Month: February 2018

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ കേന്ദ്രം പുതിയ ബില്ല് കൊണ്ടു വരുന്നു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടു വരുന്നു. വന്‍ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുളള നിയമം ഇതിന്റെ ഭാഗമായി ഉണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 100 കോടിക്ക് മുകളില്‍ വായ്പയെടുത്ത് രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനായിരിക്കും നിയമത്തില്‍ വ്യവസ്ഥ ചെയ്യുക.
ഇതുസംബന്ധിച്ച ബില്ലിന് നിയമ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ബില്ലുമായി ബന്ധപ്പെട്ട് എം.പിമാരുടെ അഭിപ്രായം കഴിഞ്ഞ മെയ് മാസത്തില്‍ തേടിയിരുന്നു. വിജയ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്ത രാജ്യം വിട്ടതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരാന്‍ തീരുമാനിച്ചത്.
നീരവ് മോദി പി.എന്‍.ബി ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച് 11,300 കോടി തട്ടിച്ച വാര്‍ത്ത പുറത്ത് വന്നതോടെയാണ് ബില്‍ വീണ്ടും ചര്‍ച്ചയായത്. നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പിന് പിന്നാലെ മറ്റനേകം തട്ടിപ്പ് വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ഓറിയന്റല്‍ ബാങ്കിലും തട്ടിപ്പ്

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പുകൂടി പുറത്തുവരുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയായ ദ്വാരക സേത്ത ഇന്റര്‍നാഷണല്‍ ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 390 കോടി രൂപ തട്ടിയതായാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ആറു മാസം മുമ്പാണ് ബാങ്ക് ജ്വല്ലറിക്കെതിരേ പരാതി നല്‍കിയത്.
ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിംഗ്, രവി സിംഗ് എന്നിവര്‍ക്കെതിരേയാണ് സിബിഐ കേസെടുത്തത്. 200712 കാലയളവിലാണ് ദ്വാരക സേത്ത് കമ്പനി ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 390 കോടി വായ്പ എടുത്തത്. സ്വര്‍ണവും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നതിനായി മറ്റുള്ളവരുടെ ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതിയില്‍ പറയുന്നത്.

 

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നില്‍

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: കാര്യക്ഷമതയേറിയ 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്തു ടെലികോം കമ്പനികള്‍ രംഗത്തെത്തുമ്പോഴും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്. മൊബൈല്‍ അനലറ്റിക്‌സ് കമ്പനിയായ ഓപ്പണ്‍ സിഗ്‌നല്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്.
ഇന്ത്യയിലെ ശരാശരി 4ജി വേഗം ആറ് എംബിപിഎസ് ആണെന്നും 4ജി വേഗത്തിന്റെ കാര്യത്തില്‍ 88 രാജ്യങ്ങളുടെ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ 4ജി വേഗം 14 എംബിപിഎസ് ആണ്. 9 എംബിപിഎസ് 4ജി വേഗവുമായി അല്‍ജീരിയയാണ് ഇന്ത്യക്കു തൊട്ടുമുകളില്‍.

 

സാമന്തയുടെ പുതിയ ലുക്ക് വൈറലാവുന്നു

ഫിദ
നടി സാമന്തയുടെ പുതിയ ലൂക്ക്് വൈറലാവുന്നു. മുടി ബോബ് ചെയ്ത് സുന്ദരിയായി എത്തിയിരിക്കുകയാണ് ഈ സുന്ദരി. യു ടേണ്‍ എന്ന കന്നട ചിത്രത്തിന്റെ റീമേക്കിന് വേണ്ടിയാണ് സാമന്ത മുടിവെട്ടിയത്. പവന്‍ കുമാറാണ് തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
യു ടേണ്‍ കഴിഞ്ഞവര്‍ഷം വി.കെ. പ്രകാശ് മലയാളത്തിലേക്ക് കെയര്‍ഫുള്‍ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തില്‍ സന്ധ്യാരാജുവാണ് നായികയായി എത്തിയത്. കന്നടയില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തത്. ഈ വേഷത്തിലേക്കാണ് ഇപ്പോള്‍ സാമന്തയുടെ കടന്നു വരവ്. ജേണലിസ്റ്റിന്റെ വേഷം സാമന്തക്ക് നല്ലവണ്ണം ഇണങ്ങുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍. തമിഴില്‍ ഇരുമ്പ് തിറൈ എന്ന ചിത്രമാണ് സാമന്തയുടേതായി ഉടന്‍ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം കൈ നിറയെ ചിത്രങ്ങളാണ് സാമന്തക്ക്.

