ബാങ്കുകളിലെ നിക്ഷേപം അഞ്ചുലക്ഷം കോടി പിന്നിട്ടു

ബാങ്കുകളിലെ നിക്ഷേപം അഞ്ചുലക്ഷം കോടി പിന്നിട്ടു

ഫിദ-
തിരു: സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപം അഞ്ചുലക്ഷം കോടി പിന്നിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കൂടിയാണ് ബാങ്ക് നിക്ഷേപം സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം 5,01,023 കോടി രൂപ നിക്ഷേപമായി എത്തി. ഇതേകാലത്ത് 3,34,655 കോടി രൂപ ബാങ്കുകള്‍ വായ്പയായും നല്‍കി. വായ്പനിക്ഷേപ അനുപാതം കഴിഞ്ഞ ഏതാനും മാസങ്ങളായി അല്‍പം മെച്ചപ്പെട്ടുവെങ്കിലും വീണ്ടും കുറഞ്ഞതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ 4,93,562 കോടി രൂപയായിരുന്നു നിക്ഷേപം. മൂന്ന് മാസം കൊണ്ട് 7461 കോടി രൂപയാണ് വര്‍ധിച്ചത്. പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടിക്ക് അടുത്തെത്തി. ജൂണ്‍ 30 വരെ 1,92,254 കോടി രൂപ. കഴിഞ്ഞ മാര്‍ച്ചില്‍ 1,90,055 കോടി രൂപയായിരുന്നു. 2199 കോടി രൂപ മൂന്ന് മാസം കൊണ്ട് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1,76,098 കോടിയായിരുന്നു പ്രവാസി നിക്ഷേപം. ആഭ്യന്തര നിക്ഷേപം കഴിഞ്ഞ വര്‍ഷം ജൂണിലെ 2,86,644 കോടിയില്‍നിന്ന് ഇക്കൊല്ലം 3,08,769 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 3,03,507 കോടി രൂപയായിരുന്നു.
ബാങ്കുകള്‍ നല്‍കിയ മൊത്തം വായ്പ തുക 3,34,655 കോടിയായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിനെക്കാള്‍ 4755 കോടി രൂപയാണ് വര്‍ധിച്ചത്. വായ്പനിക്ഷേപ അനുപാതം 66.79 ശതമാനമായി. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചിനെക്കാള്‍ (66.84) അനുപാതത്തില്‍ കുറവ് വന്നു. 2015 ഡിസംബറില്‍ 64.58 ശതമാനമായിരുന്നു വായ്പനിക്ഷേപ അനുപാതം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുപാതം ഏറിയും കുറഞ്ഞുമായിരുന്നു. 2016 ഡിസംബറില്‍ ഇത് 62.38 ശതമാനം വരെ കുറഞ്ഞിരുന്നു. മൊത്തം വായ്പയില്‍ 4.08 ശതമാനമാണ് കിട്ടാക്കടം.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നിര്‍ദേശങ്ങള്‍ എസ്.എല്‍.ബി.സി ഉപസമിതി മുന്നോട്ടുവെച്ചു. കാര്‍ഷിക ഉല്‍പാദന ചെലവ് കുറക്കുക, ഉല്‍പന്നങ്ങളുടെ മിനിമം താങ്ങുവില വര്‍ധിപ്പിക്കുക, വിള ഇന്‍ഷുറന്‍സ് ഉറപ്പാക്കുക, തടസ്സമില്ലാത്ത വായ്പ ലഭ്യമാക്കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
റിപ്പോര്‍ട്ട് അടുത്ത ബാങ്കേഴ്‌സ് സമിതി പരിഗണിക്കും. പ്രളയത്തില്‍ വന്‍നാശം നേരിട്ട കാര്‍ഷിക മേഖല അതിജീവിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കൃഷിഭൂമിയുടെ പാട്ടവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കുറക്കണമെന്ന് ബാങ്കേഴ്‌സ് സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനമായും രജിസ്‌ട്രേഷന്‍ ഫീസ് 0.5 ശതമാനമായും കുറക്കണമെന്നാണ് ആവശ്യം. നിലവില്‍ അഞ്ച് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസുമാണുള്ളത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close