Month: February 2018

തെലുങ്കിലുടെ ഷക്കീല വീണ്ടും തിരിച്ചെത്തുന്നു

ഫിദ
ഒരു കാലത്ത് മലയാളികളുടെ മാദക നടിയായിരുന്ന ഷക്കീല വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീലയുടെ തിരിച്ച് വരവ്. സൈക്കോ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും കേരളത്തില്‍ നടന്ന ഒരു വിവാദ സംഭവമാണ് സിനിമ പ്രതിപാദിക്കുന്നത്. സായിറാം ദസാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഷക്കീല. സിനിമയില്‍ വീണ്ടും മുഖ്യ കഥാപാത്രമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ വീണ്ടും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ഷഫീന യൂസഫലിക്ക് ഇന്തോ-അറബ് വനിതാ സംരംഭക പുരസ്‌കാരം

ഫിദ
കൊച്ചി: ടേബിള്‍സ് ഗ്രൂപ്പ് സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ഷഫീന യൂസഫലിക്ക് ഇന്തോ-അറബ് വനിതാ സംരംഭക പുരസ്‌കാരം. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ നടന്നകമോണ്‍ കേരള പദ്ധതിയുടെ ഭാഗമായാണ് പുരസ്‌കാരം. ഷെയ്ഖ അംന അല്‍ നുഐമി, റാഷ അല്‍ ധന്‍ഹാനി, ലിസ മയാന്‍, ഡോ. റീന അനില്‍കുമാര്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. ഇന്ത്യയിലെയും അറബ് ലോകത്തെയും വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രമുഖരടങ്ങുന്ന കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഗ്രൂപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കാന്‍ പുരസ്‌കാരം പ്രചോദനമാണെന്ന് ഷഫീന യൂസഫലി പറഞ്ഞു.

മദ്യത്തിന് വില കൂട്ടി

ഗായത്രി
തിരു: ബിയറിന്റെയും മദ്യത്തിന്റെയും നികുതി ഘടന പരിഷ്‌കരിച്ച് പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില്‍പ്പന നികുതി 200 ശതമാനമാക്കി പരിഷ്‌കരിച്ചു. 400 രൂപ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന നികുതി. മാത്രമല്ല ബിയറിന്റെ വില്‍പ്പന നികുതി 100 ശതമാനവുമാക്കും.
60 കോടിയുടെ വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഈടാക്കിക്കൊണ്ടിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യ സുരക്ഷാ സെസ് എന്നിവ എടുത്തുകളഞ്ഞാണ് മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിദേശമദ്യങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നതിലെ വരുമാനം നഷ്ടം തടയാന്‍ സര്‍ക്കാര്‍ നേരിട്ട് വിദേശമദ്യങ്ങള്‍ ഇറക്കുമതി ചെയ്യും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. വിദേശമദ്യത്തിന്റെ ഇറക്കുമതിയില്‍ കെയിസ് ഒന്നിന് 6000 രൂപവരെ ഇറക്കുമതി തീരുവ ചുമത്തും, വൈന്‍ കെയിസ് ഒന്നിന് 3000 രൂപയും ഇറക്കുമതി തീരുവ ചുമത്തി. ഇതിന് പുറമെ സര്‍വീസ് ചാര്‍ജ്, അബ്കാരി ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്.

 

പ്രവാസി ചിട്ടി എപ്രില്‍മുതല്‍; ചേരുന്നവര്‍ക്ക് പെന്‍ഷന്‍

ഗായത്രി
തിരു: വിഭവ സമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെ.എസ്.എഫ്.ഇയുടെ ഭാഗമായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ചിട്ടിയില്‍ ചേരുന്നുവര്‍ക്ക് അപകട ഇന്‍ഷൂറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും അനുവദിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശ മലയാളികള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമാര്‍ഗം സ്വീകരിക്കുന്നുണ്ട്. അത് ചിട്ടിയിലൂടെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കും.നിക്ഷേപം ചിട്ടിയായി തെരഞ്ഞെടുത്താല്‍ വിഭവ സമാഹരണത്തിന് സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഭൂ നികുതി വര്‍ധിപ്പിക്കും: മന്ത്രി തോമസ് ഐസക്

