ഫിദ-
കൊച്ചി: പരസ്യരംഗത്തെ ആഗോള പ്രതിഭകളെ സാക്ഷിയാക്കി ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കമായി. ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ വിളക്കുതെളിച്ച് ഉദ്ഘാടനംചെയ്തു. ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഐ.എ.എ.യുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഉച്ചകോടിക്ക് ഇന്ത്യന്‍ നഗരം വേദിയാകുന്നത്. ‘ബ്രാന്‍ഡ് ധര്‍മ, ടെക്‌നോളജി നന്മയ്ക്കുവേണ്ടി’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കുന്നതില്‍ ധര്‍മികതയുടെ പങ്കിനെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങില്‍ ബച്ചനും ശ്രീ ശ്രീ രവിശങ്കറും വിശദീകരിച്ചു.
ഡിജിറ്റല്‍ ലോകത്ത് സ്വകാര്യതയും വിവരങ്ങളുടെ സംരക്ഷണവും വെല്ലുവിളി നേരിടുകയാണെന്ന് ഐ.ഐ.എ. ചെയര്‍മാനും ആഗോള പ്രസിഡന്റുമായ ശ്രീനിവാസന്‍ കെ. സ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരുകളില്‍നിന്ന് കൂടുതല്‍ ഇടപെടല്‍ ആവശ്യമാണ്. ഐ.എ.എ. മൂന്നു പതിറ്റാണ്ടിലേറെയായി ഇത്തരം കാര്യങ്ങളില്‍ സ്വയംനിയന്ത്രണം നടപ്പാക്കുന്നുണ്ടെന്നും അതാണ് ഈ പ്രസ്ഥാനത്തിന്റെ ധര്‍മമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറുമാസംമുമ്പ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഇരകളായ കേരളസമൂഹം ചുരുങ്ങിയ കാലംകൊണ്ടുതന്നെ വെല്ലുവിളികളില്‍ നിന്ന് കരകയറിയിരിക്കുകയാണെന്ന് ഐ.എ.എ. ലോക ഉച്ചകോടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് ഗുഹ പറഞ്ഞു.
ഐ.എ.എ. ആഗോള വൈസ് പ്രസിഡന്റും മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാര്‍, കൗശിക് റോയ്, ഐ.എ.എ. ലോക ഉച്ചകോടിയുടെ പ്ലാനിങ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ചെയര്‍മാന്‍ രമേശ് നാരായണ്‍, ഐ.എ.എ. ഇന്ത്യാ ചാപ്റ്റര്‍ പ്രസിഡന്റ് പുനീത് ഗോയങ്ക തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. വിവിധ സെഷനുകളിലായി പത്ത് സെഷനുകളാണ് ആദ്യദിനം ഉണ്ടായിരുന്നത്. 2500ഓളം പ്രതിനിധികള്‍ സമ്മേളനത്തിനെത്തി. ഉച്ചകോടി നാളെ സമാപിക്കും.