കേരളം വിളയിക്കാന്‍ 1500 കോടി

കേരളം വിളയിക്കാന്‍ 1500 കോടി

ഗായത്രി-
കൊച്ചി: സംസ്ഥാനത്തെ തെങ്ങിന്‍തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപം കൊടുത്ത ‘കേരഗ്രാമം’ പദ്ധതിക്ക് പുതുജീവന്‍. 250 ഹെക്ടര്‍ വിസ്തൃതിയിലുള്ള 79 കേരഗ്രാമങ്ങളാണ് പദ്ധതിപ്രകാരം ഈ വര്‍ഷം സജ്ജമാക്കാനൊരുങ്ങുന്നത്. ഇതിനായി 1500 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്.
2017 ജൂലായിലാണ് കേരഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ ധനകാര്യവകുപ്പ് വേണ്ടത്ര ഫണ്ടനുവദിക്കാതിരുന്നതിനാല്‍ പദ്ധതി മുടന്തുകയായിരുന്നു. പ്രാരംഭഘട്ടത്തില്‍ 100 കോടി മാത്രമാണ് അനുവദിച്ചിരുന്നത്. പദ്ധതി പ്രകാരം പത്തിരട്ടി വരെ നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വിപുലമായ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കും. കൃഷി പരിപാലനം, നാളികേര സംസ്‌കരണ, ജൈവവള ഉല്‍പാദന യൂണിറ്റുകള്‍ക്ക് സഹായം, കര്‍ഷകര്‍ക്ക് വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, കുള്ളന്‍തെങ്ങുകളുടെ പ്രദര്‍ശനത്തോട്ടമൊരുക്കല്‍ തുടങ്ങിയവയ്ക്ക് സഹായം ലഭിക്കും. കേരഗ്രാമം പദ്ധതി നടപ്പാക്കുന്ന കൃഷിഭവനുകളുമായാണ് വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത്. ഫോണ്‍ 04712334989.

തെങ്ങുകൃഷി വളരട്ടെ
നിലവില്‍ സംസ്ഥാനത്ത് 7.81 ലക്ഷം ഹെക്ടറിലാണ് തെങ്ങുകൃഷിയുള്ളത്. പത്തുവര്‍ഷത്തിനുള്ളില്‍ ഇത് 9.25 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഇതോടെ ഉത്പാദനക്ഷമത ഹെക്ടറിന് 6889 തേങ്ങ എന്ന നിലയില്‍നിന്ന് 8500ല്‍ എത്തുമെന്നാണ് കരുതുന്നത്. നാളികേര ഉത്പാദനത്തില്‍ കേരളം എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തില്‍ നാളികേര വികസന കൗണ്‍സിലിന് രൂപംനല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close