Month: August 2017

വന്ദനയും ഇന്‍ഫോസിസില്‍ നിന്ന് രാജിവെച്ചു

അളക ഖാനം
ബംഗളുരു: ഇന്‍ഫോസിസ് മുന്‍ സി.ഇ.ഒ വിശാല്‍ സിക്കയുടെ ഭാര്യ വന്ദന സിക്കയും ഇന്‍ഫോസിസില്‍ നിന്ന് രാജി വെച്ചു. യു.എസ്.എയിലെ ഇന്‍ഫോസിസ് ഫൗണ്ടെഷന്‍ ചെയര്‍പേഴ്‌സണായിരുന്നു വന്ദന സിക്ക. താന്‍ ഇന്‍ഫോസിസില്‍ നിന്ന് രാജിവെക്കുന്ന തീരുമാനം അറിയിച്ചുകൊണ്ട് ഇമെയില്‍ അയച്ചതായി സോഷ്യല്‍ മീഡിയയിലൂടെ വന്ദന തന്നെയാണ് അറിയിച്ചത്.
ഈ മാസം ആദ്യവാരത്തിലാണ് ഇന്‍ഫോസിസിനെ പിടിച്ചുകുലുക്കിക്കൊണ്ട് സി.ഇ.ഒ വിശാല്‍ സിക്ക രാജിവെച്ചത്. ഇന്‍ഫോസിസ് ബോര്‍ഡിന്റെ പെരുമാറ്റവും ഇന്‍ഫോസിസ് സ്ഥാപകനും മുന്‍ സി.ഇ.ഒയുമായ നാരായണ മൂര്‍ത്തിക്ക് വിശാല്‍ സിക്കയോടുണ്ടായിരുന്ന നീരസവുമാണ് രാജിയിലേക്ക് നയിച്ചത്.

തീവ്രവാദത്തെ ഖത്തര്‍ ഓരു തരത്തിലും സഹായിക്കില്ല: സെയ്ഫ് ബിന്‍ അഹമ്മദ്

ഫിദ
ദോഹ: ഉപരോധം ഏര്‍പ്പെടുത്തി രാജ്യത്തെ തകര്‍ക്കുകയല്ല വേണ്ടതെന്നും അത് പിന്‍വലിക്കുകയാണ് സൗദി സഖ്യം വേണ്ടതെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് അല്‍താനി. ഭീഷണി സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികള്‍ക്കായാലും സംഘടനകള്‍ക്കായാലും തീവ്രവാദത്തിന് ഖത്തര്‍ ധനസഹായം നല്‍കുന്നില്ല. അകലെനിന്നായാലും അടുത്തുനിന്നായാലും എന്തുതന്നെയായാലും ശരി ഖത്തര്‍ തീവ്രവാദത്തിന് സഹായധനം ചെയ്യുന്നില്ലെന്ന് ശൈഖ് സെയ്ഫ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ലോസ് ആഞ്ജലസ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തിന്റെ നിലപാടുകള്‍ ശൈഖ് സെയ്ഫ് വ്യക്തമാക്കിയത്.
സൗദി സഖ്യത്തിന്റെ ഉപരോധത്തിന്റെ പ്രധാനകാരണം അഭിപ്രായവ്യത്യാസങ്ങളാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന വ്യക്തികളേയും പാര്‍ട്ടികളേയും ഖത്തര്‍ പിന്തുണക്കില്ല. സംവാദത്തിലൂടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാജ്യം സന്നദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തേയും ഹനിക്കുന്ന ഒന്നിനും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാജ്യം തയ്യാറാണ്. ഹമാസിനല്ല പലസ്തീന്‍ ജനത്ക്കാണ് രാജ്യം പിന്തുണനല്‍കുന്നത്. പലസ്തീന്‍ ജനതക്ക് നല്‍കുന്ന എല്ലാസഹായങ്ങളും ഐക്യരാഷ്ടസഭയുടെ സഹകരണത്തോടെയാണ്. 120 കോടി റിയാല്‍ ചെലവിട്ടാണ് ഗാസ പുനര്‍നിര്‍മിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനങ്ങളാണ് ഗാസയില്‍ ഖത്തര്‍ നടത്തുന്നത്. ചിലസമയങ്ങളില്‍ ഗാസ സര്‍ക്കാരിന് വേതനം നല്‍കുന്നുണ്ട്. അവയെല്ലാം യു.എന്‍. വഴിയും സര്‍ക്കാര്‍ ഘടനയിലൂടെയുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

