വിദേശ നിക്ഷേപകരം ആകര്‍ഷിക്കാന്‍ കുവൈത്ത്

വിദേശ നിക്ഷേപകരം ആകര്‍ഷിക്കാന്‍ കുവൈത്ത്

അളക ഖാനം
കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കുവൈത്ത് നിയമങ്ങള്‍ ലഘൂകരിക്കും. ഇതിനായി നിയമനിര്‍മാണം നടത്താന്‍ രാജ്യം തയാറെടുക്കുന്നു. വേനലവധിക്ക് ശേഷം ഒക്‌ടോബറില്‍ ചേരുന്ന പാര്‍ലമെന്റ്് സെഷനില്‍ കരടുനിയമം അവതരിപ്പിക്കും. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന രീതിയിലാവും നിര്‍ദിഷ്ട നിയമം. മുതല്‍ മുടക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതുവരെ കുവൈത്തിന് കഴിഞ്ഞിട്ടില്ല. 2017ല്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ ഒരുശതമാനം മാത്രമാണ് വിദേശത്തുനിന്നുള്ളത്. 301 മില്യണ്‍ ഡോളര്‍ മാത്രമാണിത്. പുറത്തേക്കുള്ള പണമൊഴുക്ക് തടയാനായി സ്വദേശികള്‍ക്ക് സ്വന്തം നാട്ടില്‍ മുതല്‍ മുടക്കാന്‍ പ്രേരണ നല്‍കുന്ന നടപടികളും ഉണ്ടാവും.
നിക്ഷേപസൗഹൃദ രാജ്യമാവുന്നതിലൂടെ സാമ്പത്തികവ്യവസ്ഥയില്‍ കുതിപ്പുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രാജ്യത്തേക്ക് നേരിട്ടുള്ള നിക്ഷേപം ക്ഷണിക്കുന്നതിനായി കഴിഞ്ഞ മാര്‍ച്ചില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചിരുന്നു.
കുവൈത്തിലെ മെച്ചപ്പെട്ട വ്യാപാരാന്തരീക്ഷവും നിക്ഷേപാവസരങ്ങളും ട്രെന്‍ഡുകളും വ്യാപാരി, നിക്ഷേപക സമൂഹത്തിന് പരിചയപ്പെടുത്താനാണ് പ്രധാനമായും ഇത്തരമൊരു പരിപാടി നടത്തിയത്. പ്രത്യക്ഷ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഏറെ വൈകിപ്പോയിട്ടുണ്ടെന്നും ഈ കുറവ് നികത്തുന്ന രീതിയില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് രാജ്യം ഇപ്പോള്‍ നടത്തുന്നതെന്നുമാണ് വിലയിരുത്തല്‍. കസ്റ്റംസ് ഫീസ് കുറച്ചും ബാങ്കിങ് ഇടപാടുകള്‍ ലളിതമാക്കിയും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ നിക്ഷേപകര്‍ക്ക് ആകര്‍ഷകമാക്കിയിട്ടുണ്ട്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് നടപടികളും ലളിതമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close