Month: June 2018

മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു

ഗായത്രി
മലയാളികളുടെ പ്രിയപ്പെട്ട താരജോടികളായ മമ്മൂട്ടിയും സുഹാസിനിയും പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. പക്ഷെ മലയാളത്തിലല്ല തെലുങ്കിലാണെന്ന് മാത്രം. കൂടെവിടെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താര ജോഡികളാണ് മമ്മൂട്ടിയും സുഹാസിനിയും.
അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്രയില്‍ സുപ്രധാനമായ ഒരു വേഷം സുഹാസിനി അവതരിപ്പിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ചിത്രത്തിലെ മമ്മൂട്ടിയുടെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മമ്മൂട്ടിയുടെ മകനും മകളുമായി സൂര്യയും കീര്‍ത്തി സുരേഷും അഭിനിയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മുതല്‍ മമ്മൂട്ടി യാത്രയില്‍ അഭിനയിച്ചുതുടങ്ങി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈദരാബാദിലെ ലൊക്കേഷനില്‍ മമ്മൂട്ടിക്ക് വന്‍വരവേല്‍പ്പാണ് നല്‍കിയത്. സ്വാതികിരണം, സൂര്യപുത്രഡു,റെയില്‍വേക്കൂലി എന്നിവയാണ് മമ്മൂട്ടി ഇതിനുമുമ്പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍. രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ഈ ഷെഡ്യൂളില്‍ മമ്മൂട്ടി നാല്‍പ്പതുദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്.

 

ചന്ദ കൊച്ചാറിന്റെ ഫ്‌ളാറ്റ് ഇടപാടിലും വീഡിയോ കോണിന് പങ്ക്

രാംനാഥ് ചാവ്‌ല
മുംബൈ: വിഡിയോകോണിന് 3250 കോടി രൂപ വായ്പ നല്‍കിയതിന് ആരോപണം നേരിടുന്ന ഐ സി ഐ സി ഐ ബാങ്ക് ചെയര്‍പേഴ്‌സണ്‍ ചന്ദ കൊച്ചാറിനെതിരെ മറ്റൊരു വെളിപ്പെടുത്തല്‍കൂടി. ദക്ഷിണ മുംബൈയിലെ ചര്‍ച്ച്‌ഗേറ്റിലുള്ള കൊച്ചാറിന്റെ കുടുംബ വസതി ഇടപാടിലും വിഡിയോകോണിന് പങ്കുള്ളതായാണ് കണ്ടെത്തല്‍. കടം എഴുതിത്തള്ളിയതിന് പ്രതിഫലമായി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ വിഡിയോകോണില്‍നിന്ന് കമ്പനി ഉടമാവകാശം സ്വീകരിച്ചത് കണ്ടെത്തിയ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ് ‘ പത്രമാണ് പുതിയ വിവരവും പുറത്തുവിട്ടത്. വായ്പ വിവാദത്തില്‍ അന്വേഷണം നേരിടുന്ന ചന്ദ കൊച്ചാര്‍ അവധിയിലാണ്.
90കളുടെ മധ്യത്തിലാണ് ചര്‍ച്ച്‌ഗേറ്റിലെ സി.സി.െഎ ചാേമ്പഴ്‌സിലെ ഫ്‌ലാറ്റ് കൊച്ചാര്‍ കുടുംബം വാങ്ങുന്നത്. ചന്ദ കൊച്ചാറി!ന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അദ്ദേഹത്തി!ന്റെ സഹോദരന്‍ രാജീവ് കൊച്ചാറും ഉടമകളായ ക്രഡന്‍ഷ്യല്‍ ഫിനാന്‍സ് കമ്പനിയാണ് ഫഌറ്റ് വാങ്ങിയത്. എന്നാല്‍, പിന്നീട് നടന്ന ഇടപാടുകളിലാണ് വിഡിയോകോണിന്റെ പങ്ക് പ്രകടമാകുന്നത്. 9697 കാലയളവില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവത്തനം നിര്‍ത്തിവെച്ച ഈ കമ്പനിയില്‍ 2001ല്‍ വിഡിയോകോണും ഓഹരി ഉടമകളായി.
വിഡിയൊകോണുമായുള്ള ഇടപാടില്‍ ക്രഡന്‍ഷ്യല്‍ ഫിനാന്‍സ് നല്‍കാനുള്ള പണത്തിന് പകരമായി ഫല്‍റ്റിന്റെ പൂര്‍ണ അവകാശം വിഡിയൊകോണിന്റെ നിര്‍ദേശപ്രകാരം ഉപ കമ്പനിയായ ക്വാളിറ്റി അപ്ലയന്‍സസ് വാങ്ങി. എന്നാല്‍, 2010ല്‍ അന്നത്തെ വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ദീപക് കൊച്ചാര്‍ ക്വാളിറ്റി അപ്ലയന്‍സസില്‍നിന്ന് ഫഌറ്റ് വീണ്ടും സ്വന്തമാക്കുകയായിരുന്നു.