റബറിന് ആഭ്യന്തര വിപണിയില്‍ നേരിയ വര്‍ധന

ഗായത്രി
കോട്ടയം: റബറിന് ആഭ്യന്തര വിലയില്‍ നേരിയ വര്‍ദ്ധനവ്. മികച്ച കാലാവസ്ഥ തുടരുന്നതിനാല്‍ റബര്‍ ടാപ്പിംഗ് രംഗം സജീവമായിരിക്കുകയാണ്. റബര്‍ പിടിച്ചുവച്ചവര്‍ ഓണാവശ്യങ്ങള്‍ക്കായി വിറ്റതും വിപണിയില്‍ വന്‍തോതില്‍ റബര്‍ വില്പനക്കെത്താന്‍ കാരണമായി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും റബര്‍ ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ടുംകാരണം ആഭ്യന്തരവിപണിയില്‍ നിന്ന് കൂടുതല്‍ റബര്‍ സംഭരിച്ച് സ്‌റ്റോക്ക് ചെയ്യുന്നതാണ് ബുദ്ധി എന്ന് മനസിലാക്കിയ ടയര്‍ കമ്പനികള്‍ ഡിമാന്റ് കാട്ടി നിരക്ക് അല്പം ഉയര്‍ത്തി ഷീറ്റ് സംഭരിച്ചു. ഇതോടെ നാലാം ഗ്രേഡ് റബര്‍ വില 128ല്‍ നിന്ന് 130ലേക്ക് കയറി. ലാറ്റക്‌സും വന്‍തോതില്‍ വില്പനക്കെത്തിയെങ്കിലും നിരക്ക് 78 രൂപയില്‍ തുടരുകയാണ്.
വില കുറയ്ക്കാന്‍ അവധി കച്ചവടക്കാര്‍ ടയര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ കൂടുതല്‍ റബര്‍ വാങ്ങിയതോടെയാണ് വില ഉയര്‍ന്നത്. റബര്‍ വില കുറക്കാനായി അവധി കച്ചവടക്കാര്‍ ആര്‍.എസ്.എസ് ഫോറിന് സെപ്തംബറില്‍ 129 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
അന്താരാഷ്ട വിപണി ടോക്കിയോ ബാങ്കോക്ക് മാര്‍ക്കറ്റ് ആര്‍.എസ്.എസ് ഫോര്‍ കിലോയ്ക്ക് 118ല്‍ നിന്ന് 120 ആയി. അതേസമയം ചൈനയില്‍ 135ല്‍ നിന്ന് 131 ആയി വില കുറഞ്ഞു.
ഈ സാമ്പത്തികവര്‍ഷം റബറുത്പാദനം 11.5 ശതമാനം വര്‍ധിച്ചതായി റബര്‍ബോര്‍ഡ് അറിയിച്ചു. 2017 ജൂലായില്‍ ഉത്പാദനം 58,000 ടണ്‍ ആണ്. 2016 ജൂലായില്‍ ഇത് 52,000 ടണ്‍ ആയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ ജൂലായ് കാലയളവിലെ മൊത്തം ഉത്പാദനം 201,000 ടണ്‍ ആയിരുന്നപ്പോള്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 187,000 ടണ്ണായിരുന്നു. ഏഴര ശതമാനം വര്‍ദ്ധനയാണ് ഇത് കാണിക്കുന്നത്. ഈ വര്‍ഷത്തെ ഉത്പാദനലക്ഷ്യം എട്ടുലക്ഷം ടണ്‍ ആണ്.

പുതിയ പരിഷ്‌കാരങ്ങളുമായി നാനോ

വിഷ്ണു പ്രതാപ്
ടാറ്റായുടെ ഗ്ലാമര്‍ കാറായ നാനോ പുതു പരിഷ്‌കാരങ്ങളോടെ വിപണിയിലിറങ്ങുന്നു. അതീവ രഹസ്യമായി നാനോയുടെ ഇലക്ട്രിക് പതിപ്പിനെ ടാറ്റ പരീക്ഷിക്കാനാണ് പുതിയ നീക്കം. കോയമ്പത്തൂരില്‍ വെച്ച് നടന്ന രഹസ്യ പരീക്ഷണത്തില്‍ രത്തന്‍ ടാറ്റയും പങ്ക് ചേര്‍ന്നിരുന്നു. ഇലക്ട്രിക് നാനോയുടെ റോഡ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ കാറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഒരുങ്ങിയ ഇലക്ട്രിക് മോട്ടറിലാകം നാനോയുടെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്നാണ് സൂചന. നിലവില്‍ മഹീന്ദ്ര E2o പ്ലസ് മാത്രമാണ് വിപണിയില്‍ ഇലക്ട്രിക് നാനോയുടെ എതിരാളി.
നാനോയെ കൈവെടിയാനുള്ള ഒരുക്കത്തിലാണ് ടാറ്റ എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കെയാണ് പുതിയ ഇലക്ട്രിക് നാനോയുടെ കടന്നുവരവ്. നാനോയുടെ ഇലക്ട്രിക് പതിപ്പ്, ഇന്ത്യന്‍ വാഹന വിപണിയില്‍ വീണ്ടും മാറ്റത്തിന് തിരികൊളുത്തുമെന്നാണ് വിലയിരുത്തല്‍. നാനോയുടെ രൂപഘടനയും, ചെലവ് കുറഞ്ഞ പ്ലാറ്റ്‌ഫോമും ഇലക്ട്രിക് പരിവേഷത്തിന് അനുയോജ്യമാണ്. ചെറു കാറുകള്‍ക്ക് ഇടയില്‍ പുതിയ ഇലക്ട്രിക് നാനോ വിപ്ലവം കുറിക്കുമെന്നതില്‍ സംശയമില്ല.

ജിതിന്‍ ജിത്തുവിന്റെ ചിത്രത്തില്‍ ആന്‍സണ്‍ പോളും ഗായത്രി സുരേഷും

ഫിദ
നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന കല വിപ്ലവം പ്രണയം എന്ന ചിത്രത്തില്‍ ആന്‍സണ്‍ പോളും ഗായത്രി സുരേഷും പ്രധാന വേഷത്തില്‍. നിരഞ്ജന അനൂപ് മറ്റൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, അങ്കമാലി ഡയറീസ് ഫെയിം വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ റോയി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ ആഷിഖ് അക്ബര്‍ അലിയുടേതാണ്. അനീഫ് ലാലാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : മനോജ് കാരന്തൂര്‍ തിരുവനന്തപുരത്ത് മുപ്പത്തിയഞ്ച് ദിവസം കൊണ്ട് കല വിപ്ലവം പ്രണയം പൂര്‍ത്തിയാകും.

യുഎഇ വിസ സ്റ്റിക്കറിന് പകരം ഇലക്ട്രോണിക് സംവിധാനം

വിഷ്ണു പ്രതാപ്
ദുബായ്: യു എ ഇയില്‍ താമസക്കാര്‍ക്കായി പാസ്‌പോര്‍ട്ടില്‍ ഇപ്പോള്‍ പതിക്കുന്ന വിസ സ്റ്റിക്കറിന് പകരമായി ഇനി ഇലക്ട്രോണിക് സംവിധാനം. യു എ ഇ ആഭ്യന്തരമന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അജ്മാനില്‍ കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച് താമസ കുടിയേറ്റ വകുപ്പിന്റെ നേതൃത്വത്തില്‍ ആലോചനായോഗവും നടന്നിരുന്നു. യു എ ഇയുടെ വിഷന്‍ 2021 ല്‍ വിഭാവനം ചെയ്യുന്നതാണ് ഈ ഇലക്ട്രോണിക് സംവിധാനം. അജ്മാനില്‍ ഇതിനകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഇവിസാ സംവിധാനം വിജയകരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം അധികം വൈകാതെ എല്ലായിടത്തും നടപ്പിലാക്കാനുള്ള ആലോചന സജീവമായത്. ഇവിസ നല്‍കാനുള്ള സംവിധാനത്തിന് നിലവിലുള്ള പ്രക്രിയയുടെ പാതി സമയം മതിയെന്നും കണക്കാക്കിയിട്ടുണ്ട്.

