Month: February 2018

മാണിക്യ മലരിനെതിരെയുള്ള ഇനി നടപടിയില്ല

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന സിനിയിലെ പാട്ടിന്റെ പേരില്‍ നടി പ്രിയ വാര്യര്‍ക്കും സംവിധായകര്‍ ഒമര്‍ ലുലുവിനുമെതിരായ എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പാട്ടിനെതിരെ ഹൈദരാബാദിലെ ഫലക്‌നുമ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിയയും ഒമര്‍ ലുലുവും നല്‍കിയ ഹരജിയിലാണ് നടപടി.
സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മഹാരാഷ്ട്രയിലും പരാതിയുണ്ടായിരുന്നു. 40 വര്‍ഷമായി കേരളത്തിലെ മുസ്‌ലിംകള്‍ നെഞ്ചേറ്റിയ ഗാനമാണിത്. ഈ ഗാനം മത വികാരം വ്രണപ്പെടുത്തുന്നില്ല. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും പ്രിയയും ഒമര്‍ ലുലുവും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ പാട്ടിനെതിരെയുള്ള എല്ലാ നടപടികളും തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.

അഴക് തന്നെ പ്രശസ്തയാക്കി

ഫിദ
തന്റെ അഴകളവുകളും നിറവും ഒക്കെ കുറച്ചുപേര്‍ വെറുപ്പോടെ കണ്ടപ്പോള്‍ ഒരുപാടു പേര്‍ ആരാധിച്ചുവെന്ന് തെന്നിന്ത്യന്‍ താരറാണി റായി ലക്ഷ്മി. ആ ആരാധനയാണ് എന്നിലെ നടിയെ ഈ മേഖലയില്‍ പിടിച്ചു നിറുത്തിയത്. അതെനിക്ക് ഉത്തമ ബോധ്യവുമുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തോട് ഒരിക്കലും ദേഷ്യമോ വെറുപ്പോ തോന്നിയിട്ടില്ലെന്നും റായി ലക്ഷ്മി പറഞ്ഞു. ഓരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ശരീരം കണ്ട് കൊതിച്ച് പലരും മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചിട്ടുണ്ട്. ഒരു രാത്രിക്കു വേണ്ടി സൗഹൃദത്തിന്റെ മുഖം മൂടി അണിഞ്ഞെത്തുന്നവരുണ്ട്. അതില്‍ എനിക്ക് തീരെ താത്പര്യമില്ല. അപരിചിതനുമൊത്ത് കഴിയുകയെന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യം. എന്നുകരുതി അടുപ്പക്കാരോടൊപ്പമെല്ലാം അത്തരത്തില്‍ കഴിയാനും പറ്റില്ല. ഇതിനൊക്കെ ആധാരം മാനസിക അടുപ്പവും വിശ്വാസവുമാണ്. അത് സൂക്ഷിക്കുന്നവരെ ഇന്നത്തെ കാലത്ത് കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും റായി ലക്ഷ്മി പറയുന്നു.

കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഉദ്ഘാടനം ഏപ്രില്‍ 23ന്

ഗായത്രി
കൊച്ചി: കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഏപ്രില്‍ 23ന് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വര്‍ണ്ണശബളമായ ചടങ്ങോടെ അങ്കമാലി കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടനം നടക്കുക.
കേരളവിഷന്‍ ചാനല്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്(കെ.സി.ബി.എല്‍) എന്ന കമ്പനിയുടെ കീഴിലാണ് എന്റര്‍ടൈന്‍മെന്റ് ചാനലായ കേരളവിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കേരളവിഷന്‍ ജീവനക്കാരുടെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഉപഗ്രഹചാനലിന്റെ അനൗപചാരികമായ പ്രഖ്യാപനം നടന്നു. കെ.ഗോവിന്ദന്‍, സിഒഎ ജനറല്‍ സെക്രട്ടറി രാജന്‍ നമ്പീശന്‍, ജനറല്‍ മാനേജര്‍ ദീപേഷ് വി.ടി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
എല്ലാ മലയാളി പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വ്യത്യസ്തമായ പരിപാടികളാണ് കേരളവിഷന്‍ തയ്യാറാക്കുന്നതെന്ന് കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ രാജ്‌മോഹന്‍ മാമ്പ്ര പറഞ്ഞു. ഒരു പ്രാദേശിക ചാനല്‍ ഉപഗ്രഹ ചാനലായി മാറുന്നത് കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് കേരളവിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ പറഞ്ഞു.
കേരളവിഷന്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന് പിന്നാലെ കേരളവിഷന്‍ ന്യൂസ് ചാനലും താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും.
ഐപി ഫോര്‍മാറ്റിലൂടെ ഒരു പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ സ്വന്തം പ്രാദേശിക ചാനലായി രംഗത്തെത്തിയതാണ് കേരളവിഷന്‍. കേരളത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രാദേശിക മാധ്യമ സംസ്‌കാരം കരുപ്പിടിപ്പിക്കുന്നതില്‍ കേരളവിഷന്റെ സംഭാവന വിലപ്പെട്ടതാണ്. ദൃശ്യമാധ്യമമേഖലയിലെ ഈ അനുഭവസമ്പത്താണ് പുതിയതായി ആരംഭിക്കുന്ന കേരളവിഷന്‍ ഉപഗ്രഹചാനലിന് മുതല്‍ക്കൂട്ടാവുക. ഇതിനുപുറമെ 3000ല്‍ അധികം അംഗങ്ങളുളള കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ(സിഒഎ) ശക്തമായ പിന്തുണയും പുതിയ ഉപഗ്രഹചാനലിന്റെ വളര്‍ച്ച്ക്ക് കരുത്താകുമെന്ന് മാധ്യമമേഖലയിലുളളവര്‍ വിലയിരുത്തുന്നു. കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരായ ബദല്‍, മികച്ച സാങ്കേതികവിദ്യ, ദൃശ്യമാധ്യമരംഗത്തെ അനുഭവപരിചയം, അനുഭവസമ്പത്തുളള ജീവനക്കാര്‍ തുടങ്ങിയ അനുകൂല ഘടകങ്ങളാണ് ശക്തമായ മത്സരമുളള ടെലിവിഷന്‍ മാധ്യമരംഗത്ത് കേരളവിഷന് നേട്ടമാകുന്നത്.
ചാനല്‍ രംഗത്ത് പരിചയസമ്പന്നനായ പ്രകാശ് മേനോനാണ് കേരളവിഷന്‍ ഉപഗ്രഹ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന്റെ വൈസ് പ്രസിഡന്റ്. സിഡ്‌കോ വൈസ് പ്രസിഡന്റും കെസിസിഎല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ അബുബക്കര്‍ സിദ്ദിഖ്, കെസിസിഎല്‍ ചെയര്‍മാന്‍.

രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍

വിഷ്ണു പ്രതാപ്
മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി. ഇന്ന് 1.55ലെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 നവംബര്‍ 27നുണ്ടായിരുന്ന മൂല്യത്തിനടുത്തായി ഇതോടെ രൂപയുടെ നിലവാരം. ഈവര്‍ഷം തുടക്കത്തിലുള്ള മൂല്യത്തില്‍നിന്ന് ഒരു ശതമാനമാണ് രൂപ്ക്ക് നഷ്ടമായത്.വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം വിറ്റൊഴിഞ്ഞ് പിന്മാറുന്നത് തുടരുന്നതും പത്ത് വര്‍ഷ ബോണ്ടിന്റെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതുമാണ് രൂപയുടെ മൂല്യത്തെ പിന്നോട്ടടിപ്പിച്ചത്.
എട്ട് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 140 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈവര്‍ഷം മൊത്തം നിക്ഷേപിച്ച 102 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളിലേറെ എട്ടുദിവസംകൊണ്ട് അവര്‍ വിറ്റൊഴിഞ്ഞു.
ബജറ്റില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി കൊണ്ടുവന്നതും വ്യാപാര കമ്മി വര്‍ധിച്ചതും തിരിച്ചടിയായി. പിഎന്‍ബിയിലെ 11,400 കോടിയുടെ തട്ടിപ്പുകൂടിയായപ്പോള്‍ തിരിച്ചടി കനത്തതായി. ഇവയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് അകറ്റിയതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന.

