Month: August 2017

ഫ്‌ളോറിങ് ടൈല്‍സുമായി ബാംബു കോര്‍പറേഷന്‍

ഗായത്രി
കൊച്ചി: കൊച്ചി രാജേന്ദ്ര മൈതാനിയില്‍ ജൈവജീവിതത്തിന്റെ ഭാഗമായി നടക്കുന്ന ഓണം മേളയില്‍ ബാംബുകോര്‍പറേഷന്‍ ഇക്കുറി എത്തിയിരിക്കുന്നത് മുള കൊണ്ടുള്ള ഫ്‌ളോറിങ് ടൈല്‍സുമായാണ്. മുളയുടെ തൈലം മുതല്‍ ഫര്‍ണിച്ചറുകള്‍ വരെ ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി സജീകരിച്ചിട്ടുണ്ട്. ബാംബുകോര്‍പറേഷന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഫ്‌ളോറിങ് ടൈലാണ് പ്രധാന ആകര്‍ഷണം. ബാംബു കോര്‍പറേഷന്റെ കോഴിക്കോട് നല്ലളത്തെ ഫാക്ടറിയിലാണ് ഈ ടൈല്‍ നിര്‍മിക്കുന്നത്. സ്‌ക്വയര്‍ ഫീറ്റിന് ഏകദേശം 1200 മുതല്‍ 1400 വരെ ചെലവുവരുന്ന ബാംബു ഹൗസിന്റെ നിര്‍മാണത്തെക്കുറിച്ചും ഇവിടെനിന്ന് വിവരം ലഭിക്കും. വിനോദ സഞ്ചാര വകുപ്പിനുവേണ്ടി അധികവും ട്രീ ഹൗസുകളാണ് കോര്‍പറേഷന്‍ നിര്‍മിക്കുന്നതെങ്കിലും അടിത്തറ കെട്ടി നല്‍കുന്ന ഏതാവശ്യത്തിനും കുറഞ്ഞത് 20 വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കോര്‍പറേഷന്‍ തയ്യാറാണ്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Ph: +91 484 2452275, 2452248, 2456575
E-Mail: bamboocorp71@gmail.com
Website: www.bambooworldindia.com

പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ആഗസ്റ്റ് 31ന് അവസാനിക്കും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നന്പറും(പാന്‍) ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണെന്നു സര്‍ക്കാര്‍ അറിയിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി ഇക്കാര്യത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും യൂണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജയ് ഭൂഷണ്‍ പാണ്ഡേ പറഞ്ഞു. ആധാര്‍ നിയമത്തെപ്പറ്റി സുപ്രീംകോടതിയുടെ വിധി ഇതുവരെ ഉണ്ടായിട്ടില്ല. ആധാര്‍ നിയമവും, ആദായ നികുതി നിയമവും ആധാരമാക്കിയാണ് പാന്‍നും-ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ നിര്‍ദേശം ഉണ്ടായത്.

