അളക ഖാനം
റിയാദ്: ആദ്യമായി വാഹനങ്ങളോടിച്ച് സൗദി അറേബ്യയിലെ സ്ത്രീകള്‍ ലോകശ്രദ്ധ നേടിയപ്പോള്‍ ഏറെ ആവേശമാണ് രാജ്യത്ത് അലയടിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് ഡ്രൈവിംഗ് പഠിക്കാനും ലൈസന്‍സിനുമായി രംഗത്തിറങ്ങിയത്. നിലവില്‍ 1.20 ലക്ഷത്തിലേറെ വനിതകളാണ് ലൈസന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച സ്ത്രീകളുടെ വാഹനമോടിക്കല്‍ ഒരിടത്തും അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നത് ആവേശം വര്‍ധിപ്പിക്കുന്നു.
സൗദിയില്‍ എല്ലായിടത്തും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണെന്ന് അധികൃതരും സമ്മതിക്കുന്നു. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വനിതകള്‍ക്ക് ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കാനായി സൗദിയിലെ അഞ്ച് പ്രധാന നഗരങ്ങളില്‍ ആറ് ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. ഒമ്പത് പ്രവിശ്യകളില്‍ വനിതാ െ്രെഡവിംഗ് സ്‌കൂളുകള്‍ ഇതുവരെ തുറക്കാനായിട്ടില്ല. ഉന്നതനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളവയൊക്കെ. വിദേശികളായ വീട്ടുജോലിക്കാരികള്‍ക്ക് വാഹനമോടിക്കുന്നതില്‍ വിലക്കില്ല. പക്ഷേ, അവരുടെ വിസയുടെ ചില സാങ്കേതികപ്രശ്‌നം ബാക്കിയുണ്ട്.
അതേസമയം സ്ത്രീകള്‍ക്ക് പ്രത്യേക വാഹന പാര്‍ക്കിങ് സൗകരൃം ഏര്‍പ്പെടുത്തിയതായുള്ള വാര്‍ത്ത ബന്ധപ്പെട്ടവര്‍ നിഷേധിച്ചു. പ്രത്യേകപരിഗണന ആവശ്യമുള്ളവര്‍ക്കു മാത്രമാണ് പ്രത്യേകം പാര്‍ക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ട്രാഫിക് ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേകതരം ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിച്ച് വനിതാ ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ രേഖയും ഡ്രൈവിങ് ലൈസന്‍സും പരിശോധിക്കാനാകും.