പൊള്ളുന്നു പൊന്നേ…!

പൊള്ളുന്നു പൊന്നേ…!

ഫിദ-
കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറന്നു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 24,800 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 3110 രൂപയാണ് വില. 2019ന്റെ ആരംഭത്തില്‍ തന്നെ സ്വര്‍ണം കുതിച്ചുചാട്ടത്തിന്റെ സൂചനകള്‍ നല്‍കി തുടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി 26നാണ് പവന് 24,400രൂപയെന്ന സര്‍വകാല റെക്കോഡ് ഭേദിച്ച് സ്വര്‍ണം കരുത്തുകാട്ടിയത്. എന്നാല്‍ ഫെബ്രുവരിയിലും കൂടുതല്‍ കരുത്ത് കാട്ടി മുന്നേറ്റം തുടരുവാനുള്ള സൂചനയാണ് സ്വര്‍ണം നല്‍കിയത്.
അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധിക്കുന്നതിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നിയന്ത്രണങ്ങുടെ ചുവട് പിടിച്ചാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വിവാഹ, ഉത്സവ സീസണുകളാണ് സ്വര്‍ണവില വര്‍ധിക്കുവാന്‍ കാരണം. രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുള്‍പ്പെടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഉത്സാഹം കാണിക്കുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.
എന്നാല്‍ വര്‍ധിച്ച ഡിമാന്റ് സ്വര്‍ണത്തിന് നിലനില്‍ക്കുമ്പോഴും വിപണിയിലേക്കുളള സ്വര്‍ണത്തിന്റെ സപ്ലൈ വര്‍ധിച്ചിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ വിടവ് വര്‍ധിക്കുന്നത് ഭാവിയിലും സ്വര്‍ണവില കൂടാന്‍ കാരണമാവും. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതോടെ പഴയ സ്വര്‍ണം വില്‍ക്കുന്നതിനായി എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്‌തെത്തുന്ന പഴയ സ്വര്‍ണമാണ് ആഭ്യന്തര വിപണിയുടെ ഡിമാന്റിനെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചന നിലനില്‍ക്കുന്നതിനാല്‍ പഴയസ്വര്‍ണം തിടുക്കപ്പെട്ട് വില്‍ക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

Post Your Comments Here ( Click here for malayalam )
Press Esc to close