ഗായത്രി
തിരു: കേരള ഭൂനികുതി ഓര്‍ഡിനന്‍സ് 2015 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പുനസ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സേവനങ്ങള്‍ക്കുള്ള എല്ലാ ഫീസുകളും ചാര്‍ജുകളും അഞ്ച് ശതമാനം ഉയര്‍ത്തുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതില്‍നിന്നുള്ള അധിക വരുമാനം കര്‍ഷക ക്ഷേമപദ്ധതികള്‍ക്ക് നല്‍കും.
ഭൂവില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. കുറവു മുദ്രവില 5000 വരെയുള്ളവക്ക് പൂര്‍ണ ഇളവു നല്‍കും. ഭൂവില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്തതിന് 2010 മുന്‍പുവരെ 10 ലക്ഷത്തിലേറെ കേസുകളുണ്ട്. ബാക്കിയുള്ളവക്ക് മുദ്രവിലയുടെ 30 ശതമാനം അടച്ചാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കും. 300 കോടി രൂപയാണ് ഇതില്‍നിന്ന് അധികവരുമാനം പ്രതീക്ഷിക്കുന്നത്.
ഫല്‍റ്റ് ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ആദായനികുതി നിയമപ്രകാരം വിലനിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. ഭൂമിയുടെ നിലവിലുള്ള ന്യായവില 10 ശതമാനം വര്‍ധിപ്പിക്കും. ന്യായവിലയും വിപണിവിലയും തമ്മില്‍ നിലവിലുള്ള അന്തരം കുറക്കുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ഇലക്ട്രിക് പ്രകൃതി വാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളുടെ വാര്‍ഷിക നികുതി 500 രൂപയില്‍നിന്ന് 450 രൂപയാക്കി കുറച്ചു. നികുതിയടക്കാതെ സംസ്ഥാനത്തിനുള്ളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ട നികുതി ഈടാക്കാവുന്ന വിധത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തും.

ശിശു ചികിത്സ ഇനി പോലീസ് സ്‌റ്റേഷനിലും

ഫിദ
തിരു: പോലീസ് സ്‌റ്റേഷനില്‍ ആദ്യമായി ആശുപത്രിയാരംഭിച്ച് പുതിയ ചരിത്രമെഴുതുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ഘടകം. കേരള പോലീസിന്റെ സഹകരണത്തോടെ ഐ.എം.എ. ‘ക്ലിനിക് ഫോര്‍ ചില്‍ഡ്രന്‍’ എന്ന സൗജന്യ ശിശുരോഗ ചികിത്സാ കേന്ദ്രം തുടങ്ങിയത് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലാണ്. എല്ലാ ഞായറാഴ്ചയും 11 മണിമുതല്‍ ഒരു മണിവരെയാണ് ഈ ക്ലിനിക് പ്രവര്‍ത്തിക്കുക. കുട്ടികളെ ചികിത്സിക്കുന്നതിനായി പ്രശസ്ത ശിശുരോഗ വിദഗ്ധരുടെ സൗജന്യ സേവനമാണിവിടെ ഒരുക്കിയിരിക്കുന്നത്. ഗുരുതര പ്രശ്മുള്ളവരെ മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതാണ്.
ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ ‘ക്ലിനിക് ഫോര്‍ ചില്‍ഡ്രന്‍’ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി. അനില്‍കാന്ത്, ഐ.ജി. മനോജ് എബ്രഹാം, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഐ.എ.പി. പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി ഡോ. റിയാസ്, നമ്മുടെ ആരോഗ്യം എഡിറ്റര്‍ ഡോ. സുരേഷ് കുമാര്‍, പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ. ആരിഫാ സൈനുദീന്‍, ഡോ. ജോര്‍ജ് വര്‍ഗീസ്, ഡോ. പി. അശോകന്‍, ഡോ. അജിത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പെണ്‍ മനസ് ഷര്‍ട്ടിനൊപ്പം

