കെ.എസ്.ഇ.ബിയിലും ഇനി കാഷ് ഡെപ്പോസിറ്റ് മെഷീന്‍

കെ.എസ്.ഇ.ബിയിലും ഇനി കാഷ് ഡെപ്പോസിറ്റ് മെഷീന്‍

ഗായത്രി
കൊച്ചി: വൈദ്യുതി ചാര്‍ജ് അട്ക്കാന്‍ കെ.എസ്.ഇ.ബി. കൊണ്ടുവന്ന കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സി.ഡി.എം.) ഉപഭോക്താക്കള്‍ക്ക്് കൗതുകമാവുന്നു. വൈദ്യുതി ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് ബില്‍ അടക്കാന്‍ ഓരോ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ, 24 മണിക്കൂറും പണം അടക്കാം.
അഞ്ചു രൂപ മുതല്‍ രണ്ടായിരം രൂപ വരെ സി.ഡി.എമ്മില്‍ ഉപയോഗിക്കാം. എന്നാല്‍ പുതിയ ഇരുനൂറിന്റെയും അമ്പതിന്റെയും നോട്ടുകളും നാണയങ്ങളും സ്വീകരിക്കില്ല.
മെഷീനില്‍ ഭാഷ തെരഞ്ഞെടുത്ത് സ്‌ക്രീനില്‍ തൊടുന്നതോടെ നിര്‍ദേശങ്ങള്‍ കിട്ടും. അതനുസരിച്ച് പണം അടക്കാം.
കണ്‍സ്യൂമര്‍ നമ്പര്‍ അടിക്കുകയോ ബില്ലിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ ആ ബില്ലിന്റെ വിശദ വിവരങ്ങള്‍ സ്‌ക്രീനില്‍ വരും. പണം അടക്കാനുള്ള ഓപ്ഷനില്‍ അമര്‍ത്തിയ ശേഷം നോട്ടുകള്‍ ഓരോന്നായി നിക്ഷേപിക്കണം. ഇടുന്ന നോട്ടുകളുടെ മൂല്യം അപ്പോള്‍ത്തന്നെ സ്‌ക്രീനില്‍ തെളിയും. ചെക്കാണ് നല്‍കുന്നതെങ്കില്‍ അതിനും പ്രത്യേക സംവിധാനം ഉണ്ട്. പണം നിക്ഷേപിച്ച ശേഷം ഉറപ്പുനല്‍കുന്നിടത്ത് തൊടുന്നതോടെ രസീത് ലഭിക്കും. ഒരേസമയം ഒന്നിലധികം ബില്‍ അടയ്ക്കുന്നതിനും മെഷീനില്‍ സംവിധാനമുണ്ട്.
ബാക്കി നല്‍കാനുള്ള സംവിധാനം മെഷീനില്‍ ഇല്ല. 257 രൂപയുടെ ബില്ലാണ് അടയ്ക്കാനുള്ളതെങ്കില്‍ 260 രൂപ നിക്ഷേപിക്കേണ്ടതായി വരും. ബാക്കി വരുന്ന മൂന്നു രൂപ അടുത്ത ബില്ലില്‍ കുറ്ക്കും. കേരളത്തിലെ ഏത് വൈദ്യുതി ഓഫീസിനു കീഴിലുള്ള ബില്ലുകളും മെഷീന്‍ സ്വീകരിക്കും.
പൊതുജനങ്ങള്‍ എത്രമാത്രം ഉപയോഗിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കി കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കും. കാഷ്യര്‍മാരുടെ തസ്തിക ബോര്‍ഡ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. നാലു ലക്ഷത്തില്‍ താഴെ മാത്രമേ മെഷീന് ചെലവു വരുന്നുള്ളൂ. കാഷ്യറെ വയ്ക്കുന്നതിനെക്കാള്‍ സി.ഡി.എം. വയ്ക്കുന്നതാവും ബോര്‍ഡിന് ലാഭം.

 

Post Your Comments Here ( Click here for malayalam )
Press Esc to close