വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

 

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങള്‍ മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഈ വര്‍ഷാവസാനത്തോടെയാണ് സ്വകാര്യവത്കരിക്കാനുള്ള തീരുമാനം. ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷനാണ് സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും പൊതു ഖജനാവിന്റെ ചെലവ് കുറക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റമെന്ന് ജിഎസിഎ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അല്‍ തമീമി അറിയിച്ചു. ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍ വിമാനത്താവള നിര്‍മ്മാണത്തിനുള്ള പണം മുടക്കും. സ്വകാര്യവത്കരണത്തിന്റെ ഓഹരിയുടെ ഒരു പങ്ക് പൊതുജനങ്ങള്‍ക്ക് വില്‍ക്കും. തിരഞ്ഞെടുക്കുന്ന ബോര്‍ഡ് ഡയറക്ടര്‍മാരായിരിക്കും കമ്പനി നിയന്ത്രിക്കുക. മൂന്നുഘട്ടങ്ങളായാണ് സ്വകാര്യവല്‍ക്കരണം നടപ്പാക്കുക. ആദ്യഘട്ടത്തില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്വകാര്യവല്‍ക്കരിക്കുക. രണ്ടാം ഘട്ടത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണിയും നിര്‍വഹിക്കുന്നതിന് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടും. ഇതനുസരിച്ച് ജിദ്ദയില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യവത്കരിക്കുന്ന കമ്പനിക്കു കൈമാറും. കമ്പനി വിമാനത്താവളത്തില്‍ നിന്നുള്ള ലാഭം ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷനാണ് പങ്കുവെക്കുക. മൂന്നാംഘട്ടത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ വിമാനത്താവളം നിര്‍മിക്കുകയും ശേഷം കൈമാറുകയും ചെയ്യും. മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ത്വാഇഫ്, ഖസീം, യാമ്പൂ തുടങ്ങിയ വിമാനത്താവളങ്ങള്‍ ബിഒടി പ്രകാരം നിര്‍മിച്ചതാണ്.
ജനറല്‍ അതോറിറ്റി സിവില്‍ ഏവിയേഷന്‍ ജീവനക്കാരെ വിമാനത്താവള നിര്‍മാണത്തിന് നിക്ഷേപമിറക്കുന്ന കമ്പനിക്കു കൈമാറും. അതേസമയം റിയാദ് വിമാനത്താവളത്തിന്റെ ഓഹരി വിറ്റഴിക്കുന്നതിന് അമേരിക്കന്‍ ധനകാരൃ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാഷ്‌സിനെ ചുമതലയേല്‍പ്പിച്ചതായി ജിഎസിഎ അറിയിച്ചു. വിമാനത്താവളങ്ങള്‍ സ്വകാരൃവല്‍ക്കരിക്കുന്നതിലൂടെ 200 ബിലൃന്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close