റബര്‍ ഉത്പാദനം കുറഞ്ഞു

ഗായത്രി
കോട്ടയം: റബര്‍ ഉത്പാദനം കുറഞ്ഞു. റബര്‍ വരവ് കഉരയുകയും ഡിമാന്റ് കൂടുകയും ചെയ്യുന്നതനുസരിച്ചി റബര്‍ വില ഉയരേണ്ടതാണ്. ആ പതിവ് തെറ്റിച്ച് റബര്‍ വില ഉയര്‍ന്നില്ല .
കിലോയ്ക്ക് 123 രൂപ വരെ ഉയര്‍ന്ന ആര്‍.എസ്.എസ് നാലാംഗ്രേഡ് റബര്‍ വില 121 ലേക്ക് താഴ്ന്നു. ആര്‍.എസ്.എസ് 5 121ല്‍ നിന്ന് 117.50 ലേക്ക് കൂപ്പു കുത്തി. തരം തിരിക്കാത്തത് 108.50 ലേക്കും ഒട്ടു പാല്‍ 72 ലേക്കും താഴ്ന്നു.
അവധി കച്ചവടക്കാര്‍ സ്ഥിരം കച്ചവട തന്ത്രം ഇറക്കി കളിച്ചാണ് വില ഇടിച്ചത്. ഫെബ്രുവരി അവധി 122ല്‍ എത്തിച്ചതോടെ യാണ് വില കുറഞ്ഞത്. ചരക്ക് ആവശ്യമുള്ള ടയര്‍ കമ്പനികളാകട്ടെ വില 123 ഉം 124 ഉം ആയി ഉയര്‍ത്തിയതോടെ അവധി കച്ചവടക്കാര്‍ മാര്‍ച്ച് അവധി 125ല്‍ എത്തിച്ചു.
അതേസമയം റബര്‍ ബോര്‍ഡ് വില ഉയര്‍ന്നു നില്‍ക്കുകയാണ് കര്‍ഷകര്‍ക്ക് ഒരിക്കലും ഈ വില വ്യാപാരികള്‍ നല്‍കാറുമില്ലെങ്കിലും ഇല്ലാത്ത വില .ഉയര്‍ത്തിയുള്ള കളിയാണ് റബര്‍ ബോര്‍ഡിന്റേത്. ബോര്‍ഡ് വില ആര്‍.എസ്.എസ് 4 124, ആര്‍.എസ്.എസ് 5 120. 50 , തരംതിരിക്കാത്തത് 110, ഒട്ടുപാല്‍ 87.20 .
അആന്താരാഷ്ട വിപണിയിലും റബറിന് കഷ്ടകാലം തന്നെ. ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളും തളര്‍ച്ചയില്‍. ചൈനീസ് വ്യവസായികള്‍ വിപണിയില്‍നിന്ന് അകന്നത് ടോക്കോമില്‍ റബറിനു തിരിച്ചടിയായി. 171 യെന്നില്‍ നീങ്ങുന്ന റബറിന് സാങ്കേതികമായി 160 യെന്നില്‍ താങ്ങുണ്ട്.ചൈനയില്‍ ആര്‍.എസ്.എസ് 4 കിലോയ്ക്ക് 111ല്‍ നിന്ന് 110 ആയി. ടോക്കിയോ വില 108ല്‍ നിന്ന് 102 ആയി. ബാങ്കോക്ക് 109ല്‍ നിന്ന് 108 ആയി . അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചയില്‍ ആഭ്യന്തര വിപണി നിലം പൊത്താത്തത് ഉത്പാദനം കുറയുകയും ടയര്‍ കമ്പനികള്‍ ഡിമാന്‍ഡ് കാട്ടുകയും ചെയ്യുന്നതാണ്.
കൊച്ചിയില്‍ 150 ടണ്ണിന്റെ കച്ചവടം നടന്നു. ടയര്‍ കമ്പനികള്‍ക്കായി ഡീലര്‍മാര്‍ 1500 ടണ്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്.എസ് ക്വിന്റലിന് 115121 , ആര്‍.എസ്.എസ് 4 124 രൂപ എന്നിങ്ങനെയാണ്.

