നന്ദന്‍ നിലേക്കനി വീണ്ടും ഇന്‍ഫോസിസിലേക്ക്

നന്ദന്‍ നിലേക്കനി വീണ്ടും ഇന്‍ഫോസിസിലേക്ക്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഒയുമായ നന്ദന്‍ നിലേക്കനി തിരികെ ഇന്‍ഫോസിസിലേക്ക് തന്നെ. വിശാല്‍ സിക്ക രാജി വച്ച ഒഴിവില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ ആയിട്ടാണ് നിയമനം. നോണ്‍ എക്‌സിക്യൂട്ടീവ്, നോണ്‍ ഇന്‍ഡിപ്പെന്‍ഡന്റ് ചെയര്‍മാനായിട്ടാണ് നിയമിച്ചതെന്ന് ഇന്‍ഫോസിസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നന്ദന്‍ നിലേക്കനിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡസനോളം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇന്‍ഫോസിസ് ബോര്‍ഡിനു കത്തയച്ചിരുന്നു. മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവച്ചത്.
നാരായണ മൂര്‍ത്തി, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, ടി.വി. മോഹന്‍ദാസ് പൈ തുടങ്ങിയവര്‍ക്കൊപ്പം ഇന്‍ഫോസിസ് ടെക്‌നോളജീസിനു തുടക്കമിട്ട നിലേക്കനി 1981 മുതല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഇന്‍ഫോസിസിനെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി ഉല്‍പന്ന കയറ്റുമതി കമ്പനിയായി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം 2002 മാര്‍ച്ച് മുതല്‍ 2007 ജൂണ്‍ വരെ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായിരുന്നു. ക്രിസ് ഗോപാലകൃഷ്ണന്‍ പിന്നീട് ഈ സ്ഥാനത്തെത്തിയതോടെ നിലേക്കനി കോചെയര്‍മാനായി.
ഉത്തര കന്നഡയിലെ സിര്‍സിയില്‍ ജനിച്ച നിലേക്കനി ബാംഗ്ലൂര്‍, ധാര്‍വാഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ബോംബെ ഐഐടിയില്‍നിന്നാണു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത്. എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ നമ്പരും കാര്‍ഡും യുണീക് ഐഡന്റിഫിക്കേഷന്‍ സ്‌കീം(യുഐഡി) നല്‍കാന്‍ നയം രൂപീകരിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായുള്ള ദേശീയ അതോറിറ്റിയുടെ ചെയര്‍മാനായി നിയമിച്ചതിനെ തുടര്‍ന്നാണ് നിലേക്കനി ഇന്‍ഫോസിസില്‍നിന്നു രാജിവച്ചത്.
ഇന്‍ഫോസിസിലേക്കു തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും ബോര്‍ഡിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും നിലേക്കനി പറഞ്ഞു. മൂന്നുവര്‍ഷം ഇന്‍ഫോസിസിനെ നയിച്ച വിശാല്‍ സിക്കയ്ക്ക് നന്ദി പറഞ്ഞ നിലേക്കനി, അദ്ദേഹത്തിന്റെ ഭാവിയിലേക്ക് ആശംസകളും നേര്‍ന്നു

Post Your Comments Here ( Click here for malayalam )
Press Esc to close