ഫിദ
ഇടുക്കി: നിപ വൈറസ് കാരണം വെറുക്കപ്പെട്ട കനികളുടെ പട്ടികയില്‍ പൈനാപ്പിളും ഇടംപിടിച്ചു. വാങ്ങാനാളില്ലാതെ പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലുമാക്കി. റംസാന്‍ സീസണ്‍ മുന്നില്‍ക്കണ്ട് ഉത്പാദനം കൂട്ടിയവരാണ് കൂടുതല്‍ ദുരിതത്തിലായത്.
രണ്ടാഴ്ച മുമ്പുവരെ കിലോഗ്രാമിന് 35 രൂപയുണ്ടായിന്ന വില കഴിഞ്ഞവാരം 12 രൂപയിലേക്ക് തകര്‍ന്നടിഞ്ഞു. വില കൂപ്പുകുത്തിയിട്ടും വാങ്ങാനാളില്ല. നിപയുടെ പേരില്‍ മറ്റു പഴവര്‍ഗങ്ങള്‍ ചീത്തപ്പേര് കേട്ടെങ്കിലും ആദ്യഘട്ടത്തില്‍ പൈനാപ്പിളിലെ ബാധിച്ചിരുന്നില്ല. എന്നാല്‍, വവ്വാലുകള്‍ തീണ്ടാത്ത പൈനാപ്പിളിനെയും നിപയുടെ പേരില്‍ ഉപഭോക്താക്കള്‍ അകറ്റി നിറുത്തിയതോടെയാണ് വില തറപറ്റിയത്. മണ്ണില്‍ച്ചേര്‍ന്ന് വിളയുന്ന പൈനാപ്പിളിനെ വവ്വാലുകള്‍ ഭക്ഷിക്കാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൈതച്ചെടിയുടെ കൂര്‍ത്തമുള്ളുകളും വവ്വാലുകളെ അകറ്റിനിറുത്തുന്നുണ്ട്.
പഴുത്ത പൈനാപ്പിളിനെ ഉപഭോക്താക്കള്‍ കൈവിട്ടെങ്കിലും പച്ചക്കാക്ക് ഇപ്പോഴും ഡിമാന്‍ഡ് പോയിട്ടില്ല. 25 രൂപവരെ നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ധാരാളം പേര്‍ പച്ചച്ചക്ക വാങ്ങുന്നുണ്ട്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പച്ച പൈനാപ്പിളിന് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തില്‍ നിന്ന് പച്ചച്ചക്ക വാങ്ങിയശേഷം സ്വസംസ്ഥാനങ്ങളില്‍ എത്തിച്ച് പഴുപ്പിച്ച ശേഷം വിറ്റഴിക്കുകയാണ് ചെയ്യുന്നത്. അതേസമയം കേരളം, തമിഴ്‌നാട്, കര്‍ണാടക വിപണികളില്‍ പൈനാപ്പിള്‍ പഴത്തിന്റെ ഡിമാന്‍ഡ് തീരെക്കുറഞ്ഞു.
അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വാഴക്കുളത്തുള്ള പൈനാപ്പിള്‍ സംസ്‌കരണ ഫാക്ടറി കിലോഗ്രാമിന് 17 രൂപക്ക് കര്‍ഷകരില്‍ നിന്ന് പഴുത്ത പൈനാപ്പിള്‍ സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കര്‍ഷക സംഘടനാ പ്രതിനിധികളും മന്ത്രി വി.എസ്. സുനില്‍കുമാറും തമ്മില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, ഇതുമൂലം പൊതുവിപണിയില്‍ യാതൊരു ചലനവുമുണ്ടായിട്ടില്ല.
ദിവസേന ശരാശരി 100 ട്രക്കുകളിലായി പതിനായിരം ടണ്‍ പൈനാപ്പിളാണ് കേരളത്തില്‍ നിന്ന് കയറ്റി അയക്കുന്നത്. റംസാന്‍ സീസണില്‍ ഇത് 130 ട്രക്കുകളും 13,000 ടണ്ണുമായി ഉയരാറുണ്ട്.