ഫിദ
കൊച്ചി: ചൂഷണങ്ങള്‍ ഒഴിവാക്കി മികച്ച വിലയില്‍ മത്സ്യം വില്‍ക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ഓണ്‍ലൈന്‍ അവസരമൊരുക്കുന്നു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഇടനിലക്കാരെ ആശ്രയിക്കാതെ കച്ചവടം ചെയ്യാന്‍ സാധിക്കുമെന്നതാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ആപ്പ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
ഇതിന് പുറമെ മറൈന്‍ ഫിഷ് എന്ന മൊബൈല്‍ ആപ്പും വെബ്‌സൈറ്റും വഴി മീന്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. കൃഷി ചെയ്യുന്ന മത്സ്യങ്ങള്‍ക്ക് പുറമെ കടല്‍ മത്സ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങളും ലഭ്യമാണ്.
ആദ്യ ഘട്ടം എന്ന നിലയില്‍ പണം കയ്യില്‍ നല്‍കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാല്‍, വരുന്ന ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആക്കാനും പദ്ധതിയുണ്ട്. എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പദ്ധതിക്ക് തുടക്കമാകും. ലാഭത്തിന്റെ വിഹിതം സ്വയംസഹായക സംഘങ്ങള്‍ക്കിടെ പങ്കുവെക്കാം.
ഈ വെബ്‌സൈറ്റ് മുഖാന്തരം വ്യാപാരം നടത്താന്‍ താത്പര്യമുള്ള മത്സ്യതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സ്വയം സഹായക സംഘങ്ങള്‍ രൂപീകരിച്ച് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.