കാര്‍ വിപണിയിലെ ജിഎസ്ടി തരംഗം

കാര്‍ വിപണിയിലെ ജിഎസ്ടി തരംഗം

 

കാര്‍ വിപണിയിലെ ജിഎസ്ടി തരംഗം ഏറെ പ്രകടമാണ്. ജി.എസ്.ടി വന്നതിന്റെ നേട്ടം ഉപയോക്താക്കള്‍ക്കു കൈമാറാന്‍ പ്രമുഖ കാര്‍ കമ്പനികളും ഇരുചക്രവാഹന കമ്പനികളും ഡീലര്‍മാരും തീരുമാനിച്ചതോടെ വാഹനങ്ങള്‍ക്ക് വില കുറഞ്ഞു. അതേ സമയം സര്‍വീസ് ചാര്‍ജ്, ഓട്ടോ പാര്‍ട്‌സ് എന്നിവയുടെ നികുതി 14.5 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഒപ്പം യൂസ്ഡ് കാര്‍ വിഭാഗത്തില്‍ 29 ശതമാനം മുതല്‍ 43 ശതമാനം വരെ വരുന്ന ഇരട്ട നികുതി വിപണിയില്‍ കടുത്ത ആശങ്കകള്‍ക്കും വഴി തെളിച്ചിട്ടുണ്ട്.
ലക്ഷ്വറി കാറുകള്‍ക്ക് എക്‌സൈസ് ഡ്യൂട്ടിയും വാറ്റുമുള്‍പ്പെടെ ഇതുവരെ 45 ശതമാനത്തോളമാണ് നികുതി നല്‍കേണ്ടിയിരുന്നത്. ജി.എസ്.ടി വന്നതോടെ ഇത് 43 ശതമാനമായി. നികുതി ബാധ്യത കുറഞ്ഞതിനൊപ്പം ഇന്‍പുട്ട് ക്രെഡിറ്റും ലഭിക്കുന്നതിനാല്‍ രാജ്യത്തെ പ്രമുഖ ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ വിവിധ മോഡലുകള്‍ക്ക് 1.8 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ വില കുറച്ചിട്ടുണ്ട്.
ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുളള ആഡംബര കാര്‍ ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) എല്ലാ മോഡലുകള്‍ക്കും 7 ശതമാനം വരെ വില കുറച്ചു. ബ്എംഡബ്ല്യു കാറുകളുടെ വില 70000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കുറഞ്ഞു. ബിഎംഡബ്ല്യു 3 സീരീസിന്റെ ഷോറൂം വില 1.37 ലക്ഷം രൂപ മുതല്‍ 2.03 ലക്ഷം വരെ കുറഞ്ഞപ്പോള്‍ 7 സീരീസിന്റെ ഓണ്‍ റോഡ് വിലയില്‍ എട്ടു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. വിവിധ ഔഡി മോഡലുകളുടെ ഷോറൂം വില ഒന്നരലക്ഷം രൂപ മുതല്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മേഴ്‌സിഡെസ് ബെന്‍സ് കാറുകളുടെ വില ഒന്നര ലക്ഷം രൂപ മുതല്‍ ഏഴര ലക്ഷം രൂപ വരെ കുറയും.
നികുതിനിരക്കില്‍ ഏറ്റവും കൂടുതല്‍ ഇളവ് ലഭിക്കുന്നത് എസ്‌യുവികള്‍ക്കാണ്. ഇതുവരെ 48 ശതമാനമായിരുന്ന നികുതി 43 ശതമാനമായി കുറയുന്നതിനാലാണിത്. മഹീന്ദ്ര യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും എസ് യുവികള്‍ക്കും 6.9 % വരെ വിലക്കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ് വിവിധ മോഡലുകള്‍ക്ക് 2.17 ലക്ഷം രൂപ വരെയാണു വിലക്കുറവു പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ടിഗോറിന് 60000 രൂപ വരെ വില കുറയുമ്പോള്‍ ഹെക്‌സയുടെ വില വിവിധ വേരിയെന്റുകള്‍ക്ക് 1.25ലക്ഷം മുതല്‍ 1.76 ലക്ഷം വരെ കുറയും. ഹ്യൂണ്ടായ് ക്രെറ്റയ്ക്ക് 31000 രൂപ മുതല്‍ 70000രൂപ വരെ വില കുറയും. റെനോ ഡസ്റ്ററിന് 29132 രൂപ മുതല്‍ 60865 രൂപ വരെയും ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിന് 17889 രൂപ മുതല്‍ 33829 രൂപ വരെയും കുറഞ്ഞിട്ടുണ്ട്.
