Month: July 2017

പാര്‍വതി രതീഷിനും മംഗല്യം

 

മലയാളികളുടെ പ്രിയ നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് വിവാഹിതയാവുന്നു. സെപ്റ്റംബര്‍ ആറിനാണു വിവാഹം. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലുവാണു വരന്‍. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ചാകും വിവാഹം നടക്കുക. പാര്‍വതിയടക്കം നാലുമക്കളാണ് നടന്‍ രതിഷിന് ഉള്ളത്. അച്ഛന്‍ രതീഷിന്റെയും അമ്മ ഡയാനയുടെയും വേര്‍പാടിനെ തുടര്‍ന്ന് മക്കള്‍ തനിച്ചാകുകയായിരുന്നു. സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറും മമ്മൂട്ടിയുമടക്കം സിനിമ മേഖലയിലുള്ള സഹപ്രവര്‍ത്തകരാണു രതീഷിന്റെ മരണ ശേഷം മക്കള്‍ക്കു സഹായമായിരുന്നത്. 2015 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

മരുപ്പച്ച തേടിയ ജീവിതം

 

അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്റെ അഭിനന്ദനം. അരുന്ധതിയുടെ രചനാപാടവത്തെ ട്വിറ്ററിലൂടെയാണ് മാധവന്‍ പ്രശംസിച്ചത്. സര്‍ഗാത്മകതയുടെ ഈ പ്രക്രിയ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. മഴത്തുള്ളിക്ക് രണ്ട് പതിറ്റാണ്ടിനുശേഷവും മരുഭൂമിയില്‍ വീണ വിത്തിന് ജീവന്‍ പകരാനാവുന്നതുപോലെയാണതെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹിയിലെയും കശ്മീരിലെയും വഴികളിലുടെ അലഞ്ഞ് തിരിഞ്ഞ് പുതിയ ജീവിത സത്വത്തെ മെനഞ്ഞെടുക്കുന്ന ഈ നോവല്‍ അസാധാരണമായ ശൈലിയിലാണ് എഴുതപ്പെട്ടത്. സ്വാര്‍ത്ഥ ചിന്തകരായ രാഷ്ട്രീയ നേതൃത്വത്തെ മതിയാവോളം പരഹസിക്കുന്നുണ്ട് ഈ നോവലില്‍. ഏതായാലും ഈ വര്‍ഷത്തെ ബുക്കര്‍ െ്രെപസ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് ഈ കൃതി. 13 നോവലുകളുടെ കൂട്ടത്തിലാണ് ഈ നോവല്‍ ഇപ്പോള്‍ ഇടംപിടിച്ചത്. സെപ്തംബര്‍ ആറിന് ആറ് കൃതികളുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 17ന് ഈ വര്‍ഷത്തെ ബുക്കര്‍ ജേതാവിനെ പ്രഖ്യാപിക്കും.
അരുന്ധതിയുടെ ആദ്യ നോവലായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് പ്രസിദ്ധീകൃതമായി ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങുന്നത്. ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

കാര്‍ വിപണിയിലെ ജിഎസ്ടി തരംഗം

 

