കപ്പലുകള്‍ വഴിയുള്ള ചരക്ക് കടത്തിന് സര്‍ക്കാര്‍ പ്രോത്സാഹനം

കപ്പലുകള്‍ വഴിയുള്ള ചരക്ക് കടത്തിന് സര്‍ക്കാര്‍ പ്രോത്സാഹനം

ഗായത്രി
തിരു: യാത്രക്കാരെ വശംകെടുത്തിയോടുന്ന കണ്ടെയ്‌നര്‍ ലോറികളെ റോഡില്‍നിന്നു കെട്ടുകെട്ടിക്കാന്‍ ആഭ്യന്തര കപ്പലുകള്‍ക്കായി കേരളം പ്രോത്സാഹനകവാടം തുറക്കുന്നു. സാധനങ്ങള്‍ കടല്‍മാര്‍ഗം കപ്പലില്‍ എത്തിച്ച് റോഡുവഴിയുള്ള ചരക്കുകടത്ത് പകുതിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനായി ഒരു ടണ്‍ ചരക്ക് ഒരു കിലോമീറ്റര്‍ ദൂരം കൊണ്ടുപോകാന്‍ കപ്പലുകള്‍ക്ക് മൂന്നു രൂപ പ്രോത്സാഹനസമ്മാനം (ഇന്‍സെന്റീവ്) നല്‍കും. തുറമുഖങ്ങളിലെ ഹാന്‍ഡ്‌ലിംഗ്ചാര്‍ജില്‍ 70 ശതമാനം ഇളവും നല്‍കും. കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വഴിയാണ് ചരക്കുനീക്കം. വല്ലാര്‍പാടത്ത് അന്താരാഷ്ട്ര കപ്പലുകളിലെത്തുന്ന ചരക്ക് വിഭജിച്ച് ഈ തുറമുഖങ്ങളിലെത്തിക്കുന്ന കപ്പലുകള്‍ക്കും ഇന്‍സെന്റീവ് നല്‍കും.
റോഡപകടങ്ങളും ഇന്ധനച്ചെലവും വലിയ തോതില്‍ കുറക്കാനും 580 കിലോമീറ്റര്‍ കടല്‍ത്തീരത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താനും തുറമുഖങ്ങളുടെ വികസനത്തിനും ഇത് കളമൊരുക്കും. ഗുജറാത്തില്‍ നിന്ന് ടൈല്‍സ്, മുംബയില്‍നിന്ന് സാനിട്ടറി, ഹാര്‍ഡ് ബോര്‍ഡ്, പ്ലൈവുഡിനുള്ള വെനീര്‍, തടി, ആഫ്രിക്കയില്‍നിന്ന് കശുഅണ്ടി എന്നിവയാണ് കടല്‍വഴിയെത്തുന്നത്. റേഷന്‍വിതരണത്തിനുള്ള അരിയും ഗോതമ്പും ആന്ധ്രയില്‍ നിന്നെത്തിക്കാന്‍ ഫുഡ് കോര്‍പറേഷന്‍ പദ്ധതിയുണ്ട്. ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് പാചകവാതകം എത്തിക്കാന്‍ ഇന്ധനകമ്പനികള്‍ക്കും പദ്ധതിയുണ്ട്. വിദേശത്തുനിന്ന് കൂറ്റന്‍ കപ്പലുകളില്‍ കൊച്ചിയില്‍ കശുഅണ്ടി കൊണ്ടുവന്ന് കൊല്ലത്തേക്ക് എത്തിക്കാനും പദ്ധതി തയ്യാറാണ്. കൊച്ചിയിലെ 4 സിമന്റ് കമ്പനികള്‍ക്കായും കൊല്ലത്ത് തുടങ്ങാനിരിക്കുന്ന 2 കമ്പനികള്‍ക്കായും അസംസ്‌കൃതവസ്തുക്കളും എത്തിക്കാനാവും. വിഴിഞ്ഞം തുറമുഖത്ത് വരുന്ന വാതകടെര്‍മിനലിലേക്കും ചരക്കുനീക്കമുണ്ടാവും. ഈ സാഹചര്യത്തിലാണ് ആനുകൂല്യം നല്‍കുന്നത്.
കണ്ടെയ്‌നറുകളുടെ ക്ലിയറന്‍സിനായി തുറമുഖങ്ങളില്‍ നല്‍കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ കപ്പലുടമകള്‍ക്ക് ഇന്‍സെന്റീവ് നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു രൂപ പ്രോത്സാഹനം നല്‍കിയപ്പോള്‍ കഴിഞ്ഞവര്‍ഷം ചെറിയ തോതിലെങ്കിലും കപ്പലുകള്‍ മുന്നോട്ടുവന്നു. അവയ്ക്ക് മൊത്തം 60 ലക്ഷം രൂപ നല്‍കി. ഇക്കൊല്ലം ഇന്‍സെന്റീവിനായി 9 കോടിയാണ് നീക്കിവച്ചിട്ടുള്ളത്.
തുറമുഖങ്ങളില്‍ ചരക്കിറക്കാനുള്ള ക്രെയിന്‍, ട്രക്കിലേക്കുള്ള മാറ്റല്‍ അടക്കമുള്ള ഹാന്‍ഡ്‌ലിംഗ് ചാര്‍ജാണ് കുറച്ചത്. കപ്പലുകള്‍ക്ക് ചാനലും ബര്‍ത്തും നല്‍കുന്നതിനും വാടക കൂട്ടില്ല. 2013ലെ നിരക്ക് തുടരും. വേഗത്തില്‍ ചരക്കിറക്കി കപ്പലുകള്‍ക്ക് തിരിച്ചുപോകാന്‍ സംവിധാനമൊരുക്കും. മണിക്കൂറില്‍ 7 കണ്ടെയ്‌നറുകള്‍ ഇറക്കുന്നത് 12 ആക്കും. കപ്പലുകള്‍ക്ക് കാലിയായി മടങ്ങുന്നത് നഷ്ടമാണ്. തുറമുഖങ്ങളോട് അനുബന്ധിച്ച് വ്യവസായ യൂണിറ്റുകളുണ്ടാക്കി ഇത് പരിഹരിക്കും. കൊല്ലം തുറമുഖത്തിന് 7 മീറ്ററും ബേപ്പൂരില്‍ 4 മീറ്ററും അഴീക്കലിന് 3 മീറ്ററും ആഴമേയുള്ളൂ. അതിനാല്‍ വലിയ കപ്പലുകള്‍ക്ക് അടുക്കാനാവില്ല. മുംബയിലെ ഗ്രേറ്റ്‌സീ കമ്പനിയുടെ 50 കപ്പലുകളാണ് ചരക്കുനീക്കം നടത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close