ഗ്രാമീണ ബാങ്കുകളും ലയന പാതയില്‍

ഗ്രാമീണ ബാങ്കുകളും ലയന പാതയില്‍

ഗായത്രി
പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള നടപടികള്‍ വീണ്ടും സജീവമാകുമ്പോള്‍ രാജ്യത്തെ ഗ്രാമീണ ബാങ്കുകളും ലയന പാതയില്‍. കേരള ഗ്രാമീണ്‍ ബാങ്ക് അടക്കം രാജ്യത്ത് 56 മേഖല ഗ്രാമീണ്‍ ബാങ്കുകളുണ്ട്. നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്‌പോണ്‍സര്‍ ബാങ്കിനും മാത്രമാണ് ഇതിന്റെ മൂലധനാവകാശം. എന്നാല്‍, ഗ്രാമീണ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാനാണ് നീക്കം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ആന്ധ്രപ്രദേശ് ഗ്രാമീണ്‍ വികാസ് ബാങ്കിന്റെയും സൗരാഷ്ട്ര ഗ്രാമീണ്‍ ബാങ്കിന്റെയും ഓഹരി വില്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ സ്‌പോണ്‍സറായ കനറ ബാങ്കുതന്നെ ലയന പരിഗണനയിലാണ് എന്നത് ഗ്രാമീണ ബാങ്കിന്റെ ഭാവിയെച്ചൊല്ലി ആശങ്ക ജനിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍, പ്രത്യേകിച്ച് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും കൃഷിക്കും ഏറ്റവുമധികം വായ്പ പ്രോത്സാഹനം നല്‍കുന്ന ധനകാര്യ സ്ഥാപനമാണ് കേരള ഗ്രാമീണ്‍ ബാങ്ക്. ഇതിന്റെ വായ്പനിക്ഷേപ അനുപാതം വളരെ ഉയര്‍ന്നതാണ്. രാജ്യത്തെ ഗ്രാമീണ ബാങ്കുകളില്‍ നാലാം സ്ഥാനത്താണ്.
27,000 കോടിയോളം രൂപയുടെ ബിസിനസും 3,500ല്‍ അധികം ജീവനക്കാരുമുണ്ട്. കേരളത്തിലാകെ 600 ശാഖകളുണ്ട്. മലപ്പുറത്താണ് ആസ്ഥാനം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല പൊതുമേഖല ബാങ്കുകളെക്കാള്‍ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യമാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തനം. രാജ്യത്ത് 196 മേഖല ഗ്രാമീണ ബാങ്കുകള്‍ ഉണ്ടായിരുന്നു. 2005-09 കാലഘട്ടത്തില്‍ ഇവയില്‍ ചിലതിനെ തമ്മില്‍ ലയിപ്പിച്ചപ്പോള്‍ എണ്ണം 82 ആയി കുറഞ്ഞു. 2011-14ല്‍ വീണ്ടും സംയോജനം വന്നപ്പോള്‍ 56 ആയി. രണ്ടാം ഘട്ടത്തില്‍; 2013ലാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൗത്ത് മലബാര്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കുകളെ ലയിപ്പിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് രൂപവത്കരിച്ചത്.
നിലവില്‍ ഗ്രാമീണ ബാങ്കുകളുടെ മൂലധനത്തില്‍ 50 ശതമാനം കേന്ദ്രത്തിന്റെതും 15 ശതമാനം സംസ്ഥാന സര്‍ക്കാറിന്റെതും ബാക്കി 35 ശതമാനം സ്‌പോണ്‍സര്‍ ബാങ്കിന്റെതുമാണ്. 2015ലെ ഭേദഗതി അനുസരിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ആകെ വിഹിതം 51 ശതമാനമാക്കി കുറച്ച് ബാക്കി വിറ്റഴിക്കാം. മാത്രമല്ല, ഈ ബാങ്കുകളെ പേമന്റെ് ബാങ്കായി പരിവര്‍ത്തനം ചെയ്യുകയോ സ്‌പോണ്‍സര്‍ ബാങ്കില്‍ ലയിപ്പിക്കുകയോ ചെയ്യാം. എന്നാല്‍, ഗ്രാമീണ്‍ ബാങ്കുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏതാണ്ടെല്ലാ പൊതുമേഖല ബാങ്കുകളും ലയന പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളുടെ നിലനില്‍പ്പ് ഇനിയെത്രകാലം എന്നറിയേണ്ടതുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close