കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം വൈകും

കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം വൈകും

ഫിദ-
കരിപ്പൂര്‍: പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ വൈകും. മാര്‍ച്ച് അവസാനത്തോടെ മാത്രമെ ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കൂ. ടെര്‍മിനലിനുള്ളിലെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. പ്രധാനമായും കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗത്തിനാവശ്യമായ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. നിലവിലുള്ള ടെര്‍മിനലില്‍നിന്ന് ഘട്ടംഘട്ടമായേ ഇവ മാറ്റിസ്ഥാപിക്കാനാവൂ. എക്‌സ്‌റേ യന്ത്രങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍ വാതില്‍ എന്നിവയാണ് പ്രധാനമായും പുനഃസ്ഥാപിക്കേണ്ടത്. വിമാനക്കമ്പനികളുടെ ഓഫിസും ഒരുക്കേണ്ടതുണ്ട്. ഇതിന് ഒരു മാസത്തോളം സമയമെടുക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഉടന്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം നടത്തിയത്.
120 കോടി രൂപ ചെലവില്‍ 17,000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. ആറ് വിസ ഓണ്‍ അറൈവല്‍ അടക്കം 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 20 കസ്റ്റംസ് കൗണ്ടറുകള്‍, 60 മീറ്റര്‍ നീളത്തിലുള്ള അഞ്ച് കണ്‍വെയര്‍ ബെല്‍റ്റ് തുടങ്ങിയവയാണ് ടെര്‍മിനലിലുള്ളത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം 4.80 കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ട് എയ്‌റോബ്രിഡ്ജുകളും പുതിയ ടെര്‍മിനലിലുണ്ട്.
പ്രകൃതിവെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നിര്‍മാണം. അനുബന്ധമായി 1.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും പണി തീര്‍ത്തിട്ടുണ്ട്. ഒരേസമയം 1,527 യാത്രക്കാര്‍ക്കുള്ള സൗകര്യമുണ്ട്. 2009ല്‍ നിര്‍മിക്കാനുദ്ദേശിച്ച ടെര്‍മിനലാണ് 10 വര്‍ഷത്തിനുശേഷം പൂര്‍ത്തിയാകുന്നത്. നേരത്തെ, നാലുതവണ ടെന്‍ഡര്‍ വിവിധ കമ്പനികള്‍ ഏറ്റെടുത്ത് ഉപേക്ഷിച്ച ശേഷം അഞ്ചാമതായാണ് ബംഗളൂരൂ ആസ്ഥാനമായ കമ്പനി നിര്‍മാണം ഏറ്റെടുത്തത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.