ഫിദ
പെണ്‍കുട്ടികള്‍ ഷര്‍ട്ട് ധരിക്കുന്നത് ട്രെന്റിയായി മാറുന്നു. ഷര്‍ട്ടുകള്‍ പുരുഷന്മാരുടെ മാത്രം വേഷമാണെന്ന് ധരിച്ചിരുന്ന കാലമൊക്കെ പോയി. ഹാഫ് സ്ലീവ്, ഫുള്‍ സ്ലീവ്, ത്രീഫോര്‍ത്ത് എന്നിങ്ങനെ മൂന്നുതരം ഷര്‍ട്ടുകളാണ് പ്രധാനമായുള്ളത്.
ഇത്തരം ഷര്‍ട്ടുകളുടെ കോളറിലും വ്യത്യസ്ത ടൈപ്പുകളുണ്ട്. ജീന്‍സ്, പാന്റ്‌സ് ലെഗിന്‍സ് എന്നിവയോടൊപ്പമെല്ലാം ഷര്‍ട്ടുകള്‍ ചേരും. ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയില്‍ ലൂപ്പുമുള്ള പ്ലെയിന്‍ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ വിപണികളില്‍ ഡിമാന്റ്.
ഷൂസ്, മോഡേണ്‍ ചെരിപ്പുകള്‍ എന്നിവയാണ് ജീന്‍സിനും ഷര്‍ട്ടിനുമൊപ്പം ചേരുന്നത്. കാഷ്വലായും ഫോര്‍മലായും ഉപയോഗിക്കാമെന്നതിനാല്‍ പെണ്‍കുട്ടികള്‍ക്കും ഷര്‍ട്ടുകളോട് പ്രിയമേറുന്നു.

ആദായ നികുതി നിരക്കില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ആദായ നികുതി നിരക്കില്‍ മാറ്റം വരുത്താതെയും 10 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് നല്‍കുന്ന പദ്ധതി(ആയുഷ്മാന്‍ ഭാരത്) പ്രഖ്യാപിച്ചും കേന്ദ്രബജറ്റ്. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പു നല്‍കുന്ന ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണിത്. ഇതുപ്രകാരം പദ്ധതിയുടെ ഗുണഭോക്താകള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ചികില്‍സ ചെലവ് റീ ഇംപേഴ്‌സ്മന്റൊയി നല്‍കും. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണിതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇതുവഴി 50കോടിജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
250 കോടി വിറ്റുവരവുള്ള വ്യവസായ സ്ഥാനങ്ങളുടെ നികുതി 30ല്‍ 25 ശതമാനമാക്കി കുറച്ചു. റെയില്‍വേ വികസനത്തിനായി 1.48 ലക്ഷം കോടി, എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ, സി.സി.ടി.വി, എട്ട് കോടി സ്ത്രീകള്‍ക്ക് എല്‍.പി.ജി കണക്ഷന്‍. രാഷ്ട്രപതിയുടെ ശമ്പളം മാസം അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെത് നാലര ലക്ഷം രൂപയുമായി ഉയര്‍ത്തി, ടി.വിയുടെയും മൊബൈല്‍ ഫോണിന്റെയും നികുതി കൂട്ടി, 99 നഗരങ്ങള്‍ സ്മാര്‍ട്ട്‌സിറ്റിയാക്കും, ഗ്രാമീണ മേഖലയില്‍ അഞ്ച് ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍, രാജ്യത്ത് 18 പുതിയ ഐ.ഐ.ടികള്‍, 24 മെഡിക്കല്‍ കോളജുകള്‍, ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ്, 56 വിമാനത്താവളങ്ങള്‍ ഉഡാന്‍ പദ്ധതയില്‍ തുടങ്ങിയവയാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.

 

