ഭൂ നികുതി വര്‍ധിപ്പിക്കും: മന്ത്രി തോമസ് ഐസക്

ഭൂ നികുതി വര്‍ധിപ്പിക്കും: മന്ത്രി തോമസ് ഐസക്

ഗായത്രി
തിരു: കേരള ഭൂനികുതി ഓര്‍ഡിനന്‍സ് 2015 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പുനസ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സേവനങ്ങള്‍ക്കുള്ള എല്ലാ ഫീസുകളും ചാര്‍ജുകളും അഞ്ച് ശതമാനം ഉയര്‍ത്തുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതില്‍നിന്നുള്ള അധിക വരുമാനം കര്‍ഷക ക്ഷേമപദ്ധതികള്‍ക്ക് നല്‍കും.
ഭൂവില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. കുറവു മുദ്രവില 5000 വരെയുള്ളവക്ക് പൂര്‍ണ ഇളവു നല്‍കും. ഭൂവില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്തതിന് 2010 മുന്‍പുവരെ 10 ലക്ഷത്തിലേറെ കേസുകളുണ്ട്. ബാക്കിയുള്ളവക്ക് മുദ്രവിലയുടെ 30 ശതമാനം അടച്ചാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കും. 300 കോടി രൂപയാണ് ഇതില്‍നിന്ന് അധികവരുമാനം പ്രതീക്ഷിക്കുന്നത്.
ഫല്‍റ്റ് ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ആദായനികുതി നിയമപ്രകാരം വിലനിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. ഭൂമിയുടെ നിലവിലുള്ള ന്യായവില 10 ശതമാനം വര്‍ധിപ്പിക്കും. ന്യായവിലയും വിപണിവിലയും തമ്മില്‍ നിലവിലുള്ള അന്തരം കുറക്കുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ഇലക്ട്രിക് പ്രകൃതി വാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളുടെ വാര്‍ഷിക നികുതി 500 രൂപയില്‍നിന്ന് 450 രൂപയാക്കി കുറച്ചു. നികുതിയടക്കാതെ സംസ്ഥാനത്തിനുള്ളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ട നികുതി ഈടാക്കാവുന്ന വിധത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തും.

Post Your Comments Here ( Click here for malayalam )
Press Esc to close