കാര്‍ വിപണിയിലെ ജിഎസ്ടി തരംഗം ഏറെ പ്രകടമാണ്. ജി.എസ്.ടി വന്നതിന്റെ നേട്ടം ഉപയോക്താക്കള്‍ക്കു കൈമാറാന്‍ പ്രമുഖ കാര്‍ കമ്പനികളും ഇരുചക്രവാഹന കമ്പനികളും ഡീലര്‍മാരും തീരുമാനിച്ചതോടെ വാഹനങ്ങള്‍ക്ക് വില കുറഞ്ഞു. അതേ സമയം സര്‍വീസ് ചാര്‍ജ്, ഓട്ടോ പാര്‍ട്‌സ് എന്നിവയുടെ നികുതി 14.5 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഒപ്പം യൂസ്ഡ് കാര്‍ വിഭാഗത്തില്‍ 29 ശതമാനം മുതല്‍ 43 ശതമാനം വരെ വരുന്ന ഇരട്ട നികുതി വിപണിയില്‍ കടുത്ത ആശങ്കകള്‍ക്കും വഴി തെളിച്ചിട്ടുണ്ട്.
ലക്ഷ്വറി കാറുകള്‍ക്ക് എക്‌സൈസ് ഡ്യൂട്ടിയും വാറ്റുമുള്‍പ്പെടെ ഇതുവരെ 45 ശതമാനത്തോളമാണ് നികുതി നല്‍കേണ്ടിയിരുന്നത്. ജി.എസ്.ടി വന്നതോടെ ഇത് 43 ശതമാനമായി. നികുതി ബാധ്യത കുറഞ്ഞതിനൊപ്പം ഇന്‍പുട്ട് ക്രെഡിറ്റും ലഭിക്കുന്നതിനാല്‍ രാജ്യത്തെ പ്രമുഖ ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ വിവിധ മോഡലുകള്‍ക്ക് 1.8 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ വില കുറച്ചിട്ടുണ്ട്.
ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുളള ആഡംബര കാര്‍ ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) എല്ലാ മോഡലുകള്‍ക്കും 7 ശതമാനം വരെ വില കുറച്ചു. ബ്എംഡബ്ല്യു കാറുകളുടെ വില 70000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കുറഞ്ഞു. ബിഎംഡബ്ല്യു 3 സീരീസിന്റെ ഷോറൂം വില 1.37 ലക്ഷം രൂപ മുതല്‍ 2.03 ലക്ഷം വരെ കുറഞ്ഞപ്പോള്‍ 7 സീരീസിന്റെ ഓണ്‍ റോഡ് വിലയില്‍ എട്ടു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. വിവിധ ഔഡി മോഡലുകളുടെ ഷോറൂം വില ഒന്നരലക്ഷം രൂപ മുതല്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മേഴ്‌സിഡെസ് ബെന്‍സ് കാറുകളുടെ വില ഒന്നര ലക്ഷം രൂപ മുതല്‍ ഏഴര ലക്ഷം രൂപ വരെ കുറയും.
നികുതിനിരക്കില്‍ ഏറ്റവും കൂടുതല്‍ ഇളവ് ലഭിക്കുന്നത് എസ്‌യുവികള്‍ക്കാണ്. ഇതുവരെ 48 ശതമാനമായിരുന്ന നികുതി 43 ശതമാനമായി കുറയുന്നതിനാലാണിത്. മഹീന്ദ്ര യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും എസ് യുവികള്‍ക്കും 6.9 % വരെ വിലക്കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ് വിവിധ മോഡലുകള്‍ക്ക് 2.17 ലക്ഷം രൂപ വരെയാണു വിലക്കുറവു പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ടിഗോറിന് 60000 രൂപ വരെ വില കുറയുമ്പോള്‍ ഹെക്‌സയുടെ വില വിവിധ വേരിയെന്റുകള്‍ക്ക് 1.25ലക്ഷം മുതല്‍ 1.76 ലക്ഷം വരെ കുറയും. ഹ്യൂണ്ടായ് ക്രെറ്റയ്ക്ക് 31000 രൂപ മുതല്‍ 70000രൂപ വരെ വില കുറയും. റെനോ ഡസ്റ്ററിന് 29132 രൂപ മുതല്‍ 60865 രൂപ വരെയും ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിന് 17889 രൂപ മുതല്‍ 33829 രൂപ വരെയും കുറഞ്ഞിട്ടുണ്ട്.
