കൂത്തുപറമ്പില്‍ നിന്നൊരു’ആമി’

കൂത്തുപറമ്പില്‍ നിന്നൊരു’ആമി’

ഗായത്രി
മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ ജീവിത പശ്ചാത്തലത്തില്‍ കമല്‍ ഒരുക്കിയ ‘ആമി’യില്‍ ഒരു കൂത്തുപറമ്പ് കാരിയുണ്ട്. പാച്ചപ്പൊയ്കയിലെ മാളവികയെന്ന നീലാഞ്ജനയാണ് ആ കൊച്ചുമിടുക്കി. സിനിമയിലെ പ്രകടനത്തിലൂടെ മാളവികഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം കണ്ടവര്‍ക്കെല്ലാം ആമിയെ അനശ്വരയാക്കിയ മാളവികയെക്കുറിച്ച് അഭിമാനം.
മാധവിക്കുട്ടിയുടെ ബാല്യത്തിലെ രൂപത്തോടുള്ള സാമ്യവും ഗ്രാമീണപ്പെണ്‍കൊടിയുടെ ഭാവങ്ങളുമാണ് മാളവികക്ക് തുണയായത്. സംവിധായകന്‍ കമലിന് ഇമെയിലില്‍ ഫോട്ടോ അയച്ച് പിറ്റേദിവസംതന്നെ മാളിവികയെ ഓഡിഷന് വിളിക്കുകയായിരുന്നു. കമലാണ് ചിത്രീകരണവേളയില്‍ നീലാഞ്ജനയെന്ന് പേര് മാറ്റിയത്.
‘മാധവിക്കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് മാളിവിക പറയുന്നു. അവരുടെ കഥാപാത്രങ്ങളെ വായനക്കാരിയെന്ന നിലയില്‍ ഇഷ്ടപ്പെടുന്ന തനിക്ക് ഇത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലം, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ഒരുമാസത്തോളമായിരുന്നു ചിത്രീകരണം. ഖത്തറില്‍ വളര്‍ന്ന തനിക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു സിനിമാഷൂട്ടിംഗെന്ന് മാളവിക പറയുന്നു.
കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ കോയിപ്പറമ്പത്ത് വിനോദ്കുമാറിന്റെയും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഫിലോസഫി വിഭാഗം മേധാവിയായ പ്രവീണയുടെയും മകളാണ് മാളവിക. തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ആശയുടെ കീഴില്‍ നൃത്തപഠനം പൂര്‍ത്തിയാക്കിയ മാളവിക ഖത്തറില്‍ അരങ്ങേറ്റം നടത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. സംഗീതാഭ്യസനവും നടത്തിയിരുന്നു. ചാല ചിന്മയയില്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ പ്രണവ് മംഗളൂരുവില്‍ എന്‍ജിനീയറിംഗിന് പഠിക്കുന്നു. ആമിയിലെ അഭിനയം സിനിമാരംഗത്ത് കൂടുതല്‍ അവസരം നല്‍കുമെന്നാണ് മാളവികയുടെ പ്രതീക്ഷ.

 

Post Your Comments Here ( Click here for malayalam )
Press Esc to close