Month: February 2019

പത്മവ്യൂഹത്തിലെ അഭിമന്യു മാര്‍ച്ച് 8 ന് എത്തും

എംഎം കമ്മത്ത്
മത തീവ്രവാദികള്‍ അതിദാരുണമായി കൊല്ലപ്പെടുത്തിയ എസ എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ മാര്‍ച്ച് 8 ന് തിയേറ്ററുകളില്‍ എത്തും. ആര്‍ എം സി സി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം വിനീഷ് ആരാധ്യയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിലെ കോവിലൂര്‍ ഗ്രാമത്തിലും കോഴിക്കോട്, എറണാകുളത്തുമാണ് അഭിമന്യുവിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജ് കൂടാതെ കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും പോളിടെക്‌നിക് കോളേജിലും അഭിമന്യുവിന്റെ പ്രമുഖ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
അഭിമന്യുവായി വയനാട് സ്വദേശിയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയുമായ ആകാശ് വേഷമിടുന്നു. അച്ഛനായി എത്തുന്നത് ഇന്ദ്രന്‍സും അമ്മയായി ശൈജ്ജലയും സഹോദരിയായി സംഘമിത്രയും സഹോദരനായി വിമലും അഭിമന്യുവിന്റെ കുട്ടിക്കാലം വിഷ്ണുദത്തും വേഷമിടുന്നു. മിസ്സിസ് കേരളം റണ്ണര്‍അപ്പ് ആയ ശ്രുതി മേനോന്‍, അനൂപ്ചന്ദ്രന്‍, സോനാ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്നുണ്ട്. പഴയകാല തെന്നിന്നിന്ത്യന്‍ നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി 25 വര്ഷങ്ങള്‍ക്കു ശേഷം ഈചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ധനുഷ് നായകനായ തൊടാറി എന്ന സിനിമയില്‍ നായികയായ കീര്‍ത്തീ സുരേഷിന്റെ പരുക്കനായ മുറച്ചെറുക്കനായി അഭിനയിച്ച സ്വരൂപ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിന്നുണ്ട്. അഭിമന്യുവിന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ സൈമണ്‍ ബ്രിട്ടോയും ഭാര്യ സീന, മകള്‍ നിലാവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അഭിമന്യു ജനിച്ച വീടും നാടും പൂര്‍ണമായും ഒപ്പിയെടുത്തചിത്രത്തില്‍ നാട്ടുകാരും കഥാപാത്രങ്ങളായി എന്നത് ഈ ചത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
ക്യാമറഷാജി ജേക്കബ്, എഡിറ്റിങ്ങ്‌സലീഷ്‌ലാല്‍. രമേശ് കാവില്‍, അജയ്‌ഗോപാല്‍, പി സി അബുബക്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അജയ്‌ഗോപാല്‍. ബൈജു അത്തോളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഹജന്‍ മൂൗവ്വേരിയാണ് കല സംവിധാനം ചെയ്തിരിക്കുന്നത്. മേക്കപ്പ്‌റോയിപെല്ലിശ്ശേരി, സംഘട്ടനങ്ങള്‍ സലിംബാബ, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍. പ്രൊജക്റ്റ് ഡിസൈനര്‍ സുനില്‍ ദത്ത്, ശ്രീജിത്ത് പോയില്‍കാവ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് അജിത് കുമാര്‍, അസിസ്റ്റന്‍ഡ് ഡിറക്ടര്‍സ് പ്രദീപ് അടിയങ്ങാട്, ആന്‍സ് കടലുണ്ടി, നൃത്തം പ്രകാശ്‌ലാല്‍, സ്റ്റില്‍സ് ഐ എം സുരേഷ്, ഡിസൈന്‍ അധിന്‍ ഒല്ലൂര്‍, അനീഷ് വയനാട്, ചിത്രത്തിന്റെ പി ആര്‍ ഒ അയ്മനം സാജന്‍.

കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം വൈകും

ഫിദ-
കരിപ്പൂര്‍: പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ വൈകും. മാര്‍ച്ച് അവസാനത്തോടെ മാത്രമെ ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കൂ. ടെര്‍മിനലിനുള്ളിലെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. പ്രധാനമായും കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗത്തിനാവശ്യമായ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. നിലവിലുള്ള ടെര്‍മിനലില്‍നിന്ന് ഘട്ടംഘട്ടമായേ ഇവ മാറ്റിസ്ഥാപിക്കാനാവൂ. എക്‌സ്‌റേ യന്ത്രങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍ വാതില്‍ എന്നിവയാണ് പ്രധാനമായും പുനഃസ്ഥാപിക്കേണ്ടത്. വിമാനക്കമ്പനികളുടെ ഓഫിസും ഒരുക്കേണ്ടതുണ്ട്. ഇതിന് ഒരു മാസത്തോളം സമയമെടുക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഉടന്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം നടത്തിയത്.
120 കോടി രൂപ ചെലവില്‍ 17,000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. ആറ് വിസ ഓണ്‍ അറൈവല്‍ അടക്കം 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 20 കസ്റ്റംസ് കൗണ്ടറുകള്‍, 60 മീറ്റര്‍ നീളത്തിലുള്ള അഞ്ച് കണ്‍വെയര്‍ ബെല്‍റ്റ് തുടങ്ങിയവയാണ് ടെര്‍മിനലിലുള്ളത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം 4.80 കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ട് എയ്‌റോബ്രിഡ്ജുകളും പുതിയ ടെര്‍മിനലിലുണ്ട്.
പ്രകൃതിവെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നിര്‍മാണം. അനുബന്ധമായി 1.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും പണി തീര്‍ത്തിട്ടുണ്ട്. ഒരേസമയം 1,527 യാത്രക്കാര്‍ക്കുള്ള സൗകര്യമുണ്ട്. 2009ല്‍ നിര്‍മിക്കാനുദ്ദേശിച്ച ടെര്‍മിനലാണ് 10 വര്‍ഷത്തിനുശേഷം പൂര്‍ത്തിയാകുന്നത്. നേരത്തെ, നാലുതവണ ടെന്‍ഡര്‍ വിവിധ കമ്പനികള്‍ ഏറ്റെടുത്ത് ഉപേക്ഷിച്ച ശേഷം അഞ്ചാമതായാണ് ബംഗളൂരൂ ആസ്ഥാനമായ കമ്പനി നിര്‍മാണം ഏറ്റെടുത്തത്.

 

വലിയ വീടുള്ളവര്‍ക്കും ഇനി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കും

ഗായത്രി-
കൊച്ചി: വലിയ വീടുള്ളവര്‍ക്കും ഇനി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കും. വീടിന്റെ തറവിസ്തീര്‍ണം പെന്‍ഷനുള്ള അര്‍ഹതാ മാനദണ്ഡത്തില്‍ നിന്നൊഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. 2000 രൂപ വരെ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹ്യസുരക്ഷ, ക്ഷേമിധി ബോര്‍ഡ് പെന്‍ഷനുകള്‍ ലഭിക്കും.
അനര്‍ഹര്‍ കൈപ്പറ്റുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്ന് ധനവകുപ്പ് കഴിഞ്ഞ ജൂലായില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. 1200 ചതുരശ്ര അടിയലധികം വിസ്തീര്‍ണമുള്ള വീടുള്ളവരെയും 1000 സി.സിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനമുള്ളവരെയും ഒഴിവാക്കി. ഇ.പി.എഫ് പെന്‍ഷനോ ക്ഷേമനിധി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് (പുതിയ അപേക്ഷകര്‍ക്ക്) ഏതെങ്കിലുമൊരു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മാത്രം 600 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു.
തദ്ദേശ സ്ഥാപനങ്ങള്‍ രേഖകള്‍ പരിശോധിച്ച് ഈ വിഭാഗങ്ങളില്‍ പ്പെട്ടവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ പരാതി വ്യാപകമായി. തുടര്‍ന്നാണ് ധനവകുപ്പ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയത്.
1200 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ വീണ്ടും അപേക്ഷിച്ചാല്‍ പെന്‍ഷന്‍ ലഭിക്കും. ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കും പുതുതായി അപേക്ഷിക്കാം. എന്നാല്‍, 2000 രൂപയ്ക്ക് മുകളില്‍ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് എതെങ്കിലും ഒരു സാമൂഹ്യ പെന്‍ഷനോ, ക്ഷേമനിധി പെന്‍ഷനോ 600 രൂപ വീതം ലഭിക്കും.

