Month: February 2019

ഉംറക്ക് ഇനി ഇ വിസയും

അളക ഖാനം-
റിയാദ്: ഉംറ,സിയാറ വിസക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മഖാം’ പരിഷ്‌കരിച്ചുകൊണ്ടാണ് പുതിയ സേവനം പ്രാബല്യത്തില്‍ വരുന്നത്. സൗദിയുടെ നേരിട്ടുള്ള ഉംറ ഏജന്‍സികള്‍ പ്രവര്‍ത്തിക്കാത്ത 157 രാഷ്ട്രങ്ങളിലെ തീര്‍ഥാടകര്‍ക്ക് ‘മഖാം’ വഴി തീര്‍ത്ഥാടനത്തിന്റെ ഭാഗമായ മക്ക, മദീന നഗരങ്ങളിലെ താമസം, ഗതാഗതം തുടങ്ങിയ അനുബന്ധ സേവനങ്ങളും ഓണ്‍ലൈന്‍ വഴി തീര്‍ഥാടകര്‍ക്ക് യാത്രയുടെ മുന്നോടിയായി തെരഞ്ഞെടുക്കാനാവും. ഓണ്‍ലൈനായി ഉംറ, സിയാറ വിസക്ക് അപേക്ഷിക്കാനാവും.
സൗദിയുടെ നേരിട്ടുള്ള ഉംറ സര്‍വീസ് ഏജന്‍സികളില്ലാത്ത 157 രാജ്യങ്ങള്‍ക്ക് തീരുമാനം നേട്ടമാകും. പുതിയ മാറ്റമനുസരിച്ച് ഉംറ വിസക്ക് അപേക്ഷിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ല. മറിച്ച് വിവിധ ഉംറ കമ്പനികളുടെ വ്യത്യസ്ത നിലവാരത്തിലുള്ള പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുത്താല്‍ മതി. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും എംബസിയുടെ സഹായമില്ലാതെ നേരിട്ട് ഇലക്‌ട്രോണിക് വിസ ഇതോടെ ലഭ്യമാകും. ഇങ്ങനെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉംറ കമ്പനികള്‍ നല്‍കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും. ഉംറ തീര്‍ഥാടന നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മഖാം പോര്‍ട്ടല്‍ വഴി സേവനം ലഭ്യമാണ്.

 

കണ്ണൂരില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം റൂട്ടുകളില്‍ സര്‍വീസുകള്‍

ഗായത്രി-
കണ്ണൂര്‍: കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ആദ്യവാരം ഗോ എയറും 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും.

ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍, രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍, 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍, വൈകീട്ട് 5.15ന് കണ്ണൂരില്‍നിന്ന്. 6.10ന് കൊച്ചിയില്‍, കൊച്ചിയില്‍നിന്ന് രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും.
1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കണ്ണൂര്‍, ഉച്ചക്ക് 1.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25ന് തിരുവനന്തപുരത്തെത്തും, 2.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10ന് കണ്ണൂരിലെത്തും, 2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.
ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരംഡല്‍ഹി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരംകണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 

പൊള്ളുന്നു പൊന്നേ…!

