ഗായത്രി-
കൊച്ചി: വലിയ വീടുള്ളവര്‍ക്കും ഇനി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കും. വീടിന്റെ തറവിസ്തീര്‍ണം പെന്‍ഷനുള്ള അര്‍ഹതാ മാനദണ്ഡത്തില്‍ നിന്നൊഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. 2000 രൂപ വരെ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹ്യസുരക്ഷ, ക്ഷേമിധി ബോര്‍ഡ് പെന്‍ഷനുകള്‍ ലഭിക്കും.
അനര്‍ഹര്‍ കൈപ്പറ്റുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്ന് ധനവകുപ്പ് കഴിഞ്ഞ ജൂലായില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. 1200 ചതുരശ്ര അടിയലധികം വിസ്തീര്‍ണമുള്ള വീടുള്ളവരെയും 1000 സി.സിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനമുള്ളവരെയും ഒഴിവാക്കി. ഇ.പി.എഫ് പെന്‍ഷനോ ക്ഷേമനിധി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് (പുതിയ അപേക്ഷകര്‍ക്ക്) ഏതെങ്കിലുമൊരു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മാത്രം 600 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു.
തദ്ദേശ സ്ഥാപനങ്ങള്‍ രേഖകള്‍ പരിശോധിച്ച് ഈ വിഭാഗങ്ങളില്‍ പ്പെട്ടവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ പരാതി വ്യാപകമായി. തുടര്‍ന്നാണ് ധനവകുപ്പ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയത്.
1200 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ വീണ്ടും അപേക്ഷിച്ചാല്‍ പെന്‍ഷന്‍ ലഭിക്കും. ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കും പുതുതായി അപേക്ഷിക്കാം. എന്നാല്‍, 2000 രൂപയ്ക്ക് മുകളില്‍ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് എതെങ്കിലും ഒരു സാമൂഹ്യ പെന്‍ഷനോ, ക്ഷേമനിധി പെന്‍ഷനോ 600 രൂപ വീതം ലഭിക്കും.