അമ്മയിലിപ്പാള്‍ അച്ഛന്‍ അനുഭവിച്ചതിന്റെ പാപഭാരം: ഡോ. സോണിയ തിലകന്‍

അമ്മയിലിപ്പാള്‍ അച്ഛന്‍ അനുഭവിച്ചതിന്റെ പാപഭാരം: ഡോ. സോണിയ തിലകന്‍

ഗായത്രി
തിരു: ഒരുകാലത്ത് അച്ഛന്‍ അനുഭവിച്ച വേദനകളുടെ പാപഭാരമാണ് ‘അമ്മ’യെ വിടാതെ പിന്തുടര്‍ന്ന് ഇപ്പോഴത്തെ വിവാദത്തിലെത്തിച്ചിരിക്കുന്നതെന്ന് തിലകന്റെ മകള്‍ ഡോ. സോണിയ തിലകന്‍. അച്ചടക്കനടപടിക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വിളിച്ചുവരുത്തിയിട്ട് മഹാനടനോട് ‘ഇറങ്ങിപ്പോടോ’ എന്നാണ് പറഞ്ഞതെന്നും സോണിയ പറഞ്ഞു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്
2010ല്‍ അച്ഛനെ ‘അമ്മ’യില്‍ നിന്നു പുറത്താക്കുമ്പോള്‍ അച്ഛന്‍ വിശദീകരണം കൊടുത്തില്ല എന്നാണ് അതിന്റെ ഭാരവാഹികള്‍ പറഞ്ഞത്. ഞാനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയില്‍ കൊടുത്തത്.
സംഘടനയില്‍ നിന്നു പുറത്താക്കിയതിന്റെ വിഷമം അച്ഛന്‍ പുറത്തുപറഞ്ഞില്ല. നേരത്തേ കരാറായ ഏഴോളം സിനിമകളില്‍ നിന്ന് അച്ഛനെ ഒഴിവാക്കി. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നു മടങ്ങേണ്ടി വന്നു. ‘ഫെഫ്ക’യും എതിരായി നിന്നു. സംവിധായകന്‍ രഞ്ജിത് ‘ഇന്ത്യന്‍ റൂപ്പി’ എന്ന ചിത്രത്തില്‍ വിലക്ക് ലംഘിച്ച് അച്ഛനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ എതിര്‍പ്പ് സിനിമാ സംഘടനകളില്‍ നിന്ന് ഉണ്ടായി. രഞ്ജിത്ത് ഉറച്ചുനിന്നപ്പോള്‍ ‘അമ്മ’ വിലക്കുനീക്കി.
ആ സിനിമ കാണാന്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ അന്നത്തെ സന്തോഷം കണ്ടപ്പോള്‍ ആദ്യ ചിത്രം കാണാന്‍ പോവുകയാണോ എന്നു തോന്നി. സിനിമ തുടങ്ങിക്കഴിഞ്ഞിട്ട് പോകാമെന്നാണ് അച്ഛന്‍ പറഞ്ഞത്. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ടൗവ്വല്‍ തലയിലിട്ടാണ് തിയറ്ററിലേക്ക് കടന്നത്. സിനിമയിലെ ഒരു രംഗത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം അച്ഛന്റെ കഥാപാത്രത്തോടു ചോദിക്കുന്നു. ‘ഇത്രയും നാള്‍ എവിടെയായിരുന്നു’ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.
അപ്പോഴേക്കും തിയറ്ററില്‍ പ്രേക്ഷകര്‍ എണീറ്റുനിന്നു കയ്യടിച്ചു. പ്രേക്ഷകര്‍ ചൊരിഞ്ഞ ആ അംഗീകാരം എന്നെയും ഏറെ സന്തോഷിപ്പിച്ചു. ഞാന്‍ നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുന്നുവെന്നും സോണിയ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close