ഫിദ
തിരു: പൊതുമേഖലയിലെ ഏക ഹോമിയോ മരുന്ന് നിര്‍മ്മാണ ശാലയായ ആലപ്പുഴ പാതിരപ്പള്ളിയിലെ ഹോംകോ വിദേശവിപണിയിലേക്ക്. ഇത് ലക്ഷ്യമിട്ടുള്ള പുതിയ പ്ലാന്റ് അടുത്തവര്‍ഷം പ്രവര്‍ത്തന ക്ഷമമാവും. 52.88 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പുതുതായി 125 പേര്‍ക്ക് തൊഴിലും ലഭിക്കും
സൗന്ദര്യവര്‍ധക ഔഷധങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരമുള്ള മരുന്ന് നിര്‍മ്മാണത്തിനായി അത്യാധുനിക യന്ത്രങ്ങളാണ് പ്ലാന്റില്‍ സ്ഥാപിക്കുക. സംസ്ഥാനത്തെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ക്ക് മരുന്ന് സപ്ലൈ ചെയ്യുന്നത് ഹോംകോയാണ്. 20 ഓളം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും മരുന്ന് നല്‍കുന്നുണ്ട്. ഒട്ടേറെ സ്വകാര്യ ആശുപത്രികളും ഹോംകോയുടെ മരുന്നുകള്‍ വാങ്ങുന്നുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിഗണിച്ചാണ് വിദേശത്തുനിന്നും അന്വേഷണങ്ങള്‍ എത്തിയത്. 30 കോടി രൂപയാണ് ഇപ്പോഴത്തെ പ്രതിവര്‍ഷ വിറ്റുവരവ്.