പാപ്പരായതായി പ്രഖ്യാപിക്കണമെന്ന് എയര്‍സെല്‍ കമ്പനി

വിഷ്ണു പ്രതാപ്
മുംബൈ: ടെലികോം കമ്പനിയായ എയര്‍സെല്‍ പാപ്പരായതായി പ്രഖ്യാപിക്കുന്നു. ഇതിനായി നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലിനെ ഉടനെ സമീപിക്കാനൊരുങ്ങുകയാണ് കമ്പനി. വായ്പാ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ ശ്രമിച്ചവരികയായിരുന്നെങ്കിലും അതിന് കഴിയാത്ത സാഹചര്യത്തിലാണ് ലോ െ്രെടബ്യൂണലിനെ സമീപിക്കുന്നത്. 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.
മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസാണ് എയര്‍സെലിന്റെ മാതൃകമ്പനി. കൂടുതല്‍ പണംമുടക്കി സ്ഥാപനം മുന്നോട്ടുകൊ്ണ്ടുപോകുന്നതില്‍നിന്ന് മാക്‌സിസ് പിന്മാറുകയായിരുന്നു.

കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനം നാളെ

അളക ഖാനം
മധുര: ഉലക നായകന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനം നാളെ. പുതിയ പാര്‍ട്ടിയും പതാകയും പ്രത്യയ ശാസ്ത്രവും നാളെ മധുരയില്‍ വച്ചു പ്രഖ്യാപിക്കും. കൂടാതെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി നടത്തുന്ന സംസ്ഥാന പര്യടനവും നാളെ ആരംഭിക്കും. രാവിലെ 7.45ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ രാമേശ്വരത്തെ വസതിയില്‍ കമല്‍ എത്തും. 8.15ന് കലാം പഠിച്ച സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം, 8.50ന് ഗണേഷ് മഹലിലെത്തി മത്സ്യത്തൊഴിലാളികളെ കാണും. 11.10ന് കലാം സ്മൃതി മണ്ഡപം സന്ദര്‍ശിക്കും. ഇവിടെ വച്ച് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മുന്‍ രാഷ്ട്രപതിയെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രഖ്യാപനം മധുരയിലേയ്ക്ക് മാറ്റിയത്.
12.30ന് രാമനാഥപുരത്ത് ആദ്യ പൊതുയോഗം നടക്കും. രണ്ടരക്ക് പരമകുടിയിലും മൂന്ന് മണിക്ക് മാനാമധുരൈയിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മധുരയില്‍ നടക്കുന്ന പൊതുയോഗത്തില്‍ വച്ചാണ് പാര്‍ട്ടി പ്രഖ്യാപിക്കുക. ആറ് മണിക്ക് പാര്‍ട്ടിയുടെ കൊടി പുറത്തിറക്കും. ആറരക്ക് പൊതുയോഗം. രാത്രി 8.10ന് കമല്‍ഹാസന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖരെയെല്ലാം കമല്‍ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെ കാണാനോ ക്ഷണിക്കാനോ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.

രമ്യാകൃഷ്ണന്‍ വീണ്ടും മലയാളത്തില്‍

ഫിദ
രമ്യാകൃഷ്ണന്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഭദ്രന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലാണ് രമ്യാ കൃഷ്ണന്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ മറ്റു രണ്ട് ശക്തമായ കഥാപാത്രങ്ങളായി ശരത് കുമാറും സിദ്ദീഖും എത്തുന്നുണ്ട്. ബിഗ് ബജറ്റിലുള്ള ആക്ഷന്‍ മൂവിയായിരിക്കും ഇതെന്നാണ് സൂചന.
നീണ്ടനാളത്തെ ഇടവേളക്കു ശേഷമാണ് മോഹന്‍ലാലും രമ്യാകൃഷ്ണനും ഒന്നിച്ചെത്തുന്നത്. ആര്യനാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. നേരം പുലരുമ്പോള്‍, അനുരാഗി, ഓര്‍ക്കാപ്പുറത്ത്, ആര്യന്‍ എന്നിവയാണ് ലാല്‍ രമ്യ കൂട്ടുകെട്ടില്‍ ഇറങ്ങിയിട്ടുള്ളത്.
ക്രിസ്ത്യന്‍ ബ്രദേഴ്‌സിനു ശേഷം ശരത്കുമാര്‍ ലാലിനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഏപ്രില്‍ അവസാനത്തോടെ ഭദ്രന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