രൂപയുടെ വിലയില്‍ മുന്നേറ്റം

രാംനാഥ് ചാവ്‌ല
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്ക് മുന്നേറ്റം. ഡോളറുമായുള്ള വിനിമയനിരക്ക് 19 പൈസ ഉയര്‍ന്ന് 67.79 രൂപയായി. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് രൂപക്ക് നേട്ടമായത്. മറ്റു കറന്‍സികളുടെ മുന്നിലും ഡോളറിന്റെ വില താഴ്ന്നു.

 

മത്സ്യ കച്ചവടത്തിനൊരുങ്ങി ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബ്’

ഗായത്രി
കൊച്ചി: കൊച്ചിയില്‍ ഇനി മത്സ്യക്കച്ചവടം നടത്താന്‍ ഒരുങ്ങുകയാണ് സാക്ഷാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സ്വന്തമായി ഒരു മത്സ്യ ഷോറും തുടങ്ങുകയാണ് ധര്‍മ്മജനും സുഹൃത്തുക്കളും. ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബ്’എന്ന് പേരിട്ട കട ജൂലൈ അഞ്ചിന് നടന്‍ കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത ബന്ധമുള്ള ചെമ്മീന്‍ കെട്ടുകളില്‍ നിന്നും ചീന വലക്കാരില്‍ നിന്നും നേരിട്ട് എത്തിക്കുന്ന മത്സ്യമാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ വിപണനം ചെയ്യുക. മായം കലരാത്ത നല്ല മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ തന്റെ ലക്ഷ്യ മെന്ന് ധര്‍മ്മജന്‍ പറഞ്ഞു. കായലും കടലുമൊക്കെ കണ്ട് വളര്‍ന്ന തനിക്ക് ഈ ബിസിനസ് ഇഷ്ടപ്പെട്ട മേഖലയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.

 

സിനിമസീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു

ഗായത്രി
തിരു: സിനിമസീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കില്ല

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കും. വിമാനക്കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ സ്വാകര്യവത്കരിക്കാനുള്ള ശ്രമത്തിന് സമ്മതമറിയിച്ച് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് നല്‍കുന്നതിനൊപ്പം പുതിയ വിമാനങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ ധനസഹായം നല്‍കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പകരം ചുമതലയുള്ള പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇപ്പോള്‍ മികച്ച രീതിയില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വിമാനം പോലും യാത്രക്കാരില്ലാതെ സര്‍വീസ് നടത്തുന്നില്ല. ചെലവു ചുരുക്കല്‍ പ്രക്രിയകൂടി മികച്ചതായാല്‍ എയര്‍ ഇന്ത്യക്ക് പ്രവര്‍ത്തനക്ഷമത കൈവരിക്കാനാകും. ഇപ്പോള്‍ എടുത്തുചാടി സ്വകാര്യവത്കരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുന്നു

ഗായത്രി
കുപ്രസിദ്ധ കൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുന്നു. നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിപ്പറെ അവതരിപ്പിക്കുന്നത് നടന്‍ മണികണ്ഠന്‍ ആചാരിയാണ്. റിപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മണികണ്ഠനെ കൂടാതെ മലയാളത്തിലെ പ്രധാനപെട്ട താരങ്ങളും അണിനിരക്കും.
രഞ്ജി രാജ് കരിന്തളത്തിന്റെ കഥക്ക് കെ.സജിമോനാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. കണ്ണൂര്‍, കാസര്‍കോട്, ഷിമോഗ എന്നിവടങ്ങളിലാണ് പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്.
തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്റെ പേരിലുള്ളത്. ഏറെ കാലം ജയിലിലായിരുന്ന റിപ്പറിനെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കികൊല്ലുകയായിരുന്നു.