ചെറുകാര്‍ വിഭാഗത്തില്‍ ഡീസല്‍ മോഡലുകള്‍ക്ക് 28 ശതമാനം ആയിരുന്ന നികുതി 31 ശതമാനമായി ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍ മോഡലുകള്‍ക്ക് 26 ശതമാനത്തില്‍ നിന്ന് 29 ശതമാനമായാണ് നികുതി വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇന്‍പുട്ട് ക്ലെയിം ലഭിക്കുന്നതിനാലും സ്‌റ്റോക്കുകള്‍ വിറ്റഴിക്കുന്നതിനാലും ചെറുകാറുകള്‍ക്കും വിപണിയില്‍ വില കുറഞ്ഞിട്ടുണ്ട്. മാരുതി സുസുകി വിവിധ മോഡലുകള്‍ക്ക് 2300 രൂപ മുതല്‍ 23400 രൂപ വരെ വില കുറച്ചു. മാരുതി ഓള്‍ട്ടോയുടെ വിവിധ വേരിയെന്റുകള്‍ക്ക് 1612 രൂപ മുതല്‍ 3062 രൂപ വരെ വില കുറയും. (കൊച്ചി ഷോറൂം വില). വാഗണ്‍ ആറിന്റെ മാനുവല്‍ ഗിയര്‍ മോഡലുകള്‍ക്ക് 12869 രൂപ വരെ കുറഞ്ഞു. റെനോ ക്വിഡ് വേരിയെന്റുകള്‍ക്ക് 5200 രൂപ മുതല്‍ 29500 രൂപ വരെ വില കുറയും. ടാറ്റ ടിയാഗോക്ക് 30000 രൂപ മുതല്‍ 60000 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്.
സങ്കര ഇന്ധന സാങ്കേതിക വിദ്യയായ മൈക്രോ ഹൈബ്രിഡ് സംവിധാനത്തിന് നികുതി ആനുകൂല്യം പിന്‍വലിച്ചതോടെ 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണ് ഇനി ഹൈബ്രിഡ് കാറുകള്‍ക്ക് ഈടാക്കുക. ഇതോടെ ഈ രംഗത്ത് 13 മുതല്‍ 23 ശതമാനം വരെയാണ് വില വര്‍ധന. പൂര്‍ണമായും വൈദ്യുതിയിലോടുന്ന വാഹനങ്ങളുടെ നികുതി ഇളവ് ഭാഗികമായി മാത്രം വൈദ്യുതി മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണിത്. ഇതോടെ മാരുതി സുസുക്കിയുടെ മൈക്രോഹൈബ്രിഡ് മോഡലുകളായ സിയാസ് ഡീസല്‍, എര്‍ട്ടിഗ ഡീസല്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷത്തിലേറെ രൂപ വില കൂടും. അതേസമയം ബിഎംഡബ്ല്യു ഐ 8 ഹൈബ്രിഡ് കാറിനു 40 ലക്ഷം രൂപയിലധികമാണ് വില വര്‍ധന.
ടൂ വീലറുകള്‍ക്ക് 14.5 ശതമാനമായിരുന്ന നികുതി 28 ശതമാനമായി വര്‍ധിച്ചിട്ടുണ്ട.് എന്നാലും ഇന്‍പുട്ട് ക്രെഡിറ്റ് ആനുകൂല്യ മുള്‍പ്പടെ ലഭിക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും നേരിയ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. 150 സിസിയില്‍ തഴെയുളള ഹോണ്ടയുടെ ആക്റ്റീവ, ഹീറോയുടെ പ്ലഷര്‍ മോഡലുകള്‍ക്ക് യഥാക്രമം 600, 800 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഹീറോയുടെ ഡ്യുവറ്റിന് 900 രൂപ കുറഞ്ഞിട്ടുണ്ട്. വിവിധ മോഡലുകളുടെ 150 സിസിയില്‍ കൂടുതലുളള ബൈക്കുകള്‍ക്ക് 1000 രൂപ മുതല്‍ 4000 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഹീറോയുടെ പാഷന്‍ പ്രോ മോഡലിന് 1035 രൂപ കുറഞ്ഞപ്പോള്‍ എക്‌സ്ട്രീമിന് 1700 രൂപ വരെ കുറഞ്ഞിട്ടുണ്ട്.
ഓട്ടോ പാര്‍ട്‌സിന് 14.5 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി നികുതി വര്‍ധിച്ചതോടെ ടയറുകള്‍ക്കുള്‍പ്പെടെ നികുതി നിരക്ക് 28 ശതമാനം ആയി. എന്നാല്‍ കമ്പനികള്‍ ടയറുകള്‍ക്കോ ഓട്ടോ പാര്‍ട്‌സിനോ വില മാറ്റം പ്രഖ്യാപിച്ചിട്ടില്ല.സര്‍വീസ് ചാര്‍ജ്
ജിഎസ്ടി നടപ്പായതോടെ വാഹനങ്ങളുടെ സര്‍വീസ് ചാര്‍ജ്ജ് വര്‍ധിക്കും. ഇനി മുതല്‍ സര്‍വ്വീസിംഗിന് 18 ശതമാനം മുതല്‍ 28 ശതമാനം വരെ നികുതി കൊടുക്കണ്ടേി വരും.10000 രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവു വന്നതെങ്കില്‍ മോഡല്‍ അനുസരിച്ച് 180 രൂപയോ 280 രൂപയോ ആകും നികുതി. സപ്ലൈയുടെയും ലേബറിന്റെയും ബില്‍ വെവ്വേറെ കൊടുത്താലെ ഇതില്‍ മാറ്റമുണ്ടാകൂ.