സൗദിയില്‍ ലോകോത്തര നിലവാരമുള്ള സംഗീത നാടക ശാല

അളക ഖാനം
റിയാദ്: ലോകോത്തര നിലവാരമുള്ള സംഗീത നാടകശാല റിയാദില്‍ നിര്‍മാണമാരംഭിച്ചതായി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അഥോറിറ്റി തലവന്‍ അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ് അറിയിച്ചു. എറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതായിരിക്കും ഒപേര ഹൗസ് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2018ഫല്‍ 5500 വിനോദ പരിപാടികള്‍ രാജ്യത്തെ 48 നഗരങ്ങളിലായി നടത്താന്‍ കലണ്ടര്‍ തയാറായിട്ടുണ്ട്.
64 ബില്യന്‍ ഡോളര്‍ പത്ത് വര്‍ഷത്തിനകം സൗദി അറേബ്യ വിനോദ മേഖലയില്‍ നിക്ഷേപമിറക്കും. 2017ല്‍ 17000 പേര്‍ക്ക് ഈ മേഖലയില്‍ ജോലി നല്‍കാനായി. 2018ല്‍ 22000 പേര്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ രാജ്യത്തിന് പുറത്ത് നിക്ഷേപമിറക്കുന്നവര്‍ ഇപ്പോള്‍ സൗദിയില്‍ തന്നെ നിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു.

 

രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും

ഫിദ
എംടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന രണ്ടാംമൂഴത്തില്‍ ലോകസൂപ്പര്‍ താരം ജാക്കിച്ചാനും എത്തിയേക്കുമെന്ന് സൂചന. മോഹന്‍ ലാലാന് നായതന്‍. ഭീമന് യുദ്ധ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിച്ചാന്‍ എത്തുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല.
അമിതാഭ് ബച്ചന്‍, അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളുടെ പേരുകളെല്ലാം ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്. സിനിമയിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണും പീറ്റര്‍ ഹെയിനും ചേര്‍ന്നാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. ചിത്രീകരണത്തിന് ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കുമെന്ന് നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റും. അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമ ചിത്രീകരണം ആരംഭിക്കും.

 

ഇപിഎഫ് പലിശ 8.55ശതമാനമാക്കി കുറച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് പലിശ 8.55ശതമാനമാക്കി കുറച്ചു. മുന്‍വര്‍ഷം 8.65ശതമാനമാണ് പലിശ നല്‍കിയിരുന്നത്. ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്. ഇന്നലെ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പലിശ നിരക്ക് കുറക്കാന്‍ തീരുമാനമായത്.
നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇത് പ്രകാരമാണ് പലിശ നിരക്ക് 8.55ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 8.65ശതമാനം പലിശ നല്‍കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും പറയുന്നു. അതേസമയം, ഓഹരി നിക്ഷേപം വിറ്റതിലൂടെ ആയിരം കോടി രൂപയാണ് ലാഭമായി ലഭിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളുടെ പലിശ കഴിഞ്ഞകൊല്ലം 0.4 ശതമാനം കുറച്ചിരുന്നു; എട്ടു ശതമാനത്തില്‍നിന്ന് 7.6 ശതമാനമാക്കി. അതിനുതുടര്‍ച്ചയായിട്ടാണ് ഇപിഎഫ് നിക്ഷേപത്തിന്റെ പലിശയും കുറ്ക്കുന്നത്.
ഇപിഎഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ നല്‍കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് 0.65 ശതമാനത്തില്‍നിന്ന് അര ശതമാനമായി കുറക്കാനും ഇപിഎഫ് ട്രസ്റ്റ് തീരുമാനിച്ചു. സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. ജീവനക്കാരുടെ മൊത്തം വിഹിതത്തിന്റെ അര ശതമാനമാണ് ഇനി മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ്. രണ്ടുകൊല്ലംമുമ്പ് 0.85 ആയിരുന്നു.