വന്‍ ഓഫറുകളുമായി ആമസോണ്‍

രാംനാഥ് ചാവ്‌ല
കൊച്ചി: വന്‍ ഓഫറുകളുമായി ആമസോണ്‍ ഫാഷന്‍ ഏറ്റവും പുതിയ സീസണ്‍ സെയില്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഞായറാഴ്ച വരെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന സീസണ്‍ സെയിലില്‍ 500ല്‍പ്പരം ലോകോത്തര ബ്രാന്റുകളുടെ 20 ലക്ഷത്തിലധികം സ്‌റ്റൈലുകളിലുള്ള ഉത്പന്നങ്ങള്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.
പ്യൂമ, ന്യൂ ബാലന്‍സ്, റെഡ് ടേപ്പ്, സ്പാര്‍ക്‌സ്, യുഎസ് പോളോ, ഗാപ്, ലിവൈസ്, ഫാസ്റ്റ് ട്രാക്ക്, അമേരിക്കന്‍ ടൂറിസ്റ്റര്‍, ബിബാ തുടങ്ങിയവയുടെ വസ്ത്രങ്ങള്‍, വാച്ചുകള്‍ ആഭരണങ്ങള്‍, ഷൂകള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, ഹാന്റ് ബാഗുകള്‍, വാലറ്റുകള്‍, സണ്‍ഗ്ലാസുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാകും.
ആമസോണ്‍ പേ ഉപയോഗിക്കുമ്പോള്‍ 15 ശതമാനം ക്യാഷ്ബാക്ക്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകളില്‍ കുറഞ്ഞത് 1500 രൂപക്കു പര്‍ച്ചേസ് ചെയ്യുമ്പോള്‍ 15 ശതമാനം ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.

മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.
അമ്പത്തിയൊമ്പതുകാരനായ സുബ്രഹ്മണ്യന്‍ ഒക്ടോബറിലാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നത്. 2017 ഒക്ടോബറില്‍ മൂന്നു വര്‍ഷം കാലാവധി തികച്ച സുബ്രഹ്മണ്യത്തോട് വീണ്ടും ഒരു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിനിടെയാണ് രാജി.
2013 സെപ്തംബറില്‍ രഘുറാം രാജന്‍ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും രാജിവച്ച് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്കു നിയമിക്കപ്പെട്ടതോടെയാണ് സുബ്രഹ്മണ്യം തല്‍സ്ഥാനത്തെത്തുന്നത്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ബിരുദം നേടിയ സുബ്രഹ്മണ്യന്‍ ഐഐഎമ്മില്‍ നിന്നും എംബിഎയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫിലും, ഡിഫിലും നേടി.

 

ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചുതുടങ്ങി

രാംനാഥ് ചാവ്‌ല
മുംബൈ: ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചുതുടങ്ങി. ഒരുവര്‍ഷത്തെ കലാവധിയുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ് പ്രകാരമുള്ള പലിശ 8.5ശതമാനത്തില്‍നിന്ന് ആക്‌സിസ് ബാങ്ക് 8.6ശതമാനമാക്കി. സിന്‍ഡിക്കേറ്റ് ബാങ്ക് സമാനകാലയളവിലുള്ള പലിശ 8.55ശതമാനമായാണ് പരിഷ്‌കരിച്ചത്. കഴിഞ്ഞയാഴ്ച ആന്ധ്ര ബാങ്കും വായ്പ പലിശ 8.55 ശതമാനമാക്കിയിരുന്നു. അതേസമയം, സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലും ബാങ്കുകള്‍ വര്‍ധന വരുത്തിതുടങ്ങി.
ഒരുവര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.7 ശതമാനമാണ് ആക്‌സിസ് ബാങ്ക് പലിശ നല്‍കുന്നത്. രണ്ടുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.5ശതമാനവുമാണ് പലിശ നല്‍കുന്നത്.
ബാങ്കുകള്‍ പലിശ ഉയര്‍ത്താന്‍ തുടങ്ങിയതോടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന് പലിശ വാഗ്ദാനം ചെയ്തുതുടങ്ങിയിട്ടുണ്ട്.