ആണിനും പെണ്ണിനും തുല്യസമത്വം വേണം

വിഷ്ണു പ്രതാപ്
ആണിനും പെണ്ണിനും തുല്യസമത്വം വേണം
ഫെമിനിസം എന്നാല്‍ സ്ത്രീക്ക് സപെഷലായി എന്തെങ്കിലും നല്‍കുക എന്നര്‍ത്ഥമില്ലെന്ന് ബോളിവുഡ് നടി തപ്‌സി പന്നു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക, അവര്‍ക്ക് വേണ്ടി നിയമത്തില്‍ പ്രത്യേക ഭേദഗതി വരുത്തുക ഇതൊന്നുമല്ല സ്ത്രീസ്വാതന്ത്രം. ആണിനും പെണ്ണിനും തുല്യസമത്വം എന്നതാണ് സ്ത്രീസ്വാതന്ത്രം, അഥവാ ഫെമിനിസമെന്നും അവര്‍ പറഞ്ഞു.
ഫെമിനിസം, അഥവാ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കവേയാണ് ഒരു മുന്‍നിര താരം ഇത്തരത്തില്‍ ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
അത് കുട്ടിക്കാലം മുതല്‍ തുടങ്ങേണ്ടതാണ്. വിദ്യാഭ്യാസ കാലത്തും ആ സമത്വം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമത്വമുള്ള ഒരു തലമുറ സൃഷ്ടിക്കപ്പെടുകയുള്ളൂ. ആണിനും പെണ്ണിനും തുല്യമായി സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം വേണം. തുല്യമായ ജോലിയും ശമ്പളവും വേണം. അവിടെ വര്‍ഗ വിവേചനം പാടില്ല. അതൊക്കെയാണ് ഫെമിനിസം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. അല്ലാതെ നമ്മുടെ സമൂഹം മനസിലാക്കിയതുപോലെ പരിഗണനയോ റിസര്‍വേഷനോ അല്ലെന്നും തപ്‌സി പറഞ്ഞു.
ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ജുഡുവാ 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു തപ്‌സി അഭിപ്രായ പ്രകടനം നടത്തിയത്. കോമഡി എന്റര്‍ടെയ്ന്‍മെന്റായ ജുഡുവാ 2ല്‍ വരുണ്‍ ധവാനും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൈറ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ തപ്‌സി എത്തുന്നത്. ഇവര്‍ക്കൊപ്പം അനുപം ഖേര്‍, രാജ്പാല്‍ യാദവ്, അലി അസ്ഗര്‍ എന്നിവരുമുണ്ട്.
പിങ്ക്, നാം ശബാന, ബേബി എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് തപ്‌സി ബാനു ശ്രദ്ധേയയായത്. സാവി മാസിക നടത്തിയ സര്‍വേയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തയായ സ്ത്രീയായി തപ്‌സിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

കറുപ്പഴകുള്ളൊരു വമ്പന്‍ കുതിര

അളക ഖാനം
പ്രശസ്തമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണ കമ്പനിയായ അമേരിക്കയിലെ ‘ഇന്ത്യന്‍’, ക്രൂസര്‍ ശ്രേണിയില്‍ പരിചയപ്പെടുത്തുന്ന പുത്തന്‍ താരമാണ് ചീഫ്‌ടെയ്ന്‍ ഡാര്‍ക്ക് ഹോഴ്‌സ്. കമ്പനി നേരത്തേ വിപണിയിലെത്തിച്ച ചീഫ്‌ടെയ്ന്‍ മോഡലിന്റെ അതേ എന്‍ജിനും സാങ്കേതിക വിദ്യകളുമാണ് ചീഫ്‌ടെയ്ന്‍ ഡാര്‍ക്ക് ഹോഴ്‌സിനുമുള്ളത്. പേരിലെ ഡാര്‍ക്ക് ഹോഴ്‌സും കറുപ്പഴകില്‍ തീര്‍ത്ത രൂപകല്പനയുമാണ് പ്രധാന വ്യത്യാസങ്ങള്‍.
വിന്‍ഡ് ഷീല്‍ഡ്, സ്റ്റാന്‍ഡേര്‍ഡായി ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ വ്യക്തമാക്കുന്ന സംവിധാനം എന്നിവ ഒരു ബട്ടണിലൂടെ ക്രമീകരിക്കാവുന്നതാണ്. 73 ബി.എച്ച്.പി കരുത്തുള്ളതാണ് 1811 സി.സി വി ട്വിന്‍ എന്‍ജിന്‍. ഗിയറുകള്‍ ആറ്. ഹൈവേ റൈഡിംഗിന് അനുയോജ്യമായ വിധമാണ് ഗിയറുകളുടെ സജ്ജീകരണം. വലിയ ബോഡിയായതിനാല്‍ ഓടിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നാം. എന്നാല്‍, ഏതൊരാള്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന മോഡല്‍ തന്നെയാണിത്. പൂര്‍ണമായും കറുപ്പഴകുള്ളൊരു വമ്പന്‍ കുതിര തന്നെയാണ് ഇന്ത്യന്‍ ചീഫ്‌ടെയ്ന്‍ ഡാര്‍ക്ക് ഹോഴ്‌സ. ഏതൊരാളുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന വലിയ ബോഡിയാണ് ഈ ക്രൂസറിനുള്ളത്. പൗരുഷഭാവം കൈവിടാതെ കൊത്തിയെടുത്ത രൂപകല്പനയിലെ മനോഹാര്യതയും എടുത്ത് പറയണം. 400 കിലോഗ്രാം ഭാരമുഴള്ള ഊ വാഹനം ഹൈവേ റൈഡുകള്‍ക്കാണ് ഏറെ അനുയോജ്യം. ദീര്‍ഘദൂര യാത്രകള്‍ ഒരു കാറിലെന്നപോലെ ആസ്വദിക്കാം. 24 കിലോഗ്രാം വരെ ലഗേജ് ഉള്‍ക്കൊള്ളിക്കാവുന്ന, റിമോട്ട് ലോക്കിംഗ് സൗകര്യമുള്ള സ്‌റ്റോറേജ് ബാഗും ബൈക്കിനൊപ്പമുണ്ട്. 33.88 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ് ഷോറും വില.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി

ഫിദ
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.ഒ) സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കുന്നു. അടുത്ത വര്‍ഷം ആഗസ്റ്റ് മുതലാണ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതെന്ന് കേന്ദ്ര പ്രോവിഡന്റ് കമീഷണര്‍ വി.പി. ജോയ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാക്കുന്നതോടെ അഴിമതിയും ഓഫിസില്‍ കയറിയിറങ്ങിയുണ്ടാകുന്ന പ്രയാസങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ് തുടങ്ങാനും പദ്ധതിയുണ്ട്.

‘റോസാപ്പൂ’വിലൂടെ ശില്‍പ മഞ്ജുനാഥ് മലയാളത്തിലേക്ക്

ഫിദ
വിനു ജോസഫ് സംവിധാനം ചെയ്യുന്ന ‘റോസാപ്പൂ’ എന്ന ചിത്രത്തിലൂടെ ഒരു അന്യഭാഷക്കാരികൂടി മലയാള സിനിമയിലെത്തുന്നു.
മോഡലും കന്നട നടിയുമായ ശില്‍പ മഞ്ജുനാഥാണ് മലയാളത്തിലേക്ക് ചേക്കേറുന്നത്. ബിജു മേനോനും നീരജ് മാധവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ തമിഴ് സുന്ദരി അഞ്ജലിയാണ് നായികയാവുന്നത്.
പുലി, ഇരുമുഗന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഷിബു തമീന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എ.ബി.സി.ഡിയ്ക്ക് ശേഷം ഷിബു തമീന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്.
സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം. മധുര നാരങ്ങ, കുഞ്ഞിരാമായണം എന്നി ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. നീരജ് ആദ്യമായി തിരക്കഥ എഴുതുന്ന ലവകുശ എന്ന ചിത്രത്തിലും ബിജു മേനോന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ 143 കഥാപാത്രങ്ങളുണ്ട്. ചിത്രത്തില്‍ നീരജ് മാധവിന്റെ ജോഡിയായാണ് ശില്‍പ എത്തുക. സാന്ദ്ര എന്ന കഥാപാത്രത്തെയാണ് ശില്‍പ അവതരിപ്പിക്കുക. തികച്ചും അസാധാരണമായ കഥാപാത്രത്തമാണിത്.

സുപ്രീംകോടതി വിധി ടെക് കമ്പനികള്‍ക്ക് തിരിച്ചടിയാവുമെന്ന് വിദഗ്ധര്‍

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള ടെക് കമ്പനികള്‍ക്ക് തിരിച്ചടിയാവുമെന്ന് വിദഗ്ധര്‍.
പേയ്മന്റെ് ആപ്പുകളും ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം ഉപഭോക്താകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നണ്ട്. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം കമ്പനികള്‍ക്ക് ഉറപ്പാക്കേണ്ടി വരും. മാത്രമല്ല ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാനും സാധിക്കില്ല. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കമ്പനികള്‍ക്ക് ഉറപ്പാക്കേണ്ടി വരും.
നേരത്തെ ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സെര്‍വറിലേക്ക് ചോര്‍ത്തുന്നതായി ആരോപണമയുര്‍ന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈല്‍ കമ്പനികളും ആരോപണത്തിന്റെ നിഴലിലാണ്.

നന്ദന്‍ നിലേക്കനി വീണ്ടും ഇന്‍ഫോസിസിലേക്ക്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഒയുമായ നന്ദന്‍ നിലേക്കനി തിരികെ ഇന്‍ഫോസിസിലേക്ക് തന്നെ. വിശാല്‍ സിക്ക രാജി വച്ച ഒഴിവില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ ആയിട്ടാണ് നിയമനം. നോണ്‍ എക്‌സിക്യൂട്ടീവ്, നോണ്‍ ഇന്‍ഡിപ്പെന്‍ഡന്റ് ചെയര്‍മാനായിട്ടാണ് നിയമിച്ചതെന്ന് ഇന്‍ഫോസിസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നന്ദന്‍ നിലേക്കനിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡസനോളം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇന്‍ഫോസിസ് ബോര്‍ഡിനു കത്തയച്ചിരുന്നു. മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവച്ചത്.
നാരായണ മൂര്‍ത്തി, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, ടി.വി. മോഹന്‍ദാസ് പൈ തുടങ്ങിയവര്‍ക്കൊപ്പം ഇന്‍ഫോസിസ് ടെക്‌നോളജീസിനു തുടക്കമിട്ട നിലേക്കനി 1981 മുതല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഇന്‍ഫോസിസിനെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി ഉല്‍പന്ന കയറ്റുമതി കമ്പനിയായി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം 2002 മാര്‍ച്ച് മുതല്‍ 2007 ജൂണ്‍ വരെ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായിരുന്നു. ക്രിസ് ഗോപാലകൃഷ്ണന്‍ പിന്നീട് ഈ സ്ഥാനത്തെത്തിയതോടെ നിലേക്കനി കോചെയര്‍മാനായി.
ഉത്തര കന്നഡയിലെ സിര്‍സിയില്‍ ജനിച്ച നിലേക്കനി ബാംഗ്ലൂര്‍, ധാര്‍വാഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ബോംബെ ഐഐടിയില്‍നിന്നാണു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത്. എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ നമ്പരും കാര്‍ഡും യുണീക് ഐഡന്റിഫിക്കേഷന്‍ സ്‌കീം(യുഐഡി) നല്‍കാന്‍ നയം രൂപീകരിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായുള്ള ദേശീയ അതോറിറ്റിയുടെ ചെയര്‍മാനായി നിയമിച്ചതിനെ തുടര്‍ന്നാണ് നിലേക്കനി ഇന്‍ഫോസിസില്‍നിന്നു രാജിവച്ചത്.
ഇന്‍ഫോസിസിലേക്കു തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും ബോര്‍ഡിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും നിലേക്കനി പറഞ്ഞു. മൂന്നുവര്‍ഷം ഇന്‍ഫോസിസിനെ നയിച്ച വിശാല്‍ സിക്കയ്ക്ക് നന്ദി പറഞ്ഞ നിലേക്കനി, അദ്ദേഹത്തിന്റെ ഭാവിയിലേക്ക് ആശംസകളും നേര്‍ന്നു

