ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂപ്പ് കൂത്തി

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂപ്പ് കൂത്തി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദവര്‍ഷത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഇത് 7.9 ശതമാനമായിരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയമാണ് മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകള്‍ പുറത്തുവിട്ടത്.
2014 ജനുവരിമാര്‍ച്ചിലാണ് വളര്‍ച്ചനിരക്കില്‍ ഇതിലും വലിയ ഇടിവുണ്ടായത് (4.6 ശതമാനം). ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) സമ്പ്രദായം നടപ്പാക്കുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദനം കുറച്ചതും നോട്ട് അസാധുവാക്കലിന്റെ ആഘാതവുമാണ് വളര്‍ച്ചനിരക്കില്‍ ഇത്തവണ ഇടിവുണ്ടാക്കിയത്.
ഇക്കാര്യത്തില്‍ ചൈന ഇന്ത്യക്ക് മുന്നിലാണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചൈനയ്ക്ക് പിന്നിലാകുന്നത്. 6.9 ശതമാനമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലും ചൈനയുടെ വളര്‍ച്ചനിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ (ജനുവരിമാര്‍ച്ച്) 6.1 ശതമാനം ആയിരുന്നു ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചനിരക്ക്. ജൂലായ് ഒന്നിന് ജി.എസ്.ടി. നിലവില്‍വരുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദിപ്പിച്ച സാധനങ്ങള്‍ വിറ്റഴിക്കുന്നതിനാണ് സ്ഥാപനങ്ങള്‍ ഊന്നല്‍നല്‍കിയത്. ഇത് ഉത്പാദനത്തില്‍ വന്‍ കുറവുണ്ടാക്കി. ഉത്പാദനനിരക്ക് മുന്‍വര്‍ഷത്തെ 10.7 ശതമാനത്തില്‍നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഇതാണ് വളര്‍ച്ചനിരക്കില്‍ പ്രതിഫലിച്ചത്. ജി.എസ്.ടി. നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാര്‍, വസ്ത്രം, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ ഉത്പാദനം കുറക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കി.

 

Post Your Comments Here ( Click here for malayalam )
Press Esc to close