ഫിദ-
കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറന്നു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 24,800 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 3110 രൂപയാണ് വില. 2019ന്റെ ആരംഭത്തില്‍ തന്നെ സ്വര്‍ണം കുതിച്ചുചാട്ടത്തിന്റെ സൂചനകള്‍ നല്‍കി തുടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി 26നാണ് പവന് 24,400രൂപയെന്ന സര്‍വകാല റെക്കോഡ് ഭേദിച്ച് സ്വര്‍ണം കരുത്തുകാട്ടിയത്. എന്നാല്‍ ഫെബ്രുവരിയിലും കൂടുതല്‍ കരുത്ത് കാട്ടി മുന്നേറ്റം തുടരുവാനുള്ള സൂചനയാണ് സ്വര്‍ണം നല്‍കിയത്.
അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധിക്കുന്നതിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നിയന്ത്രണങ്ങുടെ ചുവട് പിടിച്ചാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വിവാഹ, ഉത്സവ സീസണുകളാണ് സ്വര്‍ണവില വര്‍ധിക്കുവാന്‍ കാരണം. രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുള്‍പ്പെടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഉത്സാഹം കാണിക്കുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.
എന്നാല്‍ വര്‍ധിച്ച ഡിമാന്റ് സ്വര്‍ണത്തിന് നിലനില്‍ക്കുമ്പോഴും വിപണിയിലേക്കുളള സ്വര്‍ണത്തിന്റെ സപ്ലൈ വര്‍ധിച്ചിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ വിടവ് വര്‍ധിക്കുന്നത് ഭാവിയിലും സ്വര്‍ണവില കൂടാന്‍ കാരണമാവും. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതോടെ പഴയ സ്വര്‍ണം വില്‍ക്കുന്നതിനായി എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്‌തെത്തുന്ന പഴയ സ്വര്‍ണമാണ് ആഭ്യന്തര വിപണിയുടെ ഡിമാന്റിനെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചന നിലനില്‍ക്കുന്നതിനാല്‍ പഴയസ്വര്‍ണം തിടുക്കപ്പെട്ട് വില്‍ക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

ടാറ്റയുടെ 45X പ്രീമിയം ഹാച്ച്ബാക്ക് പരീക്ഷണയോട്ടം പുരോഗമിക്കുന്നു

എംഎം കമ്മത്ത്-
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ 45X എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നു. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച 45X പ്രീമിയം ഹാച്ചബാക്കാണ് ജൂണില്‍ പുറത്തിറക്കാനാണ് തയ്യാറെടുക്കുന്നത്. ടാറ്റയുടെ പുണെ, ഇറ്റലി, യുകെ സ്റ്റുഡിയോകളിലാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ഡിസൈന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. രൂപത്തിന്റെ അടിസ്ഥാനത്തില്‍ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45ത വിപണിയിലെത്തുക. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്. ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായി മാസീവ് ബോഡി ലൈനുകള്‍ക്കൊപ്പം കരുത്തുറ്റ രൂപമാണ് എന്നതാണ് ഈ മോഡലിന്റെ സവിശേത. എന്നാല്‍ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നെക്‌സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉള്‍പ്പെടുത്താകാനാണ് സാധ്യത.

 

‘ഞാന്‍ കണ്ട സൂപ്പര്‍മാന്‍’ഫസ്‌റ് ലുക് പോസ്റ്റര്‍ പുറത്തു വിട്ടു

എംഎം കമ്മത്ത്-
അസ്‌ക്കര്‍ അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഞാന്‍ കണ്ട സൂപ്പര്‍മാന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ആസിഫ് അലിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് ശിവപ്രസാദ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അനൂപ്. വി. ഷൈലജ. സംഗീത സംവിധാനം അരുണ്‍ മുരളീധരന്‍. ആല്‍വിന്‍സ് ഡ്രീം സിനിമാസിന്റെ ബാനറില്‍ ബിനു പൗലോസ് മാമ്പിള്ളിയാണ് നിര്‍മാണം. അസ്‌കറിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ‘ജീംബൂബ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. പ്രീപ്രൊഡക്ഷന്‍ പൂര്‍ത്തിയാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

 

