അളക ഖാനം-
വാഷിംഗടണ്‍: ഗുണനിലവാര പ്രശ്‌നങ്ങള്‍ മൂലം ലോകത്തിലെ ഏറ്റവും വലിയ ന്യൂട്ടെല്ല ഫാക്ടറി അടച്ചുപൂട്ടി. ഫ്രാന്‍സിലെ വില്ലേഴ്‌സ്എകല്ലസിലുള്ള ഫാക്ടറിയാണ് ഈ ആഴ്ച ആദ്യം അടച്ചു പൂട്ടിയത്. ഉത്പാദന പ്രക്രിയ പകുതിയിലെത്തിയ ഉത്പന്നങ്ങളില്‍ ഗുണനിലവാര പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫാക്ടറി പൂട്ടിയിരിക്കുന്നത്.
കമ്പനി നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഈ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ പുലര്‍ത്തുന്നില്ല എന്ന് കണ്ടെതിനെ തുടര്‍ന്നാണ് ഫാക്ടറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും ന്യൂട്ടെല്ല നിര്‍മാതാവായ ഫെരേറോ പ്രസ്താവനയില്‍ അറിയിച്ചു.
ഇത് മുന്‍കരുതല്‍ നടപടിയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. എന്നാല്‍ നിലവില്‍ വില്‍പ്പനക്കുള്ള ന്യൂട്ടെല്ല പാക്കറ്റുകള്‍ക്ക് പ്രശ്‌നം ബാധകമല്ല. ഉപഭോക്താക്കള്‍ക്കുള്ള വിതരണവും നിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ന്യൂട്ടെല്ല നിര്‍മാണം ആരംഭിച്ചത്. ഇറ്റലിയിലെ പലഹാര നിര്‍മാതാക്കള്‍ക്ക് കൊക്കോ ലഭ്യമാകാതെ വന്നപ്പോഴാണ് ന്യൂട്ടെല്ല നിര്‍മാണം തുടങ്ങിയത്. ഹെയ്ല്‍സ് നട്‌സും പഞ്ചസാരയും അല്‍പ്പം കൊക്കോയും ചേര്‍ത്തുള്ള ഉത്പന്നമാണ് ന്യൂട്ടെല്ല.