നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയത്തിന്റെ നീക്കം

നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയത്തിന്റെ നീക്കം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി:
നിലവിലുള്ള ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയം പ്രത്യക്ഷ നികുതി കോഡ് സമിതിയോട് ആവശ്യപ്പെട്ടു.പ്രത്യകിച്ചും 20 ശതമാനം നികുതി സ്ലാബിനായിരിക്കും മാറ്റംവരിക. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതി മൂന്നുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.താഴ്ന്ന സ്ലാബിലുള്ള നികുതി നിരക്കുകളില്‍ അവ്യക്തതകളേറെയുണ്ടെന്നാണ് പരാതി. നിലവിലെ നിരക്ക് പ്രകാരം 2.5 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ രണ്ടര കിഴിച്ച് ബാക്കിയുളളവരുമാനത്തിന് അഞ്ച് ശതമാനമാണ് നികുതി നല്‍കേണ്ടത്. അഞ്ച് ലക്ഷത്തിന് മുകളില്‍ 10 ലക്ഷംവരെ 20 ശതമാനവുമാണ് നികുതി. അതിനുമുകളിലാകട്ടെ 30 ശതമാനവുമാണ്.എന്നാല്‍ 2019 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരുന്ന നിയമപ്രകാരം അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കേണ്ടതില്ല. നികുതിയിളവിനുള്ള വിവിധ നിക്ഷേപ പദ്ധതികളും മറ്റും പ്രയോജനപ്പെടുത്തിയാല്‍ 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍നിന്ന് രക്ഷപ്പെടാം. വികസിത രാഷ്ട്രങ്ങളിലെ നികുതി നിരക്കുകള്‍കൂടി പരിശോധിച്ചതിനുശേഷമാകും പ്രത്യക്ഷ നികുതി ബോര്‍ഡ് പുതിയ സ്ലാബുകള്‍ നിര്‍ദേശിക്കുക.നികുതി സമ്പ്രദായം ലളിതമാക്കുന്നതിനായി ആദായനികുതി നിയമം പരിഷ്‌കരിക്കാന്‍ 2009ല്‍ യുപിഎ സര്‍ക്കാര്‍ പ്രത്യക്ഷ നികുതി കോഡ് കൊണ്ടുവന്നിരുന്നു. 2010ല്‍ പ്രത്യക്ഷ നികുതി കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍, പതിനഞ്ചാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി.

Post Your Comments Here ( Click here for malayalam )
Press Esc to close