 

സുസുക്കിക്ക് 1,556.4 കോടി രൂപയുടെ അറ്റാദായം

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 1,556.4 കോടി രൂപ അറ്റാദായം നേടി.
അതേസമയം, വരുമാനം 14,654.5 കോടി രൂപയില്‍ നിന്ന് 16.7 ശതമാനം ഉയര്‍ന്ന് 17,132.4 കോടി രൂപയിലെത്തി.
2017 ഏപ്രില്‍ജൂണ്‍ പാദത്തില്‍ കമ്പനി 3,94,571 കാറുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ആദ്യ പാദത്തിലേതിനെ അപേക്ഷിച്ച് 13.2 ശതമാനമാണ് വളര്‍ച്ച. മൊത്തം വില്‍പ്പനയില്‍ 26,140 യൂണിറ്റുകള്‍ വിദേശങ്ങളിലേക്കുള്ള കയറ്റുമതിയാണ്.
മുന്‍ വര്‍ഷം ഇതേ കാലയളവിലേതുമായി താരതമ്യം ചെയ്താല്‍ 4.4 ശതമാനം വളര്‍ച്ചയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും ജി.എസ്.ടി.യിലേക്കുള്ള മാറ്റം മൂലമുള്ള ചെലവുകളുമാണ് ലാഭ വളര്‍ച്ച 4.4 ശതമാനത്തില്‍ ഒതുങ്ങാന്‍ കാരണം

 

കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ ആദായവകുപ്പ് പരിശോധിക്കുന്നു

 

മുംബൈ: നോട്ട് അസാധുവാക്കിയതിനുശേഷം കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധനക്ക് വിധേയമാക്കുന്നു. വ്യക്തിഗത അക്കൗണ്ടുകളാണ് ഇതുവരെ പരിശോധിച്ചിരുന്നത്. പരിശോധനയുടെ ഭാഗമായി പ്രമുഖ ജ്വല്ലറികള്‍, വജ്ര വ്യാപാരികള്‍, ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍മാര്‍ തുടങ്ങിയവര്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് കാണിച്ച് നോട്ടീസ് അയച്ചുതുടങ്ങി. വന്‍തുക നിക്ഷേപിച്ച വമ്പന്‍മാര്‍ക്കാണ് ഇമെയില്‍വഴി ആദായ നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. കച്ചവടത്തില്‍നിന്ന് ലഭിച്ച കയ്യിലുള്ള തുകയാണ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതെന്നാണ് വ്യാപാരികള്‍ പ്രധാനമായും നല്‍കുന്ന മറുപടി.

ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

 

തിരു: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണികള്‍, നീതിസ്‌റ്റോറുകള്‍, സഹകരണ വിപണനകേന്ദ്രങ്ങള്‍, ഓണച്ചന്തകള്‍ തുടങ്ങിയവ വഴി വില്‍പ്പന നടത്തുന്നതിനാണ് പണം അനുവദിച്ചത്. ഇതിനായി 40 കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി സഹകരണ ഓണം വിപണി അടുത്ത മാസം 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ സംഘടിപ്പിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നു 30 ശതമാനം വില കുറച്ച് 3500 വിപണനകേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്കില്‍ ഉമ്മകള്‍ പാറിപ്പറക്കുന്നു

 

