയായി നീങ്ങിയ വെളിച്ചെണ്ണവില പിന്നിട്ടവാരം അല്പം താഴ്ന്നു. പുതിയ കൊപ്രവരവ് ഉയര്‍ന്നതും വിദേശ പാചകയെണ്ണയുടെ ഇറക്കുമതി വര്‍ധിച്ചതും നാളികേരോത്പാദകരുടെ കണക്കുകൂട്ടലുകളില്‍ തെറ്റിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ പച്ചത്തേങ്ങയുടെ ലഭ്യത ഉയരും.
തമിഴ്‌നാട്ടിലെ വന്‍കിട മില്ലുകള്‍ എണ്ണയുമായി വിപണികളിലെത്തിയിട്ടുണ്ട്. കൊപ്രയാട്ട് മില്ലുകള്‍ വില്‍പ്പനക്ക് സമ്മര്‍ദം ചെലുത്തിയാല്‍ അത് വിലയെ ബാധിക്കും. അതേസമയം, മാസാരംഭം അടുത്ത സാഹചര്യത്തില്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണക്കു ഡിമാന്‍ഡ് ഉയരും. കൊച്ചിയില്‍ എണ്ണവില 200 രൂപ കുറഞ്ഞ് 18,800 രൂപയായി. കൊപ്ര 12,780ല്‍നിന്ന് 12,650 രൂപയായി.
വിദേശ പാചകയെണ്ണ ഇറക്കുമതി ഏതാനും മാസങ്ങളായി ഉയര്‍ന്ന തലത്തിലാണ്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര മാര്‍ക്കറ്റില്‍ ടണ്ണിന് 788 ഡോളര്‍ വില രേഖപ്പെടുത്തിയ പാം ഓയില്‍ ഇപ്പോള്‍ 669 ഡോളറായി.