കൂത്തുപറമ്പില്‍ നിന്നൊരു’ആമി’

ഗായത്രി
മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ ജീവിത പശ്ചാത്തലത്തില്‍ കമല്‍ ഒരുക്കിയ ‘ആമി’യില്‍ ഒരു കൂത്തുപറമ്പ് കാരിയുണ്ട്. പാച്ചപ്പൊയ്കയിലെ മാളവികയെന്ന നീലാഞ്ജനയാണ് ആ കൊച്ചുമിടുക്കി. സിനിമയിലെ പ്രകടനത്തിലൂടെ മാളവികഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം കണ്ടവര്‍ക്കെല്ലാം ആമിയെ അനശ്വരയാക്കിയ മാളവികയെക്കുറിച്ച് അഭിമാനം.
മാധവിക്കുട്ടിയുടെ ബാല്യത്തിലെ രൂപത്തോടുള്ള സാമ്യവും ഗ്രാമീണപ്പെണ്‍കൊടിയുടെ ഭാവങ്ങളുമാണ് മാളവികക്ക് തുണയായത്. സംവിധായകന്‍ കമലിന് ഇമെയിലില്‍ ഫോട്ടോ അയച്ച് പിറ്റേദിവസംതന്നെ മാളിവികയെ ഓഡിഷന് വിളിക്കുകയായിരുന്നു. കമലാണ് ചിത്രീകരണവേളയില്‍ നീലാഞ്ജനയെന്ന് പേര് മാറ്റിയത്.
‘മാധവിക്കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് മാളിവിക പറയുന്നു. അവരുടെ കഥാപാത്രങ്ങളെ വായനക്കാരിയെന്ന നിലയില്‍ ഇഷ്ടപ്പെടുന്ന തനിക്ക് ഇത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലം, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ഒരുമാസത്തോളമായിരുന്നു ചിത്രീകരണം. ഖത്തറില്‍ വളര്‍ന്ന തനിക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു സിനിമാഷൂട്ടിംഗെന്ന് മാളവിക പറയുന്നു.
കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ കോയിപ്പറമ്പത്ത് വിനോദ്കുമാറിന്റെയും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഫിലോസഫി വിഭാഗം മേധാവിയായ പ്രവീണയുടെയും മകളാണ് മാളവിക. തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ആശയുടെ കീഴില്‍ നൃത്തപഠനം പൂര്‍ത്തിയാക്കിയ മാളവിക ഖത്തറില്‍ അരങ്ങേറ്റം നടത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. സംഗീതാഭ്യസനവും നടത്തിയിരുന്നു. ചാല ചിന്മയയില്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ പ്രണവ് മംഗളൂരുവില്‍ എന്‍ജിനീയറിംഗിന് പഠിക്കുന്നു. ആമിയിലെ അഭിനയം സിനിമാരംഗത്ത് കൂടുതല്‍ അവസരം നല്‍കുമെന്നാണ് മാളവികയുടെ പ്രതീക്ഷ.

 

പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബ്രാഡിഹൗസ് ബ്രാഞ്ച് മുന്‍ ജി.എം രാജേഷ് ജിന്‍ഡാലാണ് അറസ്റ്റിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയുടെ സി.എഫ്.ഒ വിപുല്‍ അംബാനിയെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായി അംബാനിയുടെ അനുജന്‍ നാഥുഭായ് അംബാനിയുടെ മകനാണ് വിപുല്‍. ഇതോടെ കേസില്‍ 12 പേര്‍ അറസ്റ്റിലായി. പഞ്ചാബ് നാഷനല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിന് ബാങ്കും ഓഡിറ്റര്‍മാരുമാണ് ഉത്തരവാദികളെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം.
അതേസമയം, കടം പെരുപ്പിച്ച് കാണിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് തന്റെ ബ്രാന്‍ഡിന്റെ മൂല്യം കുറച്ചെന്ന ആരോപണവുമായി നീരവ് മോദി രംഗത്തെത്തിയിരുന്നു. ചെറിയ തുക മാത്രമാണ് താന്‍ ബാങ്കിന് നല്‍കാനുള്ളത്. ബാങ്ക് അധികൃതര്‍ കടം പെരുപ്പിച്ചു കാണിക്കുകയാണ്. വെറും 5,000 കോടി രൂപ മാത്രമാണ് താന്‍ ബാങ്കിന് നല്‍കാനുള്ളതെന്നുമാണ് മോദിയുടെ അവകാശവാദം.