ഇളനീരിന്റെ ഔഷധ ഗുണങ്ങള്‍

അളക ഖാനം
ഇളനീര്‍ ഏവര്‍ക്കും പ്രിയങ്കരമായ പാനീയമാണ്. കേരളത്തില്‍ ഇവ യഥേഷ്ടം ലഭ്യവുമാണ്. ഇതിന്റെ രുചിയും വെള്ളം കുടിച്ചു കഴിയുമ്പോള്‍ കിട്ടുന്ന ഊര്‍ജവുമാണ് ഇളനീരിനെ എവര്‍ക്കും പ്രിയങ്കരമാക്കുന്നത്. എന്നാല്‍ നമ്മള്‍ കരുതിയ ഗുണങ്ങളേക്കാള്‍ ഏറെ മുമ്പിലാണ് ഇളനീരിന്റെ സ്ഥാനം.
ഇതില്‍ ധാരാളമായി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറക്കാനും നല്ല കൊഴുപ്പ് ഉണ്ടാക്കാനും ഇളനീര്‍ വെള്ളം ഏറെ സഹായകരമാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരുന്നതില്‍ നിന്ന് തടയാനും ഇതിന് കഴിയും. ഇളനീര്‍ സ്ഥിരമായി കുടിക്കുന്നത് അമിതവണ്ണം കുറക്കാനും സഹായിക്കും. മൈഗ്രേയ്ന്‍ കുറക്കാന്‍ പറ്റിയ ഔഷധമാണിത്. ശരീരത്തില്‍ മഗ്‌നേഷ്യത്തിന്റെ അളവ് കുറയുമ്പോഴാണ് മൈഗ്രേയ്ന്‍ തലപൊക്കുന്നത്. ഇത് ബാലന്‍സ് ചെയ്യാന്‍ കരിക്കിന്‍വെള്ളത്തിന് സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിര്‍ത്താന്‍ സഹായിക്കും. ഇതുമൂലം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി എന്ന അവസ്ഥയെ തരണം ചെയ്യാനും സഹായിക്കും.

ആദായ നികുതി അടക്കാത്തവരെ കണ്ടെത്താന്‍ നടപടി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേറെ പലിശ ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് ശ്രമം തുടങ്ങി.
ബാങ്കുകള്‍ പത്ത് ശതമാനം ടിഡിഎസ് പിടിച്ചാണ് നിക്ഷേപകന് പലിശ കൈമാറുന്നത്. എന്നാല്‍ 30 ശതമാനം ടാക്‌സ് ബ്രാക്കറ്റിലുള്ളവര്‍ പോലും ബാക്കിയുള്ള നികുതി അട്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു.
പണമായി പ്രതിഫലം പറ്റുന്ന പ്രൊഫഷണലുകളുടെ പിറകെയും ആദായ നികുതി വകുപ്പുണ്ട്. പലരും ആഡംബര ജീവിതം നയിക്കുമ്പോഴും വരുമാനം മുഴുവന്‍ റിട്ടേണില്‍ കാണിക്കാത്ത സാഹചര്യമാണുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
അഞ്ച് ലക്ഷത്തിലേറെ പലിശ വരുമാനം ലഭിക്കുന്നവരിലേറെയും മുതിര്‍ന്ന പൗരന്മാരാണ്. ബാധ്യതയുണ്ടായിട്ടും ആദായ നികുതി അടക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്യാത്തവരാണേറെയും. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ പലിശ വരുമാനം ലഭിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ശ്രമം തുടങ്ങിയത്.

 

എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ഗായത്രി
കൊച്ചി: മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍നിന്ന് പിഴ ഈടാക്കുന്നതുമൂലം എസ്.ബി.ഐ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ മാനേജ്മന്റെ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മിക്ക ശാഖകളിലും ദിവസവും 10 അക്കൗണ്ടുകളെങ്കിലും ഇക്കാരണത്തില്‍ ‘ക്ലോസ്’ ചെയ്യുന്നുവെന്നാണ് കണക്കുകള്‍. തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനമുള്ള നല്ലൊരു ശതമാനം പേര്‍ക്കും മിനിമം ബാലന്‍സ് വ്യവസ്ഥ പാലിക്കാന്‍ കഴിയുന്നില്ലെന്നാണ് കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയതലത്തില്‍ മൂന്നുമാസംകൊണ്ട് മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴയായി 235 കോടി രൂപ എസ്.ബി.ഐ ഈടാക്കിയതുതന്നെ ‘നിര്‍ധനരെ’ പിഴിഞ്ഞായിരുന്നു. കേരളത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലേറെയും സ്‌റ്റേറ്റ് ബാങ്ക് അക്കൗണ്ടുള്ളവരാണ്. 50 രൂപ മുതല്‍ 100 രൂപവരെ മാസവും പിഴയായി നല്‍കേണ്ടി വരുമ്പോള്‍ അക്കൗണ്ട് അവസാനിപ്പിക്കുകയല്ലാതെ ഇവര്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല.
മിനിമം ബാലന്‍സായി മെട്രോ നഗരങ്ങളില്‍ 5000 രൂപയും ഇതര നഗരങ്ങളില്‍ (അര്‍ബന്‍) 3000 രൂപയുമാണ് വേണ്ടത്. ചെറിയ പട്ടണങ്ങളില്‍ (സെമി അര്‍ബന്‍) 2000 രൂപയും ഗ്രാമീണ ബ്രാഞ്ചുകളില്‍ 1000 രൂപയും അക്കൗണ്ടില്‍ എപ്പോഴും ഉണ്ടാവണം. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്തവരുടെ അക്കൗണ്ടുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് മാനേജ്മന്റെ് സ്വീകരിച്ചിട്ടുള്ളത്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ തുടരുന്നത് സ്ഥാപനത്തിന് ഗുണകരമല്ലെന്നും അവര്‍ വിലയിരുത്തുന്നു. മറ്റു പൊതുമേഖല, സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരും എസ്.ബി.ഐ അക്കൗണ്ട് ഉപേക്ഷിക്കാനുള്ള പ്രവണത കാട്ടുന്നെന്നാണ് ബാങ്ക് ജീവനക്കാര്‍തന്നെ നല്‍കുന്ന സൂചന. സഹകരണ ബാങ്കുകളില്‍ മിനിമംബാലന്‍സും മറ്റ് സര്‍വിസ് ചാര്‍ജുകളുമില്ലാത്തതിനാല്‍ കൂടുതല്‍ ഇടപാടുകാര്‍ സഹകരണ സ്ഥാപനങ്ങളിലേക്ക് പോവാനിടയുണ്ടെന്ന വിലയിരുത്തലും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ടാറ്റ ഗ്രൂപ്പിന്റെ അമരത്ത് മലയാളി വനിത

ഫിദ
കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി മലയാളിയായ രൂപ പുരുഷോത്തമന്‍ നിയമിതയായി. സെപ്റ്റംബര്‍ ഒന്നിന് ഇവര്‍ ചുമതലയേല്‍ക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവയടങ്ങുന്ന ബ്രിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായി വളരുമെന്ന രൂപയുടെ റിപ്പോര്‍ട്ടാണ് സാമ്പത്തിക ലോകത്ത് അവരെ പ്രശസ്തയാക്കിയത്.
200304 കാലയളവില്‍ 25ാം വയസ്സിലാണ് അവര്‍ ബ്രിക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള രൂപ, ആദ്യം ഗോള്‍ഡ്മാന്‍ സാക്‌സില്‍ വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഇക്കണോമിസ്റ്റുമായിരുന്നു. 2006ല്‍ എവര്‍സ്‌റ്റോണ്‍ ക്യാപ്പിറ്റലില്‍ റിസര്‍ച്ച് വിഭാഗം മേധാവിയായി. നിലവില്‍ എവര്‍സ്‌റ്റോണിന്റെ റിസര്‍ച്ച് വിഭാഗം മാനേജിംഗ് ഡയറക്ടറാണ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍പാലക്കാട് സ്വദേശികളായ മലയാളി ദമ്പതികളുടെ മകളാണ് 38കാരിയായ രൂപ.