പ്രളയ സെസ് വഴി സാധനങ്ങള്‍ക്ക് വിലകൂടില്ല: മന്ത്രി തോമസ് ഐസക്

ഫിദ-
തിരു: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റാണെന്നും മന്ത്രി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
നാം നിത്യം ഉപയോഗിക്കുന്ന അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍, പലവ്യഞ്ജനം, ഭക്ഷ്യ എണ്ണ എന്നിവയുടെയൊന്നും വില കയറില്ല. കാരണം അവയില്‍ മഹാഭൂരിപക്ഷത്തിനും നികുതിയില്ല. അപൂര്‍വം ചിലവ അഞ്ചു ശതമാനം സ്ലാബിലാണ്. സെസ് ബാധകമാകുന്നത് 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്കാണ്. ഈ സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഉണ്ട്. പക്ഷേ, ഉപഭോക്താവിന് ഇത് കാര്യമായ ബാധ്യതയുണ്ടാക്കില്ല.
വാറ്റ്, എക്‌സൈസ് തുടങ്ങിയ ഇനങ്ങളില്‍ പിരിച്ചിരുന്ന നികുതി ഏകീകരിച്ചാണ് ജിഎസ്ടി. അപ്പോള്‍ത്തന്നെ നികുതിയില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴാകട്ടെ, ജിഎസ്ടിയില്‍ 28 ശതമാനം സ്ലാബ് തന്നെ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. അവയുടെ നികുതി പതിനെട്ടും പന്ത്രണ്ടും ശതമാനമായി താഴുകയാണ്. കളര്‍ ടിവിയും പവര്‍ ബാങ്കും ഡിജിറ്റല്‍ കാമറയുമൊക്കെ ഈ പട്ടികയിലുണ്ട്. ഈ ഉല്‍പന്നങ്ങളുടെ ജിഎസ്ടിയില്‍ പത്തു ശതമാനത്തിന്റെ കുറവ്. അവിടെയാണ് ഒരു ശതമാനത്തിന്റെ പ്രളയസെസ് കടന്നു വരുന്നത്.
അതായത് 100 രൂപയുടെ ഉത്പന്നം 28 ശതമാനം ജിഎസ്ടി അടക്കം 128 രൂപയായിരുന്നു. അതിപ്പോള് 18 ശതമാനം സ്ലാബിലേക്കു മാറി. പത്തു രൂപയുടെ കുറവ് വിലയില്‍ വരും. നമ്മുടെ ഒരു ശതമാനം പ്രളയസെസ് ചുമത്തുമ്പോള്‍ ഒമ്പതു രൂപയേ കുറയൂ. ഇതെങ്ങനെയാണ് വിലക്കയറ്റമാവുക. ഒരു ഉല്പന്നം നേരത്തെ വാങ്ങിയ വിലയില്‍ നിന്ന് പത്തു രൂപ കുറവു ലഭിക്കേണ്ട സ്ഥാനത്ത് ഒമ്പത് രൂപയുടെ കുറവേ വരൂ എന്നര്‍ത്ഥം. ആ പണം പ്രളയം തകര്‍ത്ത നാടിനെ പുനഃനിര്‍മ്മിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
വലിയ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവൊക്കെ ഭരിച്ചപ്പോള്‍ എന്തായിരുന്നു സ്ഥിതി. 12.5 ശതമാനമായിരുന്ന വാറ്റ് നികുതി 14.5 ശതമാനമായി വര്‍ദ്ധിപ്പിച്ച ശേഷമാണ് അവര്‍ ഭരണമൊഴിഞ്ഞത്. ഇപ്പോഴെന്താണ് ഈ തീരുമാനത്തിനു പിന്നില്‍. ചരിത്രത്തിലെ ഏറ്റവും വലിയ കെടുതികളിലൊന്നില് നിന്ന് കരകയറണം. അതിനൊരു ഉപാധിയായി, രണ്ടു വര്‍ഷത്തേയ്ക്ക് ഒരു സെസ്. അതുപോലും ചെയ്യാന്‍ പാടില്ല എന്നു വിമര്‍ശിക്കുന്നവരുടെ ഉള്ളിലിരിപ്പ് ഈ കെടുതികളില്‍ നിന്ന് നാം കരകയറരുത് എന്നാണെന്നും ഐസക് വിശദീകരിച്ചു.

