ആണിനും പെണ്ണിനും തുല്യസമത്വം വേണം

ആണിനും പെണ്ണിനും തുല്യസമത്വം വേണം

വിഷ്ണു പ്രതാപ്
ആണിനും പെണ്ണിനും തുല്യസമത്വം വേണം
ഫെമിനിസം എന്നാല്‍ സ്ത്രീക്ക് സപെഷലായി എന്തെങ്കിലും നല്‍കുക എന്നര്‍ത്ഥമില്ലെന്ന് ബോളിവുഡ് നടി തപ്‌സി പന്നു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക, അവര്‍ക്ക് വേണ്ടി നിയമത്തില്‍ പ്രത്യേക ഭേദഗതി വരുത്തുക ഇതൊന്നുമല്ല സ്ത്രീസ്വാതന്ത്രം. ആണിനും പെണ്ണിനും തുല്യസമത്വം എന്നതാണ് സ്ത്രീസ്വാതന്ത്രം, അഥവാ ഫെമിനിസമെന്നും അവര്‍ പറഞ്ഞു.
ഫെമിനിസം, അഥവാ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കവേയാണ് ഒരു മുന്‍നിര താരം ഇത്തരത്തില്‍ ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
അത് കുട്ടിക്കാലം മുതല്‍ തുടങ്ങേണ്ടതാണ്. വിദ്യാഭ്യാസ കാലത്തും ആ സമത്വം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമത്വമുള്ള ഒരു തലമുറ സൃഷ്ടിക്കപ്പെടുകയുള്ളൂ. ആണിനും പെണ്ണിനും തുല്യമായി സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം വേണം. തുല്യമായ ജോലിയും ശമ്പളവും വേണം. അവിടെ വര്‍ഗ വിവേചനം പാടില്ല. അതൊക്കെയാണ് ഫെമിനിസം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. അല്ലാതെ നമ്മുടെ സമൂഹം മനസിലാക്കിയതുപോലെ പരിഗണനയോ റിസര്‍വേഷനോ അല്ലെന്നും തപ്‌സി പറഞ്ഞു.
ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ജുഡുവാ 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു തപ്‌സി അഭിപ്രായ പ്രകടനം നടത്തിയത്. കോമഡി എന്റര്‍ടെയ്ന്‍മെന്റായ ജുഡുവാ 2ല്‍ വരുണ്‍ ധവാനും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൈറ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ തപ്‌സി എത്തുന്നത്. ഇവര്‍ക്കൊപ്പം അനുപം ഖേര്‍, രാജ്പാല്‍ യാദവ്, അലി അസ്ഗര്‍ എന്നിവരുമുണ്ട്.
പിങ്ക്, നാം ശബാന, ബേബി എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് തപ്‌സി ബാനു ശ്രദ്ധേയയായത്. സാവി മാസിക നടത്തിയ സര്‍വേയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തയായ സ്ത്രീയായി തപ്‌സിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close