ഗ്രാമീണ ബാങ്കുകളും ലയന പാതയില്‍

ഗായത്രി
പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നടപടികള്‍ വീണ്ടും സജീവമാകുമ്പോള്‍ രാജ്യത്തെ ഗ്രാമീണ ബാങ്കുകളും ലയന പാതയില്‍. കേരള ഗ്രാമീണ്‍ ബാങ്ക് അടക്കം രാജ്യത്ത് 56 മേഖല ഗ്രാമീണ്‍ ബാങ്കുകളുണ്ട്. നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്‌പോണ്‍സര്‍ ബാങ്കിനും മാത്രമാണ് ഇതിന്റെ മൂലധനാവകാശം. എന്നാല്‍, ഗ്രാമീണ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാനാണ് നീക്കം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ആന്ധ്രപ്രദേശ് ഗ്രാമീണ്‍ വികാസ് ബാങ്കിന്റെയും സൗരാഷ്ട്ര ഗ്രാമീണ്‍ ബാങ്കിന്റെയും ഓഹരി വില്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ സ്‌പോണ്‍സറായ കനറ ബാങ്കുതന്നെ ലയന പരിഗണനയിലാണ് എന്നത് ഗ്രാമീണ ബാങ്കിന്റെ ഭാവിയെച്ചൊല്ലി ആശങ്ക ജനിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍, പ്രത്യേകിച്ച് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും കൃഷിക്കും ഏറ്റവുമധികം വായ്പ പ്രോത്സാഹനം നല്‍കുന്ന ധനകാര്യ സ്ഥാപനമാണ് കേരള ഗ്രാമീണ്‍ ബാങ്ക്. ഇതിന്റെ വായ്പനിക്ഷേപ അനുപാതം വളരെ ഉയര്‍ന്നതാണ്. രാജ്യത്തെ ഗ്രാമീണ ബാങ്കുകളില്‍ നാലാം സ്ഥാനത്താണ്.
27,000 കോടിയോളം രൂപയുടെ ബിസിനസും 3,500ല്‍ അധികം ജീവനക്കാരുമുണ്ട്. കേരളത്തിലാകെ 600 ശാഖകളുണ്ട്. മലപ്പുറത്താണ് ആസ്ഥാനം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല പൊതുമേഖല ബാങ്കുകളെക്കാള്‍ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യമാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തനം. രാജ്യത്ത് 196 മേഖല ഗ്രാമീണ ബാങ്കുകള്‍ ഉണ്ടായിരുന്നു. 2005-09 കാലഘട്ടത്തില്‍ ഇവയില്‍ ചിലതിനെ തമ്മില്‍ ലയിപ്പിച്ചപ്പോള്‍ എണ്ണം 82 ആയി കുറഞ്ഞു. 2011-14ല്‍ വീണ്ടും സംയോജനം വന്നപ്പോള്‍ 56 ആയി. രണ്ടാം ഘട്ടത്തില്‍; 2013ലാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൗത്ത് മലബാര്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കുകളെ ലയിപ്പിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് രൂപവത്കരിച്ചത്.
നിലവില്‍ ഗ്രാമീണ ബാങ്കുകളുടെ മൂലധനത്തില്‍ 50 ശതമാനം കേന്ദ്രത്തിന്റെതും 15 ശതമാനം സംസ്ഥാന സര്‍ക്കാറിന്റെതും ബാക്കി 35 ശതമാനം സ്‌പോണ്‍സര്‍ ബാങ്കിന്റെതുമാണ്. 2015ലെ ഭേദഗതി അനുസരിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ആകെ വിഹിതം 51 ശതമാനമാക്കി കുറച്ച് ബാക്കി വിറ്റഴിക്കാം. മാത്രമല്ല, ഈ ബാങ്കുകളെ പേമന്റെ് ബാങ്കായി പരിവര്‍ത്തനം ചെയ്യുകയോ സ്‌പോണ്‍സര്‍ ബാങ്കില്‍ ലയിപ്പിക്കുകയോ ചെയ്യാം. എന്നാല്‍, ഗ്രാമീണ്‍ ബാങ്കുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏതാണ്ടെല്ലാ പൊതുമേഖല ബാങ്കുകളും ലയന പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളുടെ നിലനില്‍പ്പ് ഇനിയെത്രകാലം എന്നറിയേണ്ടതുണ്ട്.

 

രാജ്യത്ത് 200 രൂപ നോട്ടുകള്‍ ഇന്ന് മുതല്‍ പ്രചാരത്തില്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്ത് 200 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍് പ്രചാരത്തിലാകും. തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള നോട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മുന്‍വശത്ത് കാണാം. പുറക് വശത്ത് സാഞ്ചി സ്തൂപമാണുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലാണ് നോട്ടില്‍ ഒപ്പിട്ടിരിക്കുന്നത്.
200 രൂപാ നോട്ടിന് സാധുത നല്‍കി കേന്ദ്ര ധനമന്ത്രാലയം ഇന്നലെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 100,500 രൂപയുടെ കറന്‍സി നോട്ടുകള്‍ക്കിടയില്‍ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഇറക്കുന്ന 200 രൂപാ നോട്ട് ജനപ്രിയമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. കള്ളനോട്ടിന്റെ വ്യാപനം തടയാനും ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തുടക്കത്തില്‍ 50 കോടി നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടാകുക.