പ്രളയ സെസ് വഴി സാധനങ്ങള്‍ക്ക് വിലകൂടില്ല: മന്ത്രി തോമസ് ഐസക്

പ്രളയ സെസ് വഴി സാധനങ്ങള്‍ക്ക് വിലകൂടില്ല: മന്ത്രി തോമസ് ഐസക്

ഫിദ-
തിരു: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റാണെന്നും മന്ത്രി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
നാം നിത്യം ഉപയോഗിക്കുന്ന അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍, പലവ്യഞ്ജനം, ഭക്ഷ്യ എണ്ണ എന്നിവയുടെയൊന്നും വില കയറില്ല. കാരണം അവയില്‍ മഹാഭൂരിപക്ഷത്തിനും നികുതിയില്ല. അപൂര്‍വം ചിലവ അഞ്ചു ശതമാനം സ്ലാബിലാണ്. സെസ് ബാധകമാകുന്നത് 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്കാണ്. ഈ സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഉണ്ട്. പക്ഷേ, ഉപഭോക്താവിന് ഇത് കാര്യമായ ബാധ്യതയുണ്ടാക്കില്ല.
വാറ്റ്, എക്‌സൈസ് തുടങ്ങിയ ഇനങ്ങളില്‍ പിരിച്ചിരുന്ന നികുതി ഏകീകരിച്ചാണ് ജിഎസ്ടി. അപ്പോള്‍ത്തന്നെ നികുതിയില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴാകട്ടെ, ജിഎസ്ടിയില്‍ 28 ശതമാനം സ്ലാബ് തന്നെ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. അവയുടെ നികുതി പതിനെട്ടും പന്ത്രണ്ടും ശതമാനമായി താഴുകയാണ്. കളര്‍ ടിവിയും പവര്‍ ബാങ്കും ഡിജിറ്റല്‍ കാമറയുമൊക്കെ ഈ പട്ടികയിലുണ്ട്. ഈ ഉല്‍പന്നങ്ങളുടെ ജിഎസ്ടിയില്‍ പത്തു ശതമാനത്തിന്റെ കുറവ്. അവിടെയാണ് ഒരു ശതമാനത്തിന്റെ പ്രളയസെസ് കടന്നു വരുന്നത്.
അതായത് 100 രൂപയുടെ ഉത്പന്നം 28 ശതമാനം ജിഎസ്ടി അടക്കം 128 രൂപയായിരുന്നു. അതിപ്പോള് 18 ശതമാനം സ്ലാബിലേക്കു മാറി. പത്തു രൂപയുടെ കുറവ് വിലയില്‍ വരും. നമ്മുടെ ഒരു ശതമാനം പ്രളയസെസ് ചുമത്തുമ്പോള്‍ ഒമ്പതു രൂപയേ കുറയൂ. ഇതെങ്ങനെയാണ് വിലക്കയറ്റമാവുക. ഒരു ഉല്പന്നം നേരത്തെ വാങ്ങിയ വിലയില്‍ നിന്ന് പത്തു രൂപ കുറവു ലഭിക്കേണ്ട സ്ഥാനത്ത് ഒമ്പത് രൂപയുടെ കുറവേ വരൂ എന്നര്‍ത്ഥം. ആ പണം പ്രളയം തകര്‍ത്ത നാടിനെ പുനഃനിര്‍മ്മിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
വലിയ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവൊക്കെ ഭരിച്ചപ്പോള്‍ എന്തായിരുന്നു സ്ഥിതി. 12.5 ശതമാനമായിരുന്ന വാറ്റ് നികുതി 14.5 ശതമാനമായി വര്‍ദ്ധിപ്പിച്ച ശേഷമാണ് അവര്‍ ഭരണമൊഴിഞ്ഞത്. ഇപ്പോഴെന്താണ് ഈ തീരുമാനത്തിനു പിന്നില്‍. ചരിത്രത്തിലെ ഏറ്റവും വലിയ കെടുതികളിലൊന്നില് നിന്ന് കരകയറണം. അതിനൊരു ഉപാധിയായി, രണ്ടു വര്‍ഷത്തേയ്ക്ക് ഒരു സെസ്. അതുപോലും ചെയ്യാന്‍ പാടില്ല എന്നു വിമര്‍ശിക്കുന്നവരുടെ ഉള്ളിലിരിപ്പ് ഈ കെടുതികളില്‍ നിന്ന് നാം കരകയറരുത് എന്നാണെന്നും ഐസക് വിശദീകരിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close