ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാറിനും കോടികള്‍

ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാറിനും കോടികള്‍

ഫിദ-
കൊച്ചി: ലോട്ടറി വില്‍പ്പനയിലൂടെ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്. 201819 സാമ്പത്തിക വര്‍ഷം ഇതുവരെ 9262.04 കോടിയാണ് ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെ മറികടന്നു. ഇനി ഒരു മാസം കൂടിയുണ്ട് സാമ്പത്തിക വര്‍ഷാവസാനത്തിന്. സമ്മര്‍ ബംപറും വിഷു ബംപറുമായി 800 കോടിയാണ് മാര്‍ച്ചില്‍ ലോട്ടറി വില്‍പന പ്രതീക്ഷിക്കുന്നത്. ഇതോടെ നൂറ് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി 10,000 കോടി കടക്കും.
പ്രളയത്തില്‍ കുടുങ്ങി ഓണം ബംപറിന്റെ കച്ചവടത്തില്‍ തിരിച്ചടിയുണ്ടായി. 75 ലക്ഷം വില്‍പന ലക്ഷ്യമിട്ടെങ്കിലും 43 ലക്ഷം ലോട്ടറികളെ വിറ്റുള്ളു. 2017ല്‍ ഓണം ബംപര്‍ 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 30 ലക്ഷം അച്ചടിച്ച നവകേരള ലോട്ടറി 16.1 ലക്ഷം മാത്രമേ വിറ്റുള്ളു. അച്ചടിക്കുന്ന ലോട്ടറിയെണ്ണത്തിനെല്ലാം ജിഎസ്ടി അടയ്ക്കണമെന്നതിനാല്‍ വിറ്റഴിച്ചില്ലെങ്കില്‍ നഷ്ടമാകും. ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തെ കേരളം ശക്തമായി എതിര്‍ക്കുന്നു . ജിഎസ്ടി വര്‍ധിപ്പിച്ചാല്‍ ലോട്ടറി ടിക്കറ്റിന് വില കൂട്ടേണ്ടിവരും. സര്‍ക്കാരിന് ലോട്ടറി അച്ചടിയില്‍ ചെലവ് 2018ല്‍ 138 കോടിയാണ്. 2017ല്‍ ഇത് 110 കോടിയായിരുന്നു. 14 പേരുകളിലാണ് സര്‍ക്കാര്‍ 2018ല്‍ ലോട്ടറി പുറത്തിറക്കിയത്.
60% ലോട്ടറിയും എടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. പകുതിയിലധികം സമ്മാനങ്ങളും അടിക്കുന്നതും അവര്‍ക്ക് തന്നെ. സമ്മാനത്തുക കിട്ടാന്‍ അവരുടെ തിരിച്ചറിയില്‍ രേഖകളെല്ലാം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നതാണ് പുതിയ നിര്‍ദേശം.
നോട്ടറിയുടെ പിറകേ പോകുന്നതും പൊല്ലാപ്പുമൊക്കെ പറഞ്ഞ് ഇടനിലക്കാര്‍ പകുതി തുക കൊടുത്ത് സമ്മാന ലോട്ടറി കയ്യിലാക്കുന്ന സംഭവങ്ങള്‍ പതിവാണെന്നു ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല, ലോട്ടറി തുക കിട്ടണമെങ്കില്‍ സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥ ഉപസമിതി അംഗീകാരം കൊടുക്കണമെന്നാണ് വ്യവസ്ഥ.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES