ദിലീപിനെ തിരിച്ചെടുത്ത സംഭവം; അമ്മയില്‍ നിന്ന് നടിമാരുടെ കൂട്ടരാജി

ദിലീപിനെ തിരിച്ചെടുത്ത സംഭവം; അമ്മയില്‍ നിന്ന് നടിമാരുടെ കൂട്ടരാജി

ഫിദ
കൊച്ചി: സിനിമാ തരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടിമാരുടെ കൂട്ടരാജി. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിന് പിന്തുണ നല്‍കിയ താര സംഘടനയായ അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഭാവനയടക്കം നാല് നടിമാര്‍ രാജിവച്ചത്. രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരാണ് അമ്മയില്‍ നിന്ന് രാജി വച്ചത്. ഫേസ്ബുക്കിലൂടെ പ്രത്യേകമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് നടിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദിലീപ് തന്റെ അവസരങ്ങള്‍ നിരവധി തവണ തട്ടി മാറ്റിയിരുന്നു. അമ്മയില്‍ ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടും നടനെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ല. താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഇനി ഈ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്നതിനാലാണ് രാജി എന്ന് ഭാവന വ്യക്തമാക്കി.
അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന തലക്കെട്ടോടെയാണ് മറ്റു മൂന്ന് നടിമാരും തങ്ങളുടെ രാജിക്കാര്യം അറിയിച്ചത്.
1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ, ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരംതാണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അമ്മ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല.
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു.
അമ്മ’ യില്‍ നിന്നും രാജി വയ്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഞങ്ങളുടെ രാജി. ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചതെന്നും നടിമാര്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close