 

ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തും. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ 2028 ആകുമ്പോഴേക്കും കൂടുതല്‍ വളര്‍ച്ച നേടാവുന്ന 10 രാജ്യങ്ങളുടെ പട്ടികയാണു ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പുറത്തുവിട്ടത്. ഇതില്‍ 20192028 കാലഘട്ടത്തില്‍ ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച നിരക്കു പ്രകടിപ്പിക്കുമെന്നാണു ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ പ്രവചനം. ലോകത്തെ വളരുന്ന സമ്പദ്ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഫിലിപ്പൈന്‍സിനും ഇന്തോനേഷ്യക്കും പിന്നാലെ ശരാശരി 5.1 വളര്‍ച്ച നിരക്കുമായി നാലാം സ്ഥാനത്താണ് ചൈന.
വളര്‍ച്ച നിരക്ക ഇങ്ങനെ: ഇന്ത്യ 6.5, ഫിലിപ്പൈന്‍സിന് 5.3 ഇന്തോനേഷ്യ 5.1, ചൈന 5.1, മലേഷ്യ 3.8, തുര്‍ക്കി 3.0, തായ്‌ലന്‍ഡ് 2.9, ചിലി 2.6, പോളണ്ട് 2.5, ദക്ഷിണാഫ്രിക്ക 2.3 ശതമാനം എന്നിങ്ങനെയാണു പട്ടികയിലെ മറ്റു രാജ്യങ്ങളുടെ വളര്‍ച്ച നിരക്ക്. വ്യവസായിക നിക്ഷേപ വളര്‍ച്ച, ആഭ്യന്തര വളര്‍ച്ച നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ന്യൂട്ടെല്ല ഫാക്ടറി അടച്ചുപൂട്ടി

അളക ഖാനം-
വാഷിംഗടണ്‍: ഗുണനിലവാര പ്രശ്‌നങ്ങള്‍ മൂലം ലോകത്തിലെ ഏറ്റവും വലിയ ന്യൂട്ടെല്ല ഫാക്ടറി അടച്ചുപൂട്ടി. ഫ്രാന്‍സിലെ വില്ലേഴ്‌സ്എകല്ലസിലുള്ള ഫാക്ടറിയാണ് ഈ ആഴ്ച ആദ്യം അടച്ചു പൂട്ടിയത്. ഉത്പാദന പ്രക്രിയ പകുതിയിലെത്തിയ ഉത്പന്നങ്ങളില്‍ ഗുണനിലവാര പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫാക്ടറി പൂട്ടിയിരിക്കുന്നത്.
കമ്പനി നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഈ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ പുലര്‍ത്തുന്നില്ല എന്ന് കണ്ടെതിനെ തുടര്‍ന്നാണ് ഫാക്ടറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും ന്യൂട്ടെല്ല നിര്‍മാതാവായ ഫെരേറോ പ്രസ്താവനയില്‍ അറിയിച്ചു.
ഇത് മുന്‍കരുതല്‍ നടപടിയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. എന്നാല്‍ നിലവില്‍ വില്‍പ്പനക്കുള്ള ന്യൂട്ടെല്ല പാക്കറ്റുകള്‍ക്ക് പ്രശ്‌നം ബാധകമല്ല. ഉപഭോക്താക്കള്‍ക്കുള്ള വിതരണവും നിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ന്യൂട്ടെല്ല നിര്‍മാണം ആരംഭിച്ചത്. ഇറ്റലിയിലെ പലഹാര നിര്‍മാതാക്കള്‍ക്ക് കൊക്കോ ലഭ്യമാകാതെ വന്നപ്പോഴാണ് ന്യൂട്ടെല്ല നിര്‍മാണം തുടങ്ങിയത്. ഹെയ്ല്‍സ് നട്‌സും പഞ്ചസാരയും അല്‍പ്പം കൊക്കോയും ചേര്‍ത്തുള്ള ഉത്പന്നമാണ് ന്യൂട്ടെല്ല.