ഫെയ്‌സ്ബുക്കില്‍ ഉമ്മകള്‍ പാറിപ്പറക്കുന്നു. വെറും ഉമ്മയല്ല. നല്ല ചെമല നിറത്തിലുള്ള ഉഗ്രന്‍ ഉമ്മകള്‍. ഉമ്മയില്‍ തൊട്ടാലാകട്ടെ ലവ് ചിഹ്നങ്ങള്‍ പാറക്കും. മലയാളത്തില്‍ ‘ഉമ്മ’ എന്നും ഇംഗ്ലീഷില്‍ ‘xoxo’ എന്ന് ടൈപ്പ് ചെയ്താലും ചുവന്ന നിറത്തിലേക്കു ഇത് മാറും. ഇതോടൊപ്പം ചുവന്ന ഹൃദയം ഫെയ്‌സ്ബുക്കിലൂടെ പാറിപ്പറക്കും. മറ്റുള്ള പ്രാദേശിക ഭാഷകളില്‍ ഈ ‘ഉമ്മ’ ഉണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഉമ്മയോട് ചേര്‍ന്ന മറ്റു വാക്കുകള്‍ക്കും ഫെയ്‌സ്ബുക്ക് ഇമോജി ഫീച്ചര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, ഫെയ്‌സ്ബുക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇത്തരം സംഗതികള്‍ പെട്ടെന്ന് ക്ലിക്കാകുന്നതുകൊണ്ടു തന്നെ നാളെയോ മറ്റന്നാളോ ഇതിനൊരു വിശദീകരണം ഒരു പക്ഷെ ഫെയ്‌സ്ബുക്ക് തന്നെ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷ.

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 25.61 ശതമാനം വര്‍ധന

 

കൊച്ചി: ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 210.15 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 25.61 ശതമാനം വര്‍ധന. മൊത്തം വരുമാനം 17.20 ശതമാനം ഉയര്‍ന്ന് 2,653.20 കോടി രൂപയിലെത്തി.
കറന്റ്, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 20.33 ശതമാനം വളര്‍ച്ചയോടെ 32,048.03 കോടി രൂപയിലെത്തിയിട്ടുണ്ട്. മൊത്തം നിക്ഷേപങ്ങളുടെ 33.44 ശതമാനം വരുമിത്. എന്‍.ആര്‍.ഇ. നിക്ഷേപങ്ങള്‍ 37,370.46 കോടി രൂപയിലെത്തിയിട്ടുണ്ട്. 16.34 ശതമാനമാണ് വളര്‍ച്ച. റീട്ടെയില്‍ വായ്പ 27.82 ശതമാനം വര്‍ധനയോടെ 22,226.73 കോടി രൂപയിലെത്തി. 1,867.94 കോടി രൂപയാണ് ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം ബാങ്കിന്റെ മൊത്തം കിട്ടാക്കടം. മൊത്തം വായ്പയുടെ 2.42 ശതമാനം വരുമിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1.39 ശതമാനമാണ്.
മൊത്തം ബിസിനസ് 22.74 ശതമാനം വര്‍ധനയോടെ 1,72,145.95 കോടി രൂപയിലെത്തിയിട്ടുണ്ട്. നിക്ഷേപം 18.13 ശതമാനം വര്‍ധിച്ച് 95,838.84 കോടിയിലെത്തിയപ്പോള്‍ വായ്പ 29.08 ശതമാനം വളര്‍ച്ചയോടെ 76,307.11 കോടി രൂപയിലെത്തി.

മികച്ച സംരംഭകനാവാന്‍ എന്തൊക്കെ ചെയ്യണം

 

സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും. മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ.
നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത് ചില കഴിവുകള്‍ നേടിയെടുക്കുകയാണ്. അതിന് ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും. അവരുടെ മാതൃകയാക്കുക വഴി ഒരു സംരഭകന്റെ വ്യക്തി ജീവിതത്തിലും ബിസ്‌നസ് ജീവിതത്തിലും അവിശ്വസനീയമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സഹായിക്കും.
എപ്പോഴും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുകസ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരായിരിക്കുക. വിജയം നേടിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുക
വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ വലുതായി ചിന്തിക്കാനും കഴിയുക.പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുക. പുതിയ ആശയങ്ങളും പുതിയ ബിസിനസ് സാധ്യതകളും എവിടെയും കണ്ടെത്തുക.
പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.പ്രത്യേകിച്ച് ബിസ്‌നസില്‍.നമ്മളെങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതിനനുസരിച്ചാവും ബിസ്‌നസിന്റെ വളര്‍ച്ചയും എന്ന കാര്യം പ്രത്യേകം മനസിലാക്കുക.
മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് തിരിച്ചറിയണം.
വ്യക്തമായ ആസൂത്രണം എല്ലാ കാര്യങ്ങളിലും ഉണ്ടായിരിക്കണം.ഓരോ ചുവടും വെക്കുന്നത് ആസൂത്രണത്തെ മുന്‍നിര്‍ത്തിയായിരിക്കണം.കൃത്യമായി ലക്ഷ്യവും അതിനൊപ്പം ഉണ്ടായിരിക്കണം.
സ്വന്തം ബിസിനസിനെക്കുറിച്ചുീബിസിനസ് മേഖലയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാനും അത് ബിസിനസില്‍ കൊണ്ട് വരാനും ശ്രമിക്കണം.
എപ്പോഴും മാറ്റത്തിനു തയാറാവണം.ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കണം. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ ബിസ്‌നസില്‍ നിന്ന് തന്നെ പിന്‍തള്ളപ്പെട്ടേക്കാം.
എപ്പോഴും ഉപഭോക്താവിനെ ശ്രദ്ധിക്കുക.ഉപഭോക്താവിനു വേണ്ട പരിഗണന കൊടുക്കുക.ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തില്‍ ജയിക്കാന്‍ സഹായിക്കും.
തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ് ഭംഗിയായി നടക്കാന്‍ നല്ലൊരു ബിസ്‌നസ് സിസ്റ്റം ഉണ്ടാക്കിയെടുക്കണം.വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുക. നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കുക. ബിസ്‌നസില്‍ മത്സരം നേരിടുന്നതില്‍ ഇത് വളരെ ഗുണം ചെയ്യും. മറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കുക. ഇത് ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ് ബിസിനസിന് ഗുണം ചെയ്യും.
ബിസിനസുകളുടെ ഉയര്‍ന്ന പരാജയ നിരക്കാണ് അലട്ടുന്ന പ്രധാന ഘടകം. ഇത് സംബന്ധിച്ച് ഇന്ത്യയില്‍ കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. അതുകൊണ്ട് നമുക്ക് വികസിത രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കാം. അമേരിക്കയിലെ കാര്യമെടുത്താല്‍ 16 വര്‍ഷത്തിനുള്ളില്‍ 74 ശതമാനം ബിസിനസുകളും പരാജയപ്പെടുന്നു. യുഎസ്എ സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളാണിത്. ഒന്നോര്‍ത്തു നോക്കണം; ലോകത്ത് ബിസിനസ് ചെയ്യാനാകുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ 23ാം സ്ഥാനമാണ് അമേരിക്കക്കുള്ളത്. ഫോബ്‌സിന്റെ ‘Best Coutnries for Business’ പട്ടികയില്‍ 85ാം സ്ഥാനമുള്ള ഇന്ത്യയില്‍ എന്തായാലും ഈ നിരക്ക് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതലായിരിക്കും എന്ന കാര്യം തീര്‍ച്ച.
ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തിനും ഓരോ പ്രൊഫഷണല്‍ മാനേജര്‍മാരാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഓര്‍ഗനൈസേഷനിലെ ഏതാണ്ടെല്ലാ വിഭാഗത്തിനും തുല്യമായ പ്രാധാന്യമാകും ലഭിക്കുക. ഒരിക്കലും ഒരു മാനേജറും തന്റെ ജോലി അപ്രധാനമാണെന്ന് ധരിക്കുകയും അരുത്. സംരംഭകനാണെങ്കില്‍, ഈ ഓരോ വിഭാഗത്തിനും ഒരേ പ്രാധാന്യം കല്‍പ്പിച്ചു കൊണ്ട് ഒരുപോലെ മാനേജ് ചെയ്യാന്‍ ശ്രമിക്കും. ഈ മനോഭാവം മാനേജര്‍മാരുടെ തലത്തില്‍ നിന്ന് അരിച്ചിറങ്ങി താഴെ തട്ടിലുള്ള സൂപ്പര്‍വൈസറി പോലുള്ള തലങ്ങളിലേക്ക് വരെ എത്തും.
സമയം കാര്യക്ഷമമായി വിനിയോഗിക്കുക എന്നതു തന്നെയാണ് ബിസിനസിലെ സുപ്രധാനമായ മറ്റൊരു ഘടകം. ബിസിനസ് കാലാവസ്ഥ അനുദിനം ബുദ്ധിമുട്ടേറി വരികയാണ്. വിപണിയിലെ അസ്ഥിരത, കൂടുതല്‍ തുറന്ന വിപണി, ഉല്‍പ്പന്നത്തിന്റെ ആയുസ് കുറയുന്നത് എന്നതൊക്കെ ഇതിന് കാരണമാകുന്നുണ്ട്. നമ്മുടെ ബിസിനസ് നടത്തിപ്പില്‍ എവിടെയാണ് പിഴവെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അത് തിരുത്താന്‍ പറ്റിയില്ലെങ്കില്‍ ബിസിനസിന്റെ പരാജയ സാധ്യത തീര്‍ച്ചയായും ഉയരും.
ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക് കാണാന്‍ കഴിയും.
പതു സംരഭകര്‍ക്ക് തങ്ങളുടെ വ്യക്തി ജീവിതത്തിലും ബിസ്‌നസ് മേഖലകളിലും വിജയം നേടാന്‍ ഇവ സഹായിക്കും.

വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

 

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങള്‍ മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഈ വര്‍ഷാവസാനത്തോടെയാണ് സ്വകാര്യവത്കരിക്കാനുള്ള തീരുമാനം. ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷനാണ് സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും പൊതു ഖജനാവിന്റെ ചെലവ് കുറക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റമെന്ന് ജിഎസിഎ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അല്‍ തമീമി അറിയിച്ചു. ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍ വിമാനത്താവള നിര്‍മ്മാണത്തിനുള്ള പണം മുടക്കും. സ്വകാര്യവത്കരണത്തിന്റെ ഓഹരിയുടെ ഒരു പങ്ക് പൊതുജനങ്ങള്‍ക്ക് വില്‍ക്കും. തിരഞ്ഞെടുക്കുന്ന ബോര്‍ഡ് ഡയറക്ടര്‍മാരായിരിക്കും കമ്പനി നിയന്ത്രിക്കുക. മൂന്നുഘട്ടങ്ങളായാണ് സ്വകാര്യവല്‍ക്കരണം നടപ്പാക്കുക. ആദ്യഘട്ടത്തില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്വകാര്യവല്‍ക്കരിക്കുക. രണ്ടാം ഘട്ടത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണിയും നിര്‍വഹിക്കുന്നതിന് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടും. ഇതനുസരിച്ച് ജിദ്ദയില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യവത്കരിക്കുന്ന കമ്പനിക്കു കൈമാറും. കമ്പനി വിമാനത്താവളത്തില്‍ നിന്നുള്ള ലാഭം ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷനാണ് പങ്കുവെക്കുക. മൂന്നാംഘട്ടത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ വിമാനത്താവളം നിര്‍മിക്കുകയും ശേഷം കൈമാറുകയും ചെയ്യും. മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ത്വാഇഫ്, ഖസീം, യാമ്പൂ തുടങ്ങിയ വിമാനത്താവളങ്ങള്‍ ബിഒടി പ്രകാരം നിര്‍മിച്ചതാണ്.
ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍ ജീവനക്കാരെ വിമാനത്താവള നിര്‍മാണത്തിന് നിക്ഷേപമിറക്കുന്ന കമ്പനിക്കു കൈമാറും. അതേസമയം റിയാദ് വിമാനത്താവളത്തിന്റെ ഓഹരി വിറ്റഴിക്കുന്നതിന് അമേരിക്കന്‍ ധനകാരൃ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാഷ്‌സിനെ ചുമതലയേല്‍പ്പിച്ചതായി ജിഎസിഎ അറിയിച്ചു. വിമാനത്താവളങ്ങള്‍ സ്വകാരൃവല്‍ക്കരിക്കുന്നതിലൂടെ 200 ബിലൃന്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.