എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന

എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ഗായത്രി
കൊച്ചി: മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍നിന്ന് പിഴ ഈടാക്കുന്നതുമൂലം എസ്.ബി.ഐ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ മാനേജ്മന്റെ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മിക്ക ശാഖകളിലും ദിവസവും 10 അക്കൗണ്ടുകളെങ്കിലും ഇക്കാരണത്തില്‍ ‘ക്ലോസ്’ ചെയ്യുന്നുവെന്നാണ് കണക്കുകള്‍. തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനമുള്ള നല്ലൊരു ശതമാനം പേര്‍ക്കും മിനിമം ബാലന്‍സ് വ്യവസ്ഥ പാലിക്കാന്‍ കഴിയുന്നില്ലെന്നാണ് കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയതലത്തില്‍ മൂന്നുമാസംകൊണ്ട് മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴയായി 235 കോടി രൂപ എസ്.ബി.ഐ ഈടാക്കിയതുതന്നെ ‘നിര്‍ധനരെ’ പിഴിഞ്ഞായിരുന്നു. കേരളത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലേറെയും സ്‌റ്റേറ്റ് ബാങ്ക് അക്കൗണ്ടുള്ളവരാണ്. 50 രൂപ മുതല്‍ 100 രൂപവരെ മാസവും പിഴയായി നല്‍കേണ്ടി വരുമ്പോള്‍ അക്കൗണ്ട് അവസാനിപ്പിക്കുകയല്ലാതെ ഇവര്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല.
മിനിമം ബാലന്‍സായി മെട്രോ നഗരങ്ങളില്‍ 5000 രൂപയും ഇതര നഗരങ്ങളില്‍ (അര്‍ബന്‍) 3000 രൂപയുമാണ് വേണ്ടത്. ചെറിയ പട്ടണങ്ങളില്‍ (സെമി അര്‍ബന്‍) 2000 രൂപയും ഗ്രാമീണ ബ്രാഞ്ചുകളില്‍ 1000 രൂപയും അക്കൗണ്ടില്‍ എപ്പോഴും ഉണ്ടാവണം. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്തവരുടെ അക്കൗണ്ടുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് മാനേജ്മന്റെ് സ്വീകരിച്ചിട്ടുള്ളത്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ തുടരുന്നത് സ്ഥാപനത്തിന് ഗുണകരമല്ലെന്നും അവര്‍ വിലയിരുത്തുന്നു. മറ്റു പൊതുമേഖല, സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരും എസ്.ബി.ഐ അക്കൗണ്ട് ഉപേക്ഷിക്കാനുള്ള പ്രവണത കാട്ടുന്നെന്നാണ് ബാങ്ക് ജീവനക്കാര്‍തന്നെ നല്‍കുന്ന സൂചന. സഹകരണ ബാങ്കുകളില്‍ മിനിമംബാലന്‍സും മറ്റ് സര്‍വിസ് ചാര്‍ജുകളുമില്ലാത്തതിനാല്‍ കൂടുതല്‍ ഇടപാടുകാര്‍ സഹകരണ സ്ഥാപനങ്ങളിലേക്ക് പോവാനിടയുണ്ടെന്ന വിലയിരുത്തലും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close