മാണ്ഡ്യയില്‍ മനസര്‍പ്പിച്ച് സുമലത

രാംനാഥ് ചാവ്‌ല-
ബംഗളൂരു: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ അംബരീഷിന്റെ ആരാധകരില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും തനിക്ക് കടുത്ത സമ്മര്‍ദമുണ്ടെന്ന് നടി സുമലത. മാണ്ഡ്യയില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അന്തരിച്ച നടന്‍ അംബരീഷിന്റെ ആരാധകരുടെ വികാരം സിദ്ധരാമയ്യയെ അറിയിച്ചുവെന്നും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം എന്താണെന്നറിയില്ലെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യ സീറ്റ് സഖ്യകക്ഷിയായ ജെ.ഡി.എസിന് കോണ്‍ഗ്രസ് നല്‍കുകയാണെങ്കില്‍ ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമെന്നായിരുന്നു സുമലതയുടെ പ്രതികരണം.
അംബരീഷിന്റെ സഹപ്രവര്‍ത്തകരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി തനിക്ക് ഒരു തീരുമാനം എടുക്കാനാകില്ലെന്നും അവരുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും സുമലത പറഞ്ഞു.
കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനായില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സൂചനയാണ് അവര്‍ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം അറിഞ്ഞശേഷം ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാണ് സുമലതയുടെ തീരുമാനം. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ജെ.ഡി.എസ് നീക്കം നടത്തുന്നതിനിടെയാണ് സുമലത മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നത്.

 

ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കോച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ച കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കോച്ചാറിന് എതിരെ ലുക്കൗട്ട് നോട്ടീസ്. രാജ്യം വിട്ട് പോകുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിമാനത്താവളങ്ങള്‍ക്കും സിബിഐ ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 1,875 കോടി രൂപയുടെ വായ്പ വീഡിയോകോണ്‍ ഗ്രൂപ്പിന് അന്യായമായി നല്‍കി ഐസിഐസിഐ ബാങ്കിനെ കബളിപ്പിച്ചു എന്നതാണ് ചന്ദാ കോച്ചറിനെതിരായ കേസ്. ഭര്‍ത്താവ് ദീപക് കോച്ചര്‍, വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂത് എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് വീഡിയോകോണിന് വായ്പ നല്‍കിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു.

 

ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ബസുകള്‍

രാംനാഥ് ചാവ്‌ല-
കേരളം ഇലക്ട്രിക് കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചതിന് സമാനമായി പശ്ചിമ ബംഗാള്‍ നിരത്തുകളിലും ഇലക്ട്രിക് ബസുകളിറങ്ങി. ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് 80 ഇലക്ട്രിക് ബസുകളാണ് വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. 9 മീറ്റര്‍ അള്‍ട്രാ എസി ഇ ബസിന്റെ 40 യൂണിറ്റും 12 മീറ്റര്‍ ഇബസിന്റെ 40 യൂണിറ്റ് വീതവുമാണ് പശ്ചിമ ബംഗാളിലേക്കെത്തുന്നത്.
ഇതില്‍ 9 മീറ്റര്‍ ഇലക്ട്രിക് ബസിന്റെ 20 യൂണിറ്റുകള്‍ നിലവില്‍ ടാറ്റ മോട്ടോഴ്‌സ് പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് കൈമാറി കഴിഞ്ഞു. ബാക്കിയുള്ള 20 യൂണിറ്റുകള്‍ മാര്‍ച്ച് 31 നുള്ളില്‍ കൈമാറുമെന്നും ടാറ്റ അറിയിച്ചു. 12 മീറ്റര്‍ കാറ്റഗറിയിലുള്ള 40 ഇലക്ട്രിക് ബസുകള്‍ ഘട്ടംഘട്ടമായാണ് സംസ്ഥാനത്തെത്തുക. ഡീസല്‍ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലന ചെലവും 50 ശതമാനത്തോളം ഇന്ധന ചെലവും ഇലക്ട്രിക് ബസിന് കുറവായിരിക്കുമെന്നാണ് ടാറ്റ പറയുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ ധര്‍വാര്‍ഡ് പ്ലാന്റിലാണ് അള്‍ട്രാ ഇലക്ട്രിക് ബസുകളുടെ നിര്‍മാണം നടക്കുന്നത്. 31 പേര്‍ക്ക് ഇതില്‍ സുഖമായി യാത്ര ചെയ്യാം. മികച്ച യാത്രാനുഭവം നല്‍കാന്‍ മുന്നിലും പിന്നിലും എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനമുണ്ട്. ഇന്റഗ്രേറ്റഡ് ഇലക്ട്രിക് മോട്ടോറാണ് ഇബസിന് കരുത്തേകുന്നത്. ഒറ്റചാര്‍ജില്‍ 150 കിലോമീറ്ററോളം ദൂരം പിന്നിടാന്‍ സാധിക്കും. ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് എസി ഇലക്ട്രിക് ബസിലുള്ളത്, റൂഫിലാണ് ഇതിന്റ സ്ഥാനം. അതിനാല്‍ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബ്രേക്ക് ഡൗണാകാനുള്ള സാധ്യതയില്ല. പരമാവധി 330 ബിഎച്ച്പി പവറാണ് ഇലക്ട്രിക് മോട്ടോര്‍ നല്‍കുക. തുടര്‍ച്ചയായി 194 ബിഎച്ച്പി പവറും ലഭിക്കും.
കസ്ബ, ന്യൂടൗണ്‍, ബെല്‍ഗോറിയ എന്നിവിടങ്ങളില്‍ ഇലക്ട്രിക് ബസിനായി ചാര്‍ജിങ് സ്‌റ്റേഷനും ടാറ്റ ഒരുക്കിയിട്ടുണ്ട്. ഹൗറ, സാട്രാഗച്ചി എന്നിവിടങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ലഭ്യമാക്കും. 67 മണിക്കൂര്‍ വരെയാണ് ചാര്‍ജിംഗ് സമയം. ഫാസ്റ്റ് ചാര്‍ജറില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഈ മാസം തുടക്കത്തില്‍ ലക്‌നൗ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ടാറ്റ ഇലക്ട്രിക് ബസ് കൈമാറിയിരുന്നു. ഇതിനൊപ്പം ഇന്‍ഡോര്‍, ഗുവാഹത്തി, ജമ്മു, ജയ്പൂര്‍ എന്നീ സിറ്റികളിലെ പൊതു ഗതാഗത വിഭാഗങ്ങള്‍ക്കായി ആകെ 255 ഇലക്ട്രിക് ബസുകള്‍ ഉടന്‍ നിര്‍മിച്ച് നല്‍കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി.

