ഒമാന്‍ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നു

ഒമാന്‍ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നു

അളക ഖാനം-
മസ്‌കത്ത്: സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. ഈ രീതിയില്‍ 38 പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരുകയാണെന്ന് പുതുതായി രൂപവത്കരിച്ച െ്രെപവറ്റൈസേഷന്‍ ആന്റ് പാര്‍ട്ണര്‍ഷിപ് പൊതു അതോറിറ്റി (പി.എ.പി.പി) ഇടക്കാല ചെയര്‍മാന്‍ ഡോ. ദാഫെര്‍ അവധ് അല്‍ ഷന്‍ഫരി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച സമാപിച്ച സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്ത ഫോറത്തിലാണ് പി.എ.പി.പി മേധാവി ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പൊതുസേവനം തുടങ്ങി 11 മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലുമായുള്ള വിവിധ മേഖലകളിലാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലുള്ളതെന്ന് ഡോ. ദാഫെര്‍ അവധ് അല്‍ ഷന്‍ഫരി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് രാജകീയ ഉത്തരവിനെ തുടര്‍ന്ന് െ്രെപവറ്റൈസേഷന്‍ ആന്‍ഡ് പാര്‍ട്ണര്‍ഷിപ് പൊതു അതോറിറ്റി നിലവില്‍ വന്നത്. സ്വകാര്യവത്കരണവും സ്വകാര്യ പങ്കാളിത്ത പദ്ധതികളും വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് അതോറിറ്റി രൂപവത്കരിച്ചത്. അതോറിറ്റിക്ക് ഒപ്പം നിലവില്‍വന്ന സ്വകാര്യവത്കരണ നിയമം, സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്ത നിയമം എന്നിവയുടെ വിവിധ തലങ്ങളിലുള്ള വകുപ്പുകള്‍ക്കും ഉപ വകുപ്പുകള്‍ക്കും നിബന്ധനകള്‍ക്കും രൂപം നല്‍കി വരുകയാണെന്ന് ഡോ. അല്‍ ഷന്‍ഫരി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇവക്ക് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close