ചെറുകാര്‍ വിഭാഗത്തില്‍ ഡീസല്‍ മോഡലുകള്‍ക്ക് 28 ശതമാനം ആയിരുന്ന നികുതി 31 ശതമാനമായി ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍ മോഡലുകള്‍ക്ക് 26 ശതമാനത്തില്‍ നിന്ന് 29 ശതമാനമായാണ് നികുതി വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇന്‍പുട്ട് ക്ലെയിം ലഭിക്കുന്നതിനാലും സ്‌റ്റോക്കുകള്‍ വിറ്റഴിക്കുന്നതിനാലും ചെറുകാറുകള്‍ക്കും വിപണിയില്‍ വില കുറഞ്ഞിട്ടുണ്ട്. മാരുതി സുസുകി വിവിധ മോഡലുകള്‍ക്ക് 2300 രൂപ മുതല്‍ 23400 രൂപ വരെ വില കുറച്ചു. മാരുതി ഓള്‍ട്ടോയുടെ വിവിധ വേരിയെന്റുകള്‍ക്ക് 1612 രൂപ മുതല്‍ 3062 രൂപ വരെ വില കുറയും. (കൊച്ചി ഷോറൂം വില). വാഗണ്‍ ആറിന്റെ മാനുവല്‍ ഗിയര്‍ മോഡലുകള്‍ക്ക് 12869 രൂപ വരെ കുറഞ്ഞു. റെനോ ക്വിഡ് വേരിയെന്റുകള്‍ക്ക് 5200 രൂപ മുതല്‍ 29500 രൂപ വരെ വില കുറയും. ടാറ്റ ടിയാഗോക്ക് 30000 രൂപ മുതല്‍ 60000 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്.
സങ്കര ഇന്ധന സാങ്കേതിക വിദ്യയായ മൈക്രോ ഹൈബ്രിഡ് സംവിധാനത്തിന് നികുതി ആനുകൂല്യം പിന്‍വലിച്ചതോടെ 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണ് ഇനി ഹൈബ്രിഡ് കാറുകള്‍ക്ക് ഈടാക്കുക. ഇതോടെ ഈ രംഗത്ത് 13 മുതല്‍ 23 ശതമാനം വരെയാണ് വില വര്‍ധന. പൂര്‍ണമായും വൈദ്യുതിയിലോടുന്ന വാഹനങ്ങളുടെ നികുതി ഇളവ് ഭാഗികമായി മാത്രം വൈദ്യുതി മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണിത്. ഇതോടെ മാരുതി സുസുക്കിയുടെ മൈക്രോഹൈബ്രിഡ് മോഡലുകളായ സിയാസ് ഡീസല്‍, എര്‍ട്ടിഗ ഡീസല്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷത്തിലേറെ രൂപ വില കൂടും. അതേസമയം ബിഎംഡബ്ല്യു ഐ 8 ഹൈബ്രിഡ് കാറിനു 40 ലക്ഷം രൂപയിലധികമാണ് വില വര്‍ധന.
ടൂ വീലറുകള്‍ക്ക് 14.5 ശതമാനമായിരുന്ന നികുതി 28 ശതമാനമായി വര്‍ധിച്ചിട്ടുണ്ട.് എന്നാലും ഇന്‍പുട്ട് ക്രെഡിറ്റ് ആനുകൂല്യ മുള്‍പ്പടെ ലഭിക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും നേരിയ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. 150 സിസിയില്‍ തഴെയുളള ഹോണ്ടയുടെ ആക്റ്റീവ, ഹീറോയുടെ പ്ലഷര്‍ മോഡലുകള്‍ക്ക് യഥാക്രമം 600, 800 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഹീറോയുടെ ഡ്യുവറ്റിന് 900 രൂപ കുറഞ്ഞിട്ടുണ്ട്. വിവിധ മോഡലുകളുടെ 150 സിസിയില്‍ കൂടുതലുളള ബൈക്കുകള്‍ക്ക് 1000 രൂപ മുതല്‍ 4000 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഹീറോയുടെ പാഷന്‍ പ്രോ മോഡലിന് 1035 രൂപ കുറഞ്ഞപ്പോള്‍ എക്‌സ്ട്രീമിന് 1700 രൂപ വരെ കുറഞ്ഞിട്ടുണ്ട്.
ഓട്ടോ പാര്‍ട്‌സിന് 14.5 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി നികുതി വര്‍ധിച്ചതോടെ ടയറുകള്‍ക്കുള്‍പ്പെടെ നികുതി നിരക്ക് 28 ശതമാനം ആയി. എന്നാല്‍ കമ്പനികള്‍ ടയറുകള്‍ക്കോ ഓട്ടോ പാര്‍ട്‌സിനോ വില മാറ്റം പ്രഖ്യാപിച്ചിട്ടില്ല.സര്‍വീസ് ചാര്‍ജ്
ജിഎസ്ടി നടപ്പായതോടെ വാഹനങ്ങളുടെ സര്‍വീസ് ചാര്‍ജ്ജ് വര്‍ധിക്കും. ഇനി മുതല്‍ സര്‍വ്വീസിംഗിന് 18 ശതമാനം മുതല്‍ 28 ശതമാനം വരെ നികുതി കൊടുക്കണ്ടേി വരും.10000 രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവു വന്നതെങ്കില്‍ മോഡല്‍ അനുസരിച്ച് 180 രൂപയോ 280 രൂപയോ ആകും നികുതി. സപ്ലൈയുടെയും ലേബറിന്റെയും ബില്‍ വെവ്വേറെ കൊടുത്താലെ ഇതില്‍ മാറ്റമുണ്ടാകൂ.

 

Post Your Comments Here ( Click here for malayalam )
Press Esc to close