12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48,239 കോടി രൂപ നല്‍കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന നിശ്ചിത മൂലധനശേഷി കൈവരിക്കുന്നതിനും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും 12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48,239 കോടി രൂപ നല്‍കും. ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷനു (പി.സി.എ.) കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോര്‍പ്പറേഷന്‍ ബാങ്കിന് 9086 കോടിയും അലഹബാദ് ബാങ്കിന് 6896 കോടിയും നല്‍കുമെന്ന് ധനകാര്യ സേവന വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. ബാങ്ക് ഓഫ് ഇന്ത്യക്ക് 4638 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 205 കോടി എന്നിങ്ങനെയാണ് വിഹിതം.
പി.സി.എ.യുടെ കീഴിലുള്ള മറ്റു നാലു ബാങ്കുകള്‍ക്ക് 12,535 കോടിയും നല്‍കും. പഞ്ചാബ് നാഷണല്‍ ബാങ്ക് (5908 കോടി), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (4112 കോടി), ആന്ധ്രാബാങ്ക് (3256 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (1603 കോടി) എന്നിവയ്ക്കും ധനസഹായം ലഭിക്കും. വായ്പ നല്‍കുന്നതിലും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നതിലും പുതിയ നിയമനങ്ങള്‍ക്കും പി.സി.എ. പട്ടികയിലുള്ള ബാങ്കുകള്‍ക്ക് നിയന്ത്രണമുണ്ട്.
പുനര്‍മൂലധനസ്വരൂപണ ബോണ്ടിലൂടെ 28,615 കോടി രൂപ ഏഴ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഡിസംബറില്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

ലോക പരസ്യ ഉച്ചകോടിക്ക് തുടക്കം; നാളെ സമാപിക്കും

ഫിദ-
കൊച്ചി: പരസ്യരംഗത്തെ ആഗോള പ്രതിഭകളെ സാക്ഷിയാക്കി ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കമായി. ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ വിളക്കുതെളിച്ച് ഉദ്ഘാടനംചെയ്തു. ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഐ.എ.എ.യുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഉച്ചകോടിക്ക് ഇന്ത്യന്‍ നഗരം വേദിയാകുന്നത്. ‘ബ്രാന്‍ഡ് ധര്‍മ, ടെക്‌നോളജി നന്മയ്ക്കുവേണ്ടി’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കുന്നതില്‍ ധര്‍മികതയുടെ പങ്കിനെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങില്‍ ബച്ചനും ശ്രീ ശ്രീ രവിശങ്കറും വിശദീകരിച്ചു.
ഡിജിറ്റല്‍ ലോകത്ത് സ്വകാര്യതയും വിവരങ്ങളുടെ സംരക്ഷണവും വെല്ലുവിളി നേരിടുകയാണെന്ന് ഐ.ഐ.എ. ചെയര്‍മാനും ആഗോള പ്രസിഡന്റുമായ ശ്രീനിവാസന്‍ കെ. സ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരുകളില്‍നിന്ന് കൂടുതല്‍ ഇടപെടല്‍ ആവശ്യമാണ്. ഐ.എ.എ. മൂന്നു പതിറ്റാണ്ടിലേറെയായി ഇത്തരം കാര്യങ്ങളില്‍ സ്വയംനിയന്ത്രണം നടപ്പാക്കുന്നുണ്ടെന്നും അതാണ് ഈ പ്രസ്ഥാനത്തിന്റെ ധര്‍മമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറുമാസംമുമ്പ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഇരകളായ കേരളസമൂഹം ചുരുങ്ങിയ കാലംകൊണ്ടുതന്നെ വെല്ലുവിളികളില്‍ നിന്ന് കരകയറിയിരിക്കുകയാണെന്ന് ഐ.എ.എ. ലോക ഉച്ചകോടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് ഗുഹ പറഞ്ഞു.
ഐ.എ.എ. ആഗോള വൈസ് പ്രസിഡന്റും മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാര്‍, കൗശിക് റോയ്, ഐ.എ.എ. ലോക ഉച്ചകോടിയുടെ പ്ലാനിങ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ചെയര്‍മാന്‍ രമേശ് നാരായണ്‍, ഐ.എ.എ. ഇന്ത്യാ ചാപ്റ്റര്‍ പ്രസിഡന്റ് പുനീത് ഗോയങ്ക തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. വിവിധ സെഷനുകളിലായി പത്ത് സെഷനുകളാണ് ആദ്യദിനം ഉണ്ടായിരുന്നത്. 2500ഓളം പ്രതിനിധികള്‍ സമ്മേളനത്തിനെത്തി. ഉച്ചകോടി നാളെ സമാപിക്കും.