പിഎന്‍ബിക്ക് മുകളില്‍ നിയന്ത്രണവുമായി ആര്‍ബിഐ

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമാവുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ് ആര്‍.ബി.ഐ അറിയിച്ചിരിക്കുന്നത്.
ഇന്നലെയാണ് ഇതുസംബന്ധിച്ച ആര്‍.ബി.ഐ അറിയിപ്പ് പുറത്ത് വന്നത്. മറ്റ് ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയതിനെക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പി.എന്‍.ബിക്ക് മുകളില്‍ കൊണ്ട് വരാനാണ് ആര്‍.ബി.ഐയുടെ പദ്ധതി.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച് വിദേശത്ത് നിന്ന് വജ്രവ്യവസായി നീരവ് മോദി കോടികള്‍ തട്ടിയെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, എസ്.ബി.ഐ തുടങ്ങി രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം നീരവ് മോദിക്ക് പി.എന്‍.ബിയുടെ ജാമ്യം മുന്‍നിര്‍ത്തി വായ്പ അനുവദിച്ചിരുന്നു.

പുതിയ സ്‌പോര്‍ട്‌സ് കാറുമായി ടാറ്റ

അളക ഖാനം
പുതിയ സ്‌പോര്‍ട്‌സ് കാറായ റെയ്‌സ്‌മോ ടൂ ഡോര്‍ കൂപ്പെ മോഡലിനെ ടാറ്റ പുറത്തിറക്കി. ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ പുതിയ മോഡലുമായി എത്തിയത്.
റെയ്‌സ്‌മോയ്ക്ക് കരുത്തേകുന്നത് 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ത്രീസിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ 190 ബിഎച്ച്പിയും 210 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനില്‍ ഇടംതേടിയിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 6 സെക്കന്‍ഡുകള്‍ മതിയാകും.
ഈ സ്‌പോര്‍ട്‌സ് കാറിനെ ഭീമന്‍മാരായ സൂപ്പര്‍ കാറുകളെ വെല്ലുന്ന രൂപത്തിനൊപ്പം അത്യാഡംബരവും ചേര്‍ത്താണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന് ഒരു അഗ്രസീവ് ലുക്ക് പകരുന്നു. കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‌സ്, ബട്ടര്‍ഫ്‌ളൈ ഡോറുകള്‍, പിന്നിലെ ടെയില്‍ ലാമ്പിന് നടുവിലായി സ്ഥാനം പിടിച്ച എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് റെയ്‌സ്‌മോയുടെ പ്രധാന സവിശേഷതകള്‍.

വി ഗാര്‍ഡിന് 40 വയസ്സ്

ഗായത്രി
കൊച്ചി: കേരളത്തില്‍നിന്ന് ദേശീയതലത്തിലേക്കു വളര്‍ന്ന മുന്‍നിര ബ്രാന്‍ഡായ വിഗാര്‍ഡ് 40 വര്‍ഷം പിന്നിടുന്നു. ഇതോടെ പുതുതലമുറയുടെ താല്‍പ്പര്യങ്ങള്‍ക്കിണങ്ങുന്ന പുതിയ രൂപഭാവത്തിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അനാവരണംചെയ്തു.
വളര്‍ച്ചയുടെ പുതിയ ഘട്ടത്തില്‍ 2500 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയലറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. സ്‌റ്റെബിലൈസര്‍പോലെയുള്ള സുസജ്ജമായ എന്‍ജിനിയറിങ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് വിപണിയില്‍ ശ്രദ്ധേയരായ ഗ്രൂപ്പ് ഗാര്‍ഹിക, അടുക്കള ഉപകരണങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. വാട്ടര്‍ ഹീറ്റര്‍, ഫാന്‍, വയറുകളും കേബിളുകളും തുടങ്ങിയവയുടെ മേഖലയില്‍ സജീവസാന്നിധ്യം അറിയിച്ച ഗ്രൂപ്പ് സ്വിച്ച് ഗിയര്‍, ഗ്യാസ് സ്റ്റൗവ്, ഇലക്ട്രിക് റൈസ് കുക്കര്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് മിഥുന്‍ അറിയിച്ചു.