നോട്ടു നിരോധനം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണം

നോട്ടു നിരോധനം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി:
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. രാജ്യത്തിന്റെ സമ്പദ് രംഗത്തെ പിന്നോട്ടടിച്ച കിരാത നടപടിയായിരുന്നു നോട്ട് നിരോധനമെന്നും രാജ്യത്തിന് അതുണ്ടാക്കിയത് കടുത്ത സാമ്പത്തിക ആഘാതമായിരുന്നെന്നും അദ്ദേഹം പറയുന്നു.
അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ദ ചലഞ്ചസ് ഓഫ് ദ മോദി ജെയ്റ്റ്‌ലി ഇക്കോണമി’ എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച രൂക്ഷ വിമര്‍ശനങ്ങളുള്ളത്. നോട്ടു നിരോധനം നടക്കുന്ന കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ലെന്നും. അതുണ്ടാക്കിയ ആഘാതം എത്രത്തോളമുണ്ട് എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിനു മുന്‍പുണ്ടായിരുന്ന എട്ട് ശതമാനത്തില്‍നിന്ന് 6.8 ശതമാനത്തിലേക്ക് സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞു. ഉയര്‍ന്ന പലിശനിരക്ക്, ജിഎസ്ടി, ഇന്ധനവിലക്കയറ്റം തുടങ്ങി ഇക്കാലയളവിലുണ്ടായ മറ്റു സംഭവങ്ങളും ഇതിന് കാരണമായി.
ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പൊടുന്നനെ പിന്‍വലിക്കപ്പെട്ടത്. മൊത്തം ആഭ്യന്തര ഉത്പാദനത്തെ വളര്‍ച്ചയെ ഇത് ബാധിച്ചു. വളര്‍ച്ചാ നിരക്കില്‍ മുമ്പേ നിലനിന്നിരുന്ന ഇടിവിനെ ഇത് രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.
നോട്ടു നിരോധനം പ്രാഥമികമായി ബാധിച്ചത് അസംഘടിത മേഖലയെയാണ്. എന്നാല്‍, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചലനവും സംഘടിത മേഖലയെയും ബാധിക്കും എന്നതിനാല്‍ നോട്ടു നിരോധനത്തിന്റെ സാമ്പത്തിക ആഘാതം വലുതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ടു നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.
സാധാരണ ഗതിയില്‍ ഒരു രാജ്യവും സ്വീകരിക്കാത്ത ഒരു നടപടിയായിരുന്നു ഇത്. യുദ്ധം, പരിധിവിട്ട നായണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ കലാപം തുടങ്ങി അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് പൊടുന്നനെയുള്ള നോട്ടുനിരോധനം നടപ്പാക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close