 

യുഎഇയില്‍ മലയാളികളുടെ ആത്മഹത്യ വര്‍ധിക്കുന്നു

അളക ഖാനം-
ഷാര്‍ജ: യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത്. ആത്മഹത്യചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം എടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാല്‍ ആത്മഹത്യ ചെയ്തത് 51 പേരും. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യു.എ.ഇ.യിലെ സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളില്‍ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ വഴി തിരഞ്ഞെടുക്കുന്നതായാണ് കണ്ടെത്തില്‍. ക്രഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത പണവും ബാങ്ക് ലോണ്‍ അടക്കമുള്ള സാമ്പത്തികബാധ്യതയും വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി യു.എ.ഇ. സര്‍ക്കാരും സന്നദ്ധ സംഘടനകളും നിരന്തര ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്.
വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും മരിക്കാനിടയാകുന്ന സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളിള്‍ക്കിടയിലെ ആത്മഹത്യ പെരുകുന്നതിനെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നോര്‍ക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. കുടുബ പ്രശ്‌നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

രംഗീല ചിത്രീകരണം ആരംഭിച്ചു

ഗായത്രി-
മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു. സണ്ണി ലിയോണാണ് നായിക. ഹംപിയും കൊച്ചിയുമാണ് മറ്റ് ലൊക്കേഷനുകള്‍. സന്തോഷ് നായരാണ് രംഗീലയുടെ സംവിധായകന്‍. ബാക്ക് വാട്ടര്‍ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൃഷ്,സജിത്ത്,ജൂബി നൈനാന്‍,തുഷാര എന്നീ യുവതാരങ്ങള്‍ക്കൊപ്പം വിജയ രാഘവന്‍,അജു വര്‍ഗീസ്,സലിംകുമാര്‍, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. സനില്‍ എബ്രഹാമിന്റേതാണ് തിരക്കഥ.

ദുബായ് എക്‌സ്‌പോ 2020 ; ഒമാനി പവിലിയന്റെ നിര്‍മാണത്തിനുള്ള കരാര്‍ ഒപ്പ് വെച്ചു

അളക ഖാനം-
മസ്‌കത്ത്: ദുബായ് എക്‌സ്‌പോ 2020 ന് വേണ്ടിയുള്ള ഒമാനി പവിലിയന്റെ നിര്‍മാണത്തിനുള്ള കരാറില്‍ വാണിജ്യവ്യാപാര മന്ത്രാലയം ഉപദേശകന്‍ മൊഹ്‌സിന്‍ ബിന്‍ ഖാമിസ് അല്‍ ബലൂഷിയും ഇന്നവേഷന്‍ ഫാക്ടറി ഫോര്‍ സയന്റിഫിക് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സിഇഒ ഫിേറാസ് ബിന്‍ ഖാമിസ് അല്‍ ബലൂഷിയും ഒപ്പുവെച്ചു. 2020 ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ 10 വരെ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഒപ്പുവച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. കുന്തിരിക്കമരത്തിന്റെ മാതൃകയിലായിരിക്കും ഒമാന്‍ പവിലിയന്‍. ദുബായ് സൗത്തില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനന് സമീപം 438 ഹെക്ടറിലാണ് എക്‌സ്‌പോ വേദി ഒരുങ്ങുന്നത്ക. വിശാലമായ ഹരിതമേഖലകളും ഉല്ലാസകേന്ദ്രങ്ങളും പവിലിയന്റെ പ്രത്യേകതയായിരിക്കുമെന്നും യുവസംരംഭകര്‍ക്ക് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും പൈതൃകസാംസ്‌കാരിക മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക തനിമകള്‍, കരകൗശലവിദ്യകള്‍, സാങ്കേതിക മുന്നേറ്റം, ഭക്ഷ്യവൈവിധ്യങ്ങള്‍ തുടങ്ങിയവ ലോകത്തിന് മനസ്സിലാക്കാന്‍ അവസരമൊരുക്കും.

അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതിയില്ല. നിലവില്‍ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
പ്രതിവര്‍ഷം 2.4 ലക്ഷംവരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഉള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് ലഭിക്കുന്ന പലിശയിന്മേലുള്ള നികുതി പരിധി 40,000മാക്കി ഉയര്‍ത്തി. നേരത്തെ 10,000 രൂപയില്‍കൂടുതല്‍ പലിശ ലഭിച്ചാല്‍ ടിഡിഎസ് പിടിക്കുമായിരുന്നു.
ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.