റബറിന് ആഭ്യന്തര വിപണിയില്‍ നേരിയ വര്‍ധന

റബറിന് ആഭ്യന്തര വിപണിയില്‍ നേരിയ വര്‍ധന

ഗായത്രി
കോട്ടയം: റബറിന് ആഭ്യന്തര വിലയില്‍ നേരിയ വര്‍ദ്ധനവ്. മികച്ച കാലാവസ്ഥ തുടരുന്നതിനാല്‍ റബര്‍ ടാപ്പിംഗ് രംഗം സജീവമായിരിക്കുകയാണ്. റബര്‍ പിടിച്ചുവച്ചവര്‍ ഓണാവശ്യങ്ങള്‍ക്കായി വിറ്റതും വിപണിയില്‍ വന്‍തോതില്‍ റബര്‍ വില്പനക്കെത്താന്‍ കാരണമായി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും റബര്‍ ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ടുംകാരണം ആഭ്യന്തരവിപണിയില്‍ നിന്ന് കൂടുതല്‍ റബര്‍ സംഭരിച്ച് സ്‌റ്റോക്ക് ചെയ്യുന്നതാണ് ബുദ്ധി എന്ന് മനസിലാക്കിയ ടയര്‍ കമ്പനികള്‍ ഡിമാന്റ് കാട്ടി നിരക്ക് അല്പം ഉയര്‍ത്തി ഷീറ്റ് സംഭരിച്ചു. ഇതോടെ നാലാം ഗ്രേഡ് റബര്‍ വില 128ല്‍ നിന്ന് 130ലേക്ക് കയറി. ലാറ്റക്‌സും വന്‍തോതില്‍ വില്പനക്കെത്തിയെങ്കിലും നിരക്ക് 78 രൂപയില്‍ തുടരുകയാണ്.
വില കുറയ്ക്കാന്‍ അവധി കച്ചവടക്കാര്‍ ടയര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ കൂടുതല്‍ റബര്‍ വാങ്ങിയതോടെയാണ് വില ഉയര്‍ന്നത്. റബര്‍ വില കുറക്കാനായി അവധി കച്ചവടക്കാര്‍ ആര്‍.എസ്.എസ് ഫോറിന് സെപ്തംബറില്‍ 129 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
അന്താരാഷ്ട വിപണി ടോക്കിയോ ബാങ്കോക്ക് മാര്‍ക്കറ്റ് ആര്‍.എസ്.എസ് ഫോര്‍ കിലോയ്ക്ക് 118ല്‍ നിന്ന് 120 ആയി. അതേസമയം ചൈനയില്‍ 135ല്‍ നിന്ന് 131 ആയി വില കുറഞ്ഞു.
ഈ സാമ്പത്തികവര്‍ഷം റബറുത്പാദനം 11.5 ശതമാനം വര്‍ധിച്ചതായി റബര്‍ബോര്‍ഡ് അറിയിച്ചു. 2017 ജൂലായില്‍ ഉത്പാദനം 58,000 ടണ്‍ ആണ്. 2016 ജൂലായില്‍ ഇത് 52,000 ടണ്‍ ആയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ ജൂലായ് കാലയളവിലെ മൊത്തം ഉത്പാദനം 201,000 ടണ്‍ ആയിരുന്നപ്പോള്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 187,000 ടണ്ണായിരുന്നു. ഏഴര ശതമാനം വര്‍ദ്ധനയാണ് ഇത് കാണിക്കുന്നത്. ഈ വര്‍ഷത്തെ ഉത്പാദനലക്ഷ്യം എട്ടുലക്ഷം ടണ്‍ ആണ്.

Post Your Comments Here ( Click here for malayalam )
Press Esc to close