ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടി; ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്

ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടി; ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് പ്രസിഡന്റ് ട്രംപ് രംഗത്ത്. ‘നമുക്ക് മുന്നില്‍ ചില രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്ത്യയെ തന്നെയെടുക്കാം. 100 ശതമാനത്തിലധികമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ ഇറക്കുമതി ചുങ്കം ചുമത്തുന്നത്’. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു’ ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായായിരുന്നു ട്രംപിന്റെ വിമര്‍ശനം.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടാനുള്ള അമേരിക്കയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയുമായി ചൈനയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമടക്കം ആഗോള വ്യാപാര രംഗത്ത് നിലനിര്‍ത്തുന്ന അസന്തുലിതാവസ്ഥക്കുള്ള തിരിച്ചടിയാണ് ഇറക്കുമതി തീരുവ കൂട്ടാനുള്ള യു.എസിന്റെ തീരുമാനമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ‘2+2 സംഭാഷണം’ എന്നറിയപ്പെടുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അധ്യക്ഷത വഹിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close