കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനം നാളെ

കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനം നാളെ

അളക ഖാനം
മധുര: ഉലക നായകന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനം നാളെ. പുതിയ പാര്‍ട്ടിയും പതാകയും പ്രത്യയ ശാസ്ത്രവും നാളെ മധുരയില്‍ വച്ചു പ്രഖ്യാപിക്കും. കൂടാതെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി നടത്തുന്ന സംസ്ഥാന പര്യടനവും നാളെ ആരംഭിക്കും. രാവിലെ 7.45ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ രാമേശ്വരത്തെ വസതിയില്‍ കമല്‍ എത്തും. 8.15ന് കലാം പഠിച്ച സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം, 8.50ന് ഗണേഷ് മഹലിലെത്തി മത്സ്യത്തൊഴിലാളികളെ കാണും. 11.10ന് കലാം സ്മൃതി മണ്ഡപം സന്ദര്‍ശിക്കും. ഇവിടെ വച്ച് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മുന്‍ രാഷ്ട്രപതിയെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രഖ്യാപനം മധുരയിലേയ്ക്ക് മാറ്റിയത്.
12.30ന് രാമനാഥപുരത്ത് ആദ്യ പൊതുയോഗം നടക്കും. രണ്ടരക്ക് പരമകുടിയിലും മൂന്ന് മണിക്ക് മാനാമധുരൈയിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മധുരയില്‍ നടക്കുന്ന പൊതുയോഗത്തില്‍ വച്ചാണ് പാര്‍ട്ടി പ്രഖ്യാപിക്കുക. ആറ് മണിക്ക് പാര്‍ട്ടിയുടെ കൊടി പുറത്തിറക്കും. ആറരക്ക് പൊതുയോഗം. രാത്രി 8.10ന് കമല്‍ഹാസന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖരെയെല്ലാം കമല്‍ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെ കാണാനോ ക്ഷണിക്കാനോ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close