യുഎഇയില്‍ മലയാളികളുടെ ആത്മഹത്യ വര്‍ധിക്കുന്നു

യുഎഇയില്‍ മലയാളികളുടെ ആത്മഹത്യ വര്‍ധിക്കുന്നു

അളക ഖാനം-
ഷാര്‍ജ: യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത്. ആത്മഹത്യചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം എടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാല്‍ ആത്മഹത്യ ചെയ്തത് 51 പേരും. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യു.എ.ഇ.യിലെ സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളില്‍ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ വഴി തിരഞ്ഞെടുക്കുന്നതായാണ് കണ്ടെത്തില്‍. ക്രഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത പണവും ബാങ്ക് ലോണ്‍ അടക്കമുള്ള സാമ്പത്തികബാധ്യതയും വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി യു.എ.ഇ. സര്‍ക്കാരും സന്നദ്ധ സംഘടനകളും നിരന്തര ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്.
വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും മരിക്കാനിടയാകുന്ന സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളിള്‍ക്കിടയിലെ ആത്മഹത്യ പെരുകുന്നതിനെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നോര്‍ക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. കുടുബ പ്രശ്‌നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.