കെ.എസ്.ഇ.ബിയിലും ഇനി കാഷ് ഡെപ്പോസിറ്റ് മെഷീന്‍

ഗായത്രി
കൊച്ചി: വൈദ്യുതി ചാര്‍ജ് അട്ക്കാന്‍ കെ.എസ്.ഇ.ബി. കൊണ്ടുവന്ന കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സി.ഡി.എം.) ഉപഭോക്താക്കള്‍ക്ക്് കൗതുകമാവുന്നു. വൈദ്യുതി ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് ബില്‍ അടക്കാന്‍ ഓരോ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ, 24 മണിക്കൂറും പണം അടക്കാം.
അഞ്ചു രൂപ മുതല്‍ രണ്ടായിരം രൂപ വരെ സി.ഡി.എമ്മില്‍ ഉപയോഗിക്കാം. എന്നാല്‍ പുതിയ ഇരുനൂറിന്റെയും അമ്പതിന്റെയും നോട്ടുകളും നാണയങ്ങളും സ്വീകരിക്കില്ല.
മെഷീനില്‍ ഭാഷ തെരഞ്ഞെടുത്ത് സ്‌ക്രീനില്‍ തൊടുന്നതോടെ നിര്‍ദേശങ്ങള്‍ കിട്ടും. അതനുസരിച്ച് പണം അടക്കാം.
കണ്‍സ്യൂമര്‍ നമ്പര്‍ അടിക്കുകയോ ബില്ലിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ ആ ബില്ലിന്റെ വിശദ വിവരങ്ങള്‍ സ്‌ക്രീനില്‍ വരും. പണം അടക്കാനുള്ള ഓപ്ഷനില്‍ അമര്‍ത്തിയ ശേഷം നോട്ടുകള്‍ ഓരോന്നായി നിക്ഷേപിക്കണം. ഇടുന്ന നോട്ടുകളുടെ മൂല്യം അപ്പോള്‍ത്തന്നെ സ്‌ക്രീനില്‍ തെളിയും. ചെക്കാണ് നല്‍കുന്നതെങ്കില്‍ അതിനും പ്രത്യേക സംവിധാനം ഉണ്ട്. പണം നിക്ഷേപിച്ച ശേഷം ഉറപ്പുനല്‍കുന്നിടത്ത് തൊടുന്നതോടെ രസീത് ലഭിക്കും. ഒരേസമയം ഒന്നിലധികം ബില്‍ അടയ്ക്കുന്നതിനും മെഷീനില്‍ സംവിധാനമുണ്ട്.
ബാക്കി നല്‍കാനുള്ള സംവിധാനം മെഷീനില്‍ ഇല്ല. 257 രൂപയുടെ ബില്ലാണ് അടയ്ക്കാനുള്ളതെങ്കില്‍ 260 രൂപ നിക്ഷേപിക്കേണ്ടതായി വരും. ബാക്കി വരുന്ന മൂന്നു രൂപ അടുത്ത ബില്ലില്‍ കുറ്ക്കും. കേരളത്തിലെ ഏത് വൈദ്യുതി ഓഫീസിനു കീഴിലുള്ള ബില്ലുകളും മെഷീന്‍ സ്വീകരിക്കും.
പൊതുജനങ്ങള്‍ എത്രമാത്രം ഉപയോഗിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കി കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കും. കാഷ്യര്‍മാരുടെ തസ്തിക ബോര്‍ഡ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. നാലു ലക്ഷത്തില്‍ താഴെ മാത്രമേ മെഷീന് ചെലവു വരുന്നുള്ളൂ. കാഷ്യറെ വയ്ക്കുന്നതിനെക്കാള്‍ സി.ഡി.എം. വയ്ക്കുന്നതാവും ബോര്‍ഡിന് ലാഭം.

 

ഇവേ ബില്‍ ഇന്നുമുതല്‍ നിര്‍ബന്ധം

ഫിദ
തിരു: അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഇന്നുമുതല്‍ ഇവേ ബില്‍ നിര്‍ബന്ധമെന്ന് ജി.എസ്.ടി വകുപ്പ്. ജി.എസ്.ടി നിലവില്‍ വന്നത്തിന് ശേഷം രാജ്യത്തെ ചരക്ക് ഗതാഗതത്തില്‍ വരുന്ന ഏറ്റവുംവലിയ മാറ്റമാണ് ഇവേ ബില്‍ സംവിധാനം. വ്യാപാരികള്‍ക്ക് പരിചയിക്കുന്നതിന് കേരളത്തില്‍ ജനുവരി 12 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍വന്ന സംവിധാനം വ്യാഴാഴ്ച മുതല്‍ നിര്‍ബന്ധമാകുകയാണ്.
എന്നാല്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനുള്ള ഇവേ ബില്‍ സംവിധാനം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നത് വരെ പരീക്ഷണാടിസ്ഥാനത്തില്‍ തന്നെ തുടരുമെന്ന് സസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. ലെ ടാക്‌സ് പേയേഴ്‌സ് സര്‍വിസില്‍ ലഭ്യമാകുന്ന ഇവേ ബില്‍ ലിങ്ക് വഴി വ്യാപാരികള്‍ക്ക് ഇവേ ബില്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.