Month: February 2018

ഇനി ബിസിനസ് വാട്‌സ് ആപ്പും

രാംനാഥ് ചാവ്‌ല
വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ് ഇനി ഇന്ത്യയിലും. സംശയിക്കേണ്ട, സംഭവം അതുതന്നെ നമ്മുടെ ഫോണിലുള്ള വാട്‌സ്ആപ്പിന്റെ ബിസിനസ് പതിപ്പാണ് വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ്. യുഎസ്, യുകെ, ഇറ്റലി, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാട്‌സ്ആപ് ഫോര്‍ ബിസിനസ് അവതരിപ്പിച്ചത്. ഏറ്റവുമധികം വാട്‌സ്ആപ് ഉപയോക്താക്കളുള്ള ഇന്ത്യയിലേക്ക് കഴിഞ്ഞ ആഴ്ചയാണ് പുതിയ ആപ് എത്തിയത്.
ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് വാട്‌സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ജ്വല്ലറിയില്‍നിന്നോ ബില്‍ഡിംഗ് കമ്പനികളില്‍ നിന്നോ ആശംസകള്‍ വരാറില്ലേ., ഇനി അത് വാട്‌സ്ആപ്പിലൂടെയായിരിക്കും വരിക. പുതിയ ഓഫറുകള്‍ അറിയിക്കാനും ആശംസകള്‍ നേരാനും സ്ഥാപനവുമായി ബന്ധപ്പെട്ട ഉത്പന്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനും വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ് സഹായിക്കും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ധനം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണം

ഗായത്രി
കൊച്ചി:
വിലയിലെ കുതിച്ചുകയറ്റം നിയന്ത്രിക്കാന്‍ പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികള്‍. ഇതുസംബന്ധിച്ച് കമ്പനി അധികൃതര്‍ കേന്ദ്രത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്ധനവിലക്കയറ്റം അനുദിനം ജനജീവിതം ദുരിതത്തിലാക്കുമ്പോഴും അനുകൂല തീരുമാനം വൈകുകയാണ്. വിലക്കയറ്റത്തിന് തങ്ങളെ പഴിചാരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍.
പെട്രോള്‍ വില സര്‍വകാല റെക്കോഡിലേക്ക് നീങ്ങുകയും ഡീസല്‍ വില ആഴ്ചകളായി റെക്കോഡ് നിലയില്‍ തുടരുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്കെതിരായ ജനവികാരം കേന്ദ്ര സര്‍ക്കാറിലേക്ക് തിരിച്ചുവിടാനാണ് എണ്ണക്കമ്പനികളുടെ ശ്രമം. പ്രതിദിനം വില നിര്‍ണയിക്കുന്ന സംവിധാനം നിലവില്‍ വന്നതോടെ എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയര്‍ന്നതായും കേന്ദ്രത്തിന് നല്‍കുന്ന ലാഭവിഹിതം ഗണ്യമായി വര്‍ധിച്ചതായുമുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍, നിലവിലെ പ്രതിസന്ധിക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് കമ്പനികളുടെ വിശദീകരണം. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളറിനടുത്തെത്തിയതാണ് വില വര്‍ധനക്ക് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 2014ല്‍ എണ്ണവില ബാരലിന് 114 ഡോളറിലെത്തിയപ്പോള്‍ പെട്രോള്‍, ഡീസല്‍ വില ഇത്രയും ഉയരാതിരുന്നത് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നതുകൊണ്ടാണെന്നും കമ്പനികള്‍ വിശദീകരിക്കുന്നു.
അഭൂതപൂര്‍വമായ ഇന്ധനവില വര്‍ധന പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതിഷേധം തിരിച്ചറിഞ്ഞാണ് വില നിയന്ത്രണത്തിനെന്ന പേരില്‍ എണ്ണക്കമ്പനികള്‍ സ്വന്തം നിലക്ക് ചില നീക്കങ്ങള്‍ നടത്തുന്നത്. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയം പെട്രോളിയം മന്ത്രിയുമായി സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഐ.ഒ.സി വൃത്തങ്ങള്‍ അറിയിച്ചു.പെട്രോള്‍ ലിറ്ററിന് 76.83 രൂപയും ഡീസലിന് 69.46 രൂപയുമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ യഥാക്രമം 75.50 രൂപയും 68.15 രൂപയും കോഴിക്കോട്ട് 75.87 രൂപയും 68